Kerala News
അടിച്ചമര്‍ത്തപ്പെട്ട ഓരോ ജനവിഭാഗത്തോടും ഐക്യദാര്‍ഢ്യം കാണിച്ച മനസിനുടമയാണ് മാര്‍പാപ്പ: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 21, 12:02 pm
Monday, 21st April 2025, 5:32 pm

തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകസമാധാനത്തിനായും മനുഷ്യ നന്മയ്ക്കായും തന്റെ വൈദിക ജീവിതം ഒഴിഞ്ഞുവെച്ച്, മഹത്തായ സന്ദേശം പ്രചരിപ്പിച്ച വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി എപ്പോഴും ശബ്ദം ഉയര്‍ത്തിയ അദ്ദേഹം ലോകത്തെ മുഴുവന്‍ മനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.

ഫലസ്തീന്‍ ജനതയോട് മാര്‍പാപ്പ കാണിച്ച സഹാനുഭൂതിയും മുഖ്യമന്ത്രി എടുത്ത് പറയുകയുണ്ടായി. ഫലസ്തീനികളുടെ വേദനകളോട് മനസുകൊണ്ട് ചേര്‍ന്ന് നിന്ന അദ്ദേഹം അവര്‍ക്ക് വഴികാട്ടിയായി മാറുകയായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ മാര്‍പാപ്പയുടെ വിയോഗത്തില്‍ വിശ്വാസ സമൂഹത്തിന്റെയും ലോക ജനതയുടേയും ദുഃഖത്തില്‍ താനും പങ്കുകൊള്ളുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് മാസങ്ങളായി മാര്‍പാപ്പയുടെ ആരോഗ്യനില മോശമായിരുന്നു. ആരോഗ്യനില  മെച്ചപ്പെട്ടതോടെ അടുത്തിടെ ആശുപത്രി വിട്ട അദ്ദേഹം വിശ്രമത്തിലിരിക്കവെയാണ് മരണപ്പെട്ടത്.

ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു മാര്‍പാപ്പയുടെ കഴിഞ്ഞ ദിവസത്തെ ഈസ്റ്റര്‍ ദിന സന്ദേശം. ഫലസ്തീനില്‍ ഇസ്രഈല്‍ തുടരുന്ന വംശഹത്യയില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയ ആഗോള തലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പദവിയിലിരിക്കുന്ന വ്യക്തിയായിരുന്നു മാര്‍പാപ്പ.

കത്തോലിക്കാ സഭയുടെ 266ാം മാര്‍പാപ്പയിരുന്നു അദ്ദേഹം. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ കൂടിയായിരുന്നു പോപ്പ് ഫ്രാന്‍സിസ്.2013ലാണ് അദ്ദേഹം പോപ്പ് പദവിയിലെത്തിയത്. ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോ എന്നാണ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ പേര്. അര്‍ജന്റീനക്കാരനായ ബെര്‍ഗോഗ്ലിയോ മുമ്പ് ബ്യൂണസ് അയേഴ്‌സ് രൂപതയുടെ തലവനായിരുന്നു.

ബ്യൂണസ് അയേഴ്‌സില്‍ നിന്ന് കുടിയേറിയ റെയില്‍വേ ജീവനക്കാരന്‍ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ച് മക്കളില്‍ ഒരാളായി 1936ല്‍ ഡിസംബര്‍ 17നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജനിച്ചത്.

Content Highlight: The Pope is a man of integrity who has shown solidarity with every oppressed group: Chief Minister Pinarayi Vijayan