IPL
ലേലത്തിലെ പിഴവുകള്‍! ഫൈനലടക്കം ആറ് തവണ, ടൈറ്റന്‍സിനോട് ജയിക്കാനാകാതെ രാജസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
6 days ago
Wednesday, 9th April 2025, 11:31 pm

രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 58 റണ്‍സിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്.

യുവതാരം സായ് സുദര്‍ശന്റെ കരുത്തില്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ 218 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19.2 ഓവറില്‍ 159ന് പുറത്തായി.

ഐ.പി.എല്ലില്‍ ഇത് ആറാം തവണയാണ് രാജസ്ഥാന്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെടുന്നത്. ആകെ കളിച്ച ഏഴ് മത്സരത്തില്‍ ഒരിക്കല്‍ മാത്രമാണ് രാജസ്ഥാന്‍ വിജയിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് തുടക്കം പാളിയിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റ് ടൈറ്റന്‍സിന് നഷ്ടമായി. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഗില്‍ മടങ്ങിയത്. മൂന്ന് പന്തില്‍ രണ്ട് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

ഗില്ലിന് പിന്നാലെ ക്രീസിലെത്തിയ ജോസ് ബട്‌ലര്‍ സായ് സുദര്‍ശനെ ഒപ്പം കൂട്ടി തന്റെ പഴയ ടീമിനെതിരെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. രണ്ടാം വിക്കറ്റില്‍ 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്.

മികച്ച രീതിയില്‍ മുന്നേറവെ ജോസ് ബട്‌ലറിനെ മടക്കി മഹീഷ് തീക്ഷണ രാജസ്ഥാനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 25 പന്തില്‍ 36 റണ്‍സുമായി നില്‍ക്കവെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ബട്‌ലര്‍ പുറത്തായത്.

ബട്‌ലറിനെ മടക്കി രാജസ്ഥാന്‍ ബ്രേക് ത്രൂ നേടിയെങ്കിലും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മൊമെന്റം നഷ്ടപ്പെടുത്താന്‍ ടൈറ്റന്‍സ് ഒരുക്കമായിരുന്നില്ല. നാലാം നമ്പറിലെത്തിയ ഷാരൂഖ് ഖാനെ ഒപ്പം കൂട്ടി സായ് സുദര്‍ശന്‍ സ്‌കോര്‍ ബോര്‍ഡിന് വേഗം കുറയാതെ നോക്കി.

മൂന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് ഇരുവരും ടൈറ്റന്‍സ് സ്‌കോര്‍ 150 കടത്തിയത്. 16ാം ഓവറിലെ നാലാം പന്തില്‍ ഷാരൂഖ് ഖാനെ മഹീഷ് തീക്ഷണ പുറത്താക്കി. 20 പന്തില്‍ 36 റണ്‍സുമായി നില്‍ക്കവെ സ്റ്റംപിങ്ങിലൂടെ സഞ്ജുവാണ് താരത്തിന് പവലിയനിലേക്കുള്ള വഴിയൊരുക്കിയത്.

വെടിക്കെട്ട് വീരന്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന് ഇത്തവണ തിളങ്ങാനായില്ല. നേരിട്ട ആദ്യ പന്തില്‍ സിക്‌സര്‍ നേടിയ താരം മൂന്നാം പന്തില്‍ പുറത്തായി.

ടീം സ്‌കോര്‍ 187ല്‍ നില്‍ക്കവെ 53 പന്തില്‍ 82 റണ്‍സ് നേടിയ സായ് സുദര്‍ശനെ ടൈറ്റന്‍സിന് നഷ്ടമായി. തുഷാര്‍ ദേശ്പാണ്ഡേയുടെ പന്തില്‍ സഞ്ജു സാംസണിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. എട്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 154.72 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. അതേ ഓവറില്‍ റാഷിദ് ഖാനെയും ദേശ്പാണ്ഡേ പുറത്താക്കി.

12 പന്ത് നേരിട്ട് രണ്ട് ഫോറും രണ്ട് സിക്‌സറുമായി പുറത്താകാതെ 24 റണ്‍സ് നേടിയ രാഹുല്‍ തേവാട്ടിയ ടീം സ്‌കോര്‍ 200 കടത്തി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ടൈറ്റന്‍സ് 217 റണ്‍സ് നേടി.

രാജസ്ഥാനായി തുഷാര്‍ ദേശ്പാണ്ഡേയും മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആര്‍ച്ചറും സന്ദീപ് ശര്‍മയും ഓരോ വിക്കറ്റ് വീതവും നേടി.

