national news
ബലാത്സംഗ ശ്രമത്തെക്കുറിച്ചുള്ള അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 10, 01:29 am
Thursday, 10th April 2025, 6:59 am

ന്യൂദൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ഇടവഴിയിലൂടെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമത്തിന്റെ പരിധിയിൽ വരില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത് പെൺകുട്ടിയുടെ അമ്മ.

നേരത്തെ, ഹൈക്കോടതിയുടെ പ്രതികരണത്തിന് വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു. പിന്നാലെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്വമേധയാ സ്റ്റേ ചെയ്തിരുന്നു.
അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് പരാതിക്കാരിയും (പെൺകുട്ടിയുടെ അമ്മ) ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് എന്ന സംഘടനയും സമർപ്പിച്ച ഹരജി ജസ്റ്റിസുമാരായ ബി. ആർ. ഗവായി, എ. ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചു.

ഇതേ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഈ വിഷയവും ഉൾപ്പെടുത്തിയിരിക്കുന്നത്. ഹരജിക്കാരുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം, കേസ് രേഖകളിൽ പരാതിക്കാരിയുടെ പേര് നീക്കം ചെയ്യാൻ ബെഞ്ച്, ഹൈക്കോടതി രജിസ്ട്രിയോട് നിർദേശിച്ചു.

2025 മാർച്ച് 17നായിരുന്നു പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നതോ വസ്ത്രം അഴിക്കാൻ ശ്രമിക്കുന്നതോ ബലാത്സംഗ ശ്രമമായി കാണാനാവില്ലെന്ന വിവാദ നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര എത്തിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതികളായ പവൻ, ആകാശ് എന്നിവർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കേസ് പ്രകാരം, പ്രതികൾ 11 വയസുള്ള പെൺകുട്ടിയുടെ മാറിൽ പിടിക്കുകയും ആകാശ് എന്ന പ്രതി പെൺകുട്ടിയുടെ പൈജാമയുടെ ചരട് പൊട്ടിച്ച് ഇടവഴിയിലൂടെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ സംഭവം കണ്ട വഴിയാത്രക്കാർ ഇടപെട്ടതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നാലെ ഇവർക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസ് എടുത്തു. എന്നാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പ്രതികള്‍ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാന്‍ തീരുമാനിച്ചതായി അനുമാനിക്കാന്‍ കഴിയുന്ന ഒരു തെളിവും രേഖകളില്‍ ഇല്ലെന്ന് സിംഗിൾ ബെഞ്ച് ജഡ്ജി കണ്ടെത്തുകയായിരുന്നു.

മാർച്ച് 26ന്, ജസ്റ്റിസുമാരായ ഗവായിയും മാസിഹും അടങ്ങുന്ന ബെഞ്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ഹൈക്കോടതിയുടെ വീക്ഷണത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ‘അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം അസഹിഷ്ണുതയുണ്ടാക്കുന്നതും നിലനിൽക്കാത്തതുമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

 

 

Content Highlight: Minor Victim’s Mother Approaches Supreme Court Challenging Allahabad HC’s Controversial Ruling On Rape Attempt