IPL
പൂജ്യമാണോ, എന്നാല്‍ അതിന് മൂന്ന് പന്ത് മതി; ഐ.പി.എല്ലിലെ പൂജ്യങ്ങളെല്ലാം ബ്രോണ്‍സ് ഡക്കുകള്‍ മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 16, 03:59 pm
Wednesday, 16th April 2025, 9:29 pm

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 189 റണ്‍സ് വിജയലക്ഷ്യം. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോം ടീം മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

ലൈനപ്പില്‍ ഏറെ പ്രതീക്ഷ വെച്ചുലര്‍ത്തിയ, ക്യാപ്പിറ്റല്‍സിന്റെ കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ടുമായി തിളങ്ങിയ കരുണ്‍ നായര്‍ ഇത്തവണ നിരാശപ്പെടുത്തി. പൂജ്യത്തിനാണ് താരം മടങ്ങിയത്.

സന്ദീപ് ശര്‍മയെറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തിലാണ് കരുണ്‍ നായരിന് പവലിയനിലേക്കുള്ള വഴിയൊരുങ്ങുന്നത്. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍ ഔട്ടായാണ് താരം മടങ്ങിയത്.

കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ പരാജയത്തിന് വഴിയൊരുക്കിയ ഹാട്രിക് റണ്‍ ഔട്ടിന് ശേഷം ക്യാപ്പിറ്റല്‍സ് ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടാണ് മറ്റൊരു റണ്‍ ഔട്ട് കൂടി പിറവിയെടുത്തത്.

തന്റെ ഐ.പി.എല്‍ കരിയറില്‍ ഇത് നാലാം തവണയാണ് കരുണ്‍ നായര്‍ പൂജ്യത്തിന് പുറത്താകുന്നത്. നാല് തവണയും ബ്രോണ്‍സ് ഡക്കായാണ് താരം മടങ്ങിയത് എന്നതും ശ്രദ്ധേയമാണ്.

ഐ.പി.എല്ലില്‍ കരുണ്‍ നായര്‍ പൂജ്യത്തിന് പുറത്തായ മത്സരങ്ങള്‍

0 (3) vs മുംബൈ ഇന്ത്യന്‍സ് – 2013

0 (3) – vs പഞ്ചാബ് കിങ്‌സ് – 2017

0 (3) vs മുംബൈ ഇന്ത്യന്‍സ് – 2020

0 (3) vs രാജസ്ഥാന്‍ റോയല്‍സ് – 2025*

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. എന്നാല്‍ മൂന്നാം ഓവറില്‍ ഓപ്പണര്‍ ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിനെയും നാലാം ഓവറില്‍ കരുണ്‍ നായരിനെയും ടീമിന് നഷ്ടമായി.

മൂന്നാം വിക്കറ്റില്‍ അഭിഷേക് പോരലും കെ.എല്‍. രാഹുലും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിന് വീണ്ടും ജീവന്‍ നല്‍കി. ഇരുവരും ചേര്‍ന്ന് 63 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 97ല്‍ നില്‍ക്കവെ രാഹുലിനെ മടക്കി ജോഫ്രാ ആര്‍ച്ചര്‍ കൂട്ടുകെട്ട് പൊളിച്ചു. ഷിംറോണ്‍ ഹെറ്റ്‌മെയറിന് ക്യാച്ച് നല്‍കി മടങ്ങും മുമ്പ് 32 പന്തില്‍ 38 റണ്‍സാണ് രാഹുല്‍ ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്.

അധികം വൈകാതെ അഭിഷേക് പോരലിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. അര്‍ധ സെഞ്ച്വറിക്ക് ഒറ്റ റണ്‍സകലെ നില്‍ക്കെ വാനിന്ദു ഹസരങ്കയാണ് വിക്കറ്റ് നേടിയത്.

14 പന്തില്‍ 34 റണ്‍സുമായി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന്റെ മികച്ച കാമിയോയും ടീമിന് തുണയായി.

18 പന്തില്‍ 34 റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സും 11 പന്തില്‍ 15 റണ്‍സുമായി അശുതോഷ് ശര്‍മയും ടോട്ടലില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ക്യാപ്പിറ്റല്‍സ് 188ലെത്തി.

രാജസ്ഥാന്‍ റോയല്‍സിനായി ജോഫ്രാ ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വാനിന്ദു ഹസരങ്കയും മഹീഷ് തീക്ഷണയും ഓരോ വിക്കറ്റ് വീതവും നേടി.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, അഭിഷേക് പോരല്‍, കരുണ്‍ നായര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.

 

Content Highlight: IPL 2025: DC vs RR: Karun Nair out for bronze duck for the 4th time