ടൈറ്റന്‍സ് ഉയര്‍ത്തിയ 218 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് തുടക്കം പാളി. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് കയറും മുമ്പേ രണ്ട് വിക്കറ്റുകള്‍ പിഴുതെറിഞ്ഞാണ് ടൈറ്റന്‍സ് പിങ്ക് ആര്‍മിയെ ഞെട്ടിച്ചത്.

രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ യശസ്വി ജെയ്‌സ്വാളിനെ പുറത്താക്കി അര്‍ഷദ് ഖാനാണ് ആദ്യ രക്തം ചിന്തിയത്. ഏഴ് പന്തില്‍ ആറ് റണ്‍സുമായി നില്‍ക്കവെ റാഷിദ് ഖാന് ക്യാച്ച് നല്‍കിയായിരുന്നു ജെയ്‌സ്വാളിന്റെ മടക്കം.

കൃത്യം ആറ് പന്തുകള്‍ക്ക് ശേഷം മുഹമ്മദ് സിറാജിലൂടെ ടൈറ്റന്‍സ് രണ്ടാം വിക്കറ്റും സ്വന്തമാക്കി. മൂന്ന് പന്തില്‍ ഒരു റണ്‍സുമായി നിതീഷ് റാണയാണ് പുറത്തായത്.

മൂന്നാം വിക്കറ്റില്‍ റിയാന്‍ പരാഗിനെ ഒപ്പം കൂട്ടി സഞ്ജു സാംസണ്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഒരു വശത്ത് നിന്നും റിയാന്‍ ആഞ്ഞടിക്കുമ്പോള്‍ മറുവശത്ത് വിക്കറ്റ് കളയാതെയും സ്‌ട്രൈക്ക് റേറ്റ് കുറയാതെയുമാണ് സഞ്ജു ബാറ്റ് വീശിയത്.

ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ റിയാന്‍ പരാഗിന്റെ വിക്കറ്റും രാജസ്ഥാന് നഷ്ടമായി. കുല്‍വന്ത് ഖെജ്‌രോലിയയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. 14 പന്തില്‍ 26 റണ്‍സാണ് താരം നേടിയത്.

പിന്നാലെയെത്തിയ ധ്രുവ് ജുറെല്‍ പാടെ നിരാശപ്പെടുത്തി. നാല് പന്ത് നേരിട്ട് അഞ്ച് റണ്‍സാണ് താരം നേടിയത്. പിന്നാലെയെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറിനെ ഒപ്പം കൂട്ടി സഞ്ജു രാജസ്ഥാന്റെ പ്രതീക്ഷകള്‍ കാത്തു.

എന്നാല്‍ ടീം സ്‌കോര്‍ 116ല്‍ നില്‍ക്കവെ സഞ്ജുവിനെയും രാജസ്ഥാന് നഷ്ടമായി. 28 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറുമടക്കം 41 റണ്‍സാണ് സഞ്ജു നേടിയത്. സഞ്ജുവിന് പിന്നാലെ ക്രീസിലെത്തിയ ഇംപാക്ട് പ്ലെയര്‍ ശുഭം ദുബെ ഒരു ഇംപാക്ടും ഉണ്ടാക്കാതെ കടന്നുപോയി. ഒരു റണ്ണാണ് താരം സ്വന്തമാക്കിയത്.

എന്നാല്‍ മറുവശത്ത് ഉറച്ചുനിന്ന ഷിംറോണ്‍ ഹെറ്റ്‌മെയര്‍ രാജസ്ഥാന്റെ പ്രതീക്ഷകള്‍ അവസാനിക്കാതെ കാത്തു. അര്‍ധ സെഞ്ച്വറിയടിച്ചാണ് താരം ചെറുത്തുനിന്നത്.

എന്നാല്‍ 16ാം ഓവറിലെ അവസാന പന്തില്‍ രാജസ്ഥാന്റെ അവസാന പ്രതീക്ഷയായ ഹെറ്റ്‌മെയറും മടങ്ങി. 52 റണ്‍സുമായി ക്രീസില്‍ തുടരവെ മുന്‍ രാജസ്ഥാന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ രവിശ്രീനിവാസന്‍ സായ് കിഷോറിന് ക്യാച്ച് നല്‍കിയാണ് ഹെറ്റി പുറത്തായത്.

ഒടുവില്‍ 19.2 ഓവറില്‍ 159ന് രാജസ്ഥാന്‍ പുറത്തായി.

ടൈറ്റന്‍സിനായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തി. സായ് കിഷോറും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ മുഹമ്മദ് സിറാജ്, അര്‍ഷദ് ഖാന്‍, കുല്‍വന്ത് ഖെജ്‌രോലിയ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

 

Content Highlight: IPL 2025: Gujarat Titans defeated Rajasthan Royals