Entertainment
കഥവരെ കേട്ട് ഫൈനലൈസായപ്പോഴാണ് ആലപ്പുഴ ജിംഖാനയുടെ ഷൂട്ട് തുടങ്ങിയത്, അതുകൊണ്ട് എനിക്ക് ആ തമിഴ് സിനിമ മിസ്സായി: നസ്‌ലെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 09, 05:14 pm
Wednesday, 9th April 2025, 10:44 pm

ഗിരീഷ് എ.ഡി മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് നസ്‌ലെന്‍. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറഞ്ഞ ചിത്രത്തില്‍ നസ്ലെന്റെ കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചുരുക്കം സിനിമകളിലൂടെ മലയാളത്തിന്റെ മുന്‍നിരയിലേക്ക് കടക്കാന്‍ നസ്ലെന് സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പ്രേമലുവിലൂടെ കേരളത്തിന് പുറത്തും നസ്‌ലെന്‍ ശ്രദ്ധേയനായി.

മലയാളത്തിന് പുറമെ തമിഴിലും നസ്‌ലെന്‍ തന്റെ സാന്നിധ്യമറിയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയില്‍ നസ്‌ലെന്‍ ഭാഗമാകുന്നുവെന്നായിരുന്നു റൂമറുകള്‍. ഗുഡ് ബാഡ് അഗ്ലിയുടെ ഭാഗമായിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നസ്‌ലെന്‍.

ആ സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നെന്ന് നസ്‌ലെന്‍ പറഞ്ഞു. ചെന്നൈയില്‍ പോയി കഥ കേട്ടെന്നും തനിക്ക് അത് ഇഷ്ടമായെന്നും നസ്ലെന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതേ സമയത്തായിരുന്നു ആലപ്പുഴ ജിംഖാനയുടെ ഷൂട്ടെന്ന് നസ്ലെന്‍ പറഞ്ഞു. ആലപ്പുഴ ജിംഖാനക്ക് വേണ്ടി ബോഡി ബില്‍ഡിങ്ങൊക്കെ ചെയ്യാന്‍ ഉണ്ടായിരുന്നെന്നും നസ്‌ലെന്‍ കൂട്ടിച്ചേര്‍ത്തു.

ആ കാരണങ്ങള്‍ കൊണ്ട് ഗുഡ് ബാഡ് അഗ്ലി ഒഴിവാക്കേണ്ടി വന്നെന്നും ആലപ്പുഴക്ക് വേണ്ടി പിന്നീട് വര്‍ക്ക് ചെയ്‌തെന്നും നസ്‌ലെന്‍ പറഞ്ഞു. ആലപ്പുഴ ജിംഖാനയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നസ്‌ലെന്‍ ഇക്കാര്യം പറഞ്ഞത്.

‘ഗുഡ് ബാഡ് അഗ്ലിയിലേക്ക് എന്നെ വിളിച്ചിരുന്നു. ചെന്നൈയില്‍ പോയി കഥയൊക്കെ കേട്ടതായിരുന്നു. എനിക്ക് ആ കഥ ഇഷ്ടമാവുകയും ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. പക്ഷേ, അതേ സമയത്തായിരുന്നു ഇവിടെ ആലപ്പുഴ ജിംഖാനയുടെ ഷൂട്ട് തുടങ്ങാറായത്. അതിന് വേണ്ടി ബോഡി സെറ്റ് ചെയ്യലും ഡയറ്റുമൊക്കെ ഫോളോ ചെയ്യേണ്ടി വരും. അത് ഗുഡ് ബാഡ് അഗ്ലിയെ ബാധിക്കുമെന്നറിഞ്ഞിട്ട് അതില്‍ നിന്ന് ഒഴിവായി,’ നസ്‌ലെന്‍ പറയുന്നു.

തല്ലുമാല എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. കണ്ടുശീലിച്ച സ്‌പോര്‍ട്‌സ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു ട്രീറ്റ്‌മെന്റായിരിക്കും ആലപ്പുഴ ജിംഖാനയുടേതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. കോളേജ് അഡ്മിഷന് വേണ്ടി ഒരുകൂട്ടം യുവാക്കള്‍ ബോക്‌സിങ് പഠിക്കാന്‍ തീരുമാനിക്കുന്നതാണ് ചിത്രത്തിന്റെ കഥ.

നസ്‌ലെന് പുറമെ ഗണപതി, ലുക്ക്മാന്‍ അവറാന്‍, അനഘ, ബേബി ജീന്‍, കോട്ടയം നസീര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിനായി ഗണപതിയും നസ്‌ലെനും ലുക്ക്മാനും നടത്തിയ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ വലിയ ചര്‍ച്ചയായിരുന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം വിഷ്ണു വിജയ്‌യാണ്.

Content Highlight: Naslen saying he rejected Good Bad Ugly movie for Alappuzha Gymkhana