സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെ എല്ലാ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരുന്നു. 300 കോടി ബജറ്റില്‍ വന്‍ ആക്ഷന്‍ ത്രില്ലറാണ് ലോകേഷ് ഒരുക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ പല വമ്പന്‍ താരങ്ങളും കൂലിയില്‍ അണിനിരക്കുന്നുണ്ട്. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന് പുറമെ തെലുങ്ക് താരം നാഗാര്‍ജുന അക്കിനേനി, കന്നഡയിലെ റിയല്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ഉപേന്ദ്ര, ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാന്‍ എന്നിവര്‍ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ കൂലിയിലെ തന്റെ വേഷത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഉപേന്ദ്ര.
ലോകേഷ് തന്നോട് കഥ പറയാന്‍ വന്നപ്പോള്‍ തനിക്ക് കഥ കേള്‍ക്കേണ്ട ആവശ്യമില്ലന്ന് അറിയിച്ചുവെന്ന് ഉപേന്ദ്ര പറഞ്ഞു. രജിനികാന്തിന്റെ സിനിമയില്‍ സൈഡില്‍ എവിടെയെങ്കിലും നില്‍ക്കേണ്ട വേഷമാണെങ്കില്‍ പോലും താനത് ചെയ്യാന്‍ തയ്യാറാണെന്ന് ലോകേഷിനോട് പറഞ്ഞെന്നും ഉപേന്ദ്ര കൂട്ടിച്ചേര്‍ത്തു. ഈ ചിത്രത്തില്‍ വളരെ മികച്ചൊരു വേഷമാണ് തനിക്കുള്ളതെന്നും ഉപേന്ദ്ര പറഞ്ഞു.
രജിനികാന്ത്, നാഗാര്‍ജുന, ആമിര്‍ ഖാന്‍ എന്നിവരുടെ ഒപ്പം തനിക്ക് കോമ്പിനേഷന്‍ ഉണ്ടെന്നും എല്ലാ നടന്മാരെയും ഒരുമിച്ച് ഒരൊറ്റ ഫ്രെയിമില്‍ കാണാമെന്നും ഉപേന്ദ്ര കൂട്ടിച്ചേര്‍ത്തു. കൂലിയില്‍ താന്‍ എക്‌സൈറ്റഡാണെന്നും ഉപേന്ദ്ര പറഞ്ഞു. എല്ലാ നടന്മാരുടെയും ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളത് കൂലിയിലുണ്ടെന്നും ഉപേന്ദ്ര പറഞ്ഞു.
‘ലോകേഷ് എന്റെയടുത്ത് കൂലിയുടെ കഥ പറയാന്‍ വന്നപ്പോള്‍ എനിക്ക് കഥ കേള്‍ക്കണ്ട എന്നാണ് ആദ്യം പറഞ്ഞത്. കാരണം, രജിനി സാറിന്റെ സിനിമയില്‍ സൈഡില്‍ വെറുതേ നില്‍ക്കുന്ന റോളാണെങ്കിലും ഞാന്‍ ചെയ്യും. ഈ പടത്തില്‍ എനിക്ക് രജിനി സാറുമായി കോമ്പിനേഷനുണ്ട്, നാഗാര്‍ജുന, ആമിര്‍ ഖാന്‍ സാര്‍ എന്നിവരുമായും കോമ്പിനേഷന്‍ സീനുണ്ട്. എല്ലാവരെയും ഒരുമിച്ച് ഒരൊറ്റ ഫ്രെയിമില്‍ കാണാന്‍ സാധിക്കും,’ ഉപേന്ദ്ര പറയുന്നു.
രജിനി നായകനായ ജയിലറില്‍ ഇതിന് മുമ്പ് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ഒരൊറ്റ ഫ്രെയിമില്‍ വന്നിരുന്നു. രജിനികാന്ത്, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നിവരെ ഒന്നിച്ചു കാണിച്ച ഫ്രെയിമിന് ഇന്നും ആരാധകരേറെയാണ്. ജയിലറിന് മുകളില്‍ നില്‍ക്കുന്ന വിഷ്വല്‍ ട്രീറ്റ് ലോകേഷില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
Content Highlight: Upendra saying Rajnikanth and other stars will appear in single frame in Coolie movie