മിമിക്രിയിലൂടെ സിനിമ ജീവിതം ആരംഭിച്ച താരമാണ് ഷാജു ശ്രീധര്‍. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ശ്രദ്ധനേടി. അമല്‍ കെ ജോബി സംവിധാനം ചെയ്ത ഗുമസ്തനാണ് ഷാജു അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.
മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സംസാരിക്കുകയാണ് ഷാജു ശ്രീധര്‍. മോഹന്‍ലാലിന് അദ്ദേഹത്തെ അനുകരിച്ച് കാണുന്നത് അധികം ഇഷ്ടമല്ലെന്നും ഒരു പരിപാടിയില്‍ വെച്ച് മോഹന്‍ലാലിന്റെ മുന്നില്‍ വെച്ച് അദ്ദേഹത്തെ അനുകരിച്ചപ്പോള്‍ കൊള്ളാം എന്ന് മാത്രമാണ് പറഞ്ഞതെന്നും ഷാജു പറയുന്നു.
മമ്മൂട്ടിക്ക് മിമിക്രി കലാകാരന്മാരെ കുറച്ച് കൂടുതല്‍ ഇഷ്ടമാണെന്നും അദ്ദേഹം അവരെ കൂടുതല്‍ അടുത്ത് നിര്‍ത്തുകയും പെര്‍ഫോം ചെയ്യിപ്പിക്കുകയും ചെയ്യുമെന്നും ഷാജു കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലാലേട്ടനെ അനുകരിക്കുന്നത് അദ്ദേഹം അധികം പ്രോത്സാഹിപ്പിക്കാറില്ല. അദ്ദേഹത്തിനത് അത്രക്ക് ഇഷ്ടമുണ്ടെന്ന് തോന്നുന്നില്ല. പറയുമ്പോള്‍ അദ്ദേഹം ചമ്മി ചിരിച്ച് ചുമ്മാ ഇരിക്കുകയെ ഉള്ളു. ദുബായില്‍ ശിക്കാര്‍ എന്ന സിനിമയുടെ ഫങ്ഷനില്‍ വെച്ച് ലാലേട്ടന്‍ ഇരിക്കുമ്പോള്‍ ഞാനും സുരാജും കൂടി അദ്ദേഹത്തെ അനുകരിച്ച് കാണിച്ചിരുന്നു. പക്ഷെ അദ്ദേഹം നന്നായി മോനെ എന്ന് മാത്രമാണ് പറഞ്ഞത്. അതിനപ്പുറത്തേക്ക് ലാലേട്ടന്‍ ഒന്നും പറഞ്ഞില്ല.
മമ്മൂക്കക്ക് മിമിക്രിയുമായി ബന്ധമുള്ളവരെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ അദ്ദേഹം അത്തരം കലാകാരന്മാരെ കൂടുതല്‍ അടുത്ത് നിര്‍ത്തുകയും അവരെക്കൊണ്ട് പെര്‍ഫോം ചെയ്യിപ്പിക്കുകയുമെല്ലാം ചെയ്യും. ലാലേട്ടന്‍ പക്ഷെ അങ്ങനെ ചെയ്യില്ല. എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല,’ ഷാജു ശ്രീധര്‍ പറയുന്നു.