പട്‌ന: ബീഹാറില്‍ നാല് ജില്ലകളിലായുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും 13 പേര്‍ മരിച്ചു. ബെഗുസാരായ്, ദര്‍ഭംഗ, മധുബാനി, സമസ്തിപൂര്‍ എന്നീ നാല് ജില്ലകളിലാണ് ഇടിമിന്നലേറ്റുള്ള മരണം.
കനത്ത മഴയെയും ആലിപ്പഴ വര്‍ഷവും ശക്തമായ ഇടിമിന്നലുമുണ്ടായതിനെ തുടര്‍ന്ന് മേഖലയിലുടനീളം വലിയ തോതില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ബെഗുസാരായി ജില്ലയില്‍ അഞ്ച് പേരും, ദര്‍ഭംഗയില്‍ നാല് പേരും, മധുബാനിയില്‍ 3 പേരും സമസ്തിപൂരില്‍ ഒരാളും മരിച്ചതായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
മരണപ്പെട്ട വ്യക്തികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ മരണത്തില്‍ അനുശോചനമറിയിക്കുകയും ദുരന്ത നിവാരണ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ബീഹാറില്‍ 2023ലുണ്ടായ ഇടിമിന്നലില്‍ 275 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
Content Highlight: 13 killed in lightning strikes in four districts of Bihar