Entertainment
സിനിമയൊന്നുമില്ലാതെ രണ്ടുമൂന്ന് വര്‍ഷം ഞാന്‍ വെറുതേയിരിക്കാന്‍ കാരണം ആ സംവിധായകന്‍, മര്യാദക്ക് കോമഡി പോലും അവതരിപ്പിക്കാന്‍ സമ്മതിച്ചില്ല: വടിവേലു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 21, 11:51 am
Monday, 21st April 2025, 5:21 pm

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് വടിവേലു. ഹാസ്യനടനായി കരിയര്‍ തുടങ്ങിയ വടിവേലു വളരെ വേഗത്തില്‍ തമിഴ് ഹാസ്യനടന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. തന്റെ കോമഡി കൊണ്ട് ആരാധകരെ സൃഷ്ടിച്ച വടിവേലുവിനെ ‘വൈഗൈപ്പുയല്‍’ എന്ന് തമിഴ് സിനിമ അഭിസംബോധന ചെയ്തു. സിനിമയില്‍ നിന്ന് ഇടക്ക് ഇടവേളയെടുത്ത താരം തിരിച്ചുവരവില്‍ മാമന്നന്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെ ഞെട്ടിച്ചു.

സിനിമയില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വടിവേലു. തനിക്ക് തരുന്ന സ്‌ക്രിപ്റ്റിനെ ഇംപ്രൊവൈസ് ചെയ്താണ് എപ്പോഴും അവതരിപ്പിക്കാറെന്ന് വടിവേലു പറഞ്ഞു. സ്‌ക്രിപ്റ്റില്‍ ചിലപ്പോള്‍ സീനിന്റെ ഏകദേശരൂപം മാത്രമേ ഉണ്ടാകാറുള്ളൂവെന്നും അതിലേക്ക് കൂടുതല്‍ കോമഡി കൂട്ടിച്ചേര്‍ത്ത് അവതരിപ്പിച്ചാല്‍ മാത്രമേ വര്‍ക്കാകുള്ളൂവെന്നും വടിവേലു കൂട്ടിച്ചേര്‍ത്തു.

ഒരു ബിഗ് ബജറ്റ് സിനിമയിലേക്ക് തനിക്ക് അവസരം ലഭിച്ചിരുന്നെന്നും അതില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ സ്‌ക്രിപ്റ്റ് തന്നെന്നും വടിവേലു പറഞ്ഞു. അതിനെ താന്‍ ഇംപ്രൊവൈസ് ചെയ്യാന്‍ നോക്കിയപ്പോള്‍ സ്‌ക്രിപ്റ്റില്‍ എഴുതിവെച്ചത് മാത്രം ചെയ്താല്‍ മതിയെന്ന് ആ സംവിധായകന്‍ ആവശ്യപ്പെട്ടെന്നും ആ സീനില്‍ കോമഡി ഡയലോഗുകള്‍ കുറവായിരുന്നെന്നും വടിവേലു കൂട്ടിച്ചേര്‍ത്തു.

മനസില്ലാമനസ്സോടെ ആ സീന്‍ ചെയ്‌തെന്നും എന്നാല്‍ ആ സംവിധായകന് തന്റെ പെരുമാറ്റം ഇഷ്ടമായില്ലെന്നും വടിവേലു പറഞ്ഞു. അയാളുടെ പേര് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വടിവേലു കൂട്ടിച്ചേര്‍ത്തു. സിനിമയൊന്നുമില്ലാതെ മൂന്ന് വര്‍ഷത്തോളം താന്‍ വെറുതേയിരിക്കേണ്ടി വന്നതിന് കാരണം ആ സംവിധായകനാണെന്നും വടിവേലു പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു വടിവേലു.

‘പലപ്പോഴും നമുക്ക് തരുന്ന സ്‌ക്രിപ്റ്റില്‍ ഹ്യൂമര്‍ കുറവായിരിക്കും. അതില്‍ നമ്മുടേതായ ഇന്‍പുട് കൊടുത്ത് ഇംപ്രൊവൈസ് ചെയ്താണ് പലപ്പോഴും പ്രസന്റ് ചെയ്യാറുള്ളത്. കാരണം, ആളുകള്‍ക്ക് എന്ത് ചെയ്താലാണ് ഇഷ്ടമാവുക എന്ന ധാരണ നമുക്ക് ഉണ്ടാകും. ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ സ്‌ക്രിപ്റ്റിന്റെ പേപ്പര്‍ തന്നു.

സാധാരണ ചെയ്യുന്നതുപോലെ കൈയില്‍ നിന്ന് ഓരോന്ന് ഇട്ട് അഭിനയിക്കാന്‍ നോക്കിയപ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന് സംവിധായകന്‍ പറഞ്ഞു. ഒന്നമില്ലാത്ത സീന്‍ അതുപോലെ ചെയ്യുന്നത് എങ്ങനെയെന്ന് ആലോചിച്ചു. മനസില്ലാമനസ്സോടെ ആ സിനിമ ചെയ്തു. ആ സംവിധായകന്റെ പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സിനിമയൊന്നുമില്ലാതെ മൂന്ന് വര്‍ഷം ഞാന്‍ വെറുതേയിരുന്നതിന് കാരണം ആ സംവിധായകനാണ്,’ വടിവേലു പറഞ്ഞു.

Content Highlight: Vadivelu speaks about the director who become the reason for his break from cinema