Entertainment news
സിദ്ദിഖിന്റെ മകനാണെന്ന് പറയാതെ ബേസിലിനോട് ചാന്‍സ് ചോദിച്ചു; ആ സിനിമ നന്നാകുമോ ഇല്ലയോന്ന് നിനക്കെങ്ങനെ അറിയാമെന്ന്‌ വാപ്പ ചോദിച്ചു: ഷഹിന്‍ സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 26, 05:50 pm
Saturday, 26th November 2022, 11:20 pm

സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അച്ഛന്‍ സിദ്ദിഖ് തന്നെ വഴക്ക് പറയാറുണ്ടെന്ന് പറയുകയാണ് ഷഹിന്‍ സിദ്ദിഖ്. കിട്ടുന്ന റോളുകള്‍ എല്ലാം ചെയ്യാന്‍ അദ്ദേഹം പറയാറുണ്ടെന്നും വീട്ടില്‍ സമയം ചെലവഴിക്കാനാണ് സിദ്ദിഖിന് ഇഷ്ടമെന്നും ഷഹീന്‍ പറഞ്ഞു. സിദ്ദിഖിന്റെ പേര് പറയാതെ ബേസില്‍ ജോസഫിന്റെ അടുത്ത് ചാന്‍സ് ചോദിച്ച് ചെന്നതിനേക്കുറിച്ചും അഭിമുഖത്തില്‍ ഷഹീന്‍ പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”സിനിമ തെരഞ്ഞെടുക്കുമ്പോള്‍ വാപ്പ എന്നെ വഴക്ക് പറയാറുണ്ട്. ചിലര്‍ കഥ പറയാന്‍ വരും. ആ സമയത്ത് ഞാന്‍ കഥ കേള്‍ക്കും. പിന്നീട് അവര്‍ പോയി കഴിയുമ്പോള്‍ വാപ്പ എന്നോട് ചോദിക്കാറുണ്ട് കഥ എങ്ങനെയുണ്ടെന്ന് അപ്പോള്‍ ഞാന്‍ പറയും എനിക്ക് കഥ അത്ര ഇഷ്ടപ്പെട്ടില്ലെന്ന്.

അപ്പോള്‍ വാപ്പ എന്നോട് ചോദിക്കും നീ ആരാണ് സ്‌ക്രിപ്റ്റ് ചൂസ് ചെയ്യാന്‍?, നിനക്കെങ്ങനെ അറിയാം ആ സിനിമ നന്നാകുമോ ഇല്ലയോയെന്ന്?, നിനക്കെന്ത് എക്‌സ്പീരിയന്‍സുണ്ട്?, മോന്‍ ആദ്യം അഭിനയിക്ക് എന്നിട്ട് അഭിനയിച്ച് ഒരു കഥാപാത്രം ചെയ്യാനുളള്ള പ്രാപ്തിയിലെത്തൂവെന്നൊക്കെ പറയും.

എന്റെ കാര്യത്തില്‍ വാപ്പച്ചിയുടെ നിലപാട് കിട്ടുന്ന റോളുകളെല്ലാം ചെയ്യുക എന്നതാണ്. അത്തരത്തില്‍ കഥാപാത്രം ചെയ്താലെ അഭിനയത്തില്‍ മെച്ചപ്പെടൂവെന്ന് വാപ്പച്ചി പറയാറുണ്ട്. നമ്മള്‍ പടം കണ്ടാലെ നമുക്ക് ആ സിനിമ എന്താണെന്ന് മനസിലാകൂ. നീ എന്തിനാണ് പേടിച്ച് ചെയ്യുന്നത് കുറച്ച് റിലാക്‌സ് ചെയ്ത് അഭിനയിച്ചൂടെയെന്നൊക്കെ അദ്ദേഹം പറായാറുണ്ട്.

വാപ്പച്ചി പെട്ടന്ന് ഡയലോഗ് പഠിക്കും. വാപ്പച്ചി അന്ന് ചെയ്തപോലെ എല്ലാ സിനിമയും ഇന്ന് ചെയ്യാന്‍ കഴിയില്ല. അഭിനയം മോശമായാല്‍ ആളുകള്‍ പെട്ടെന്ന് തള്ളിക്കളയും. ടാലന്റ് ഡി.എന്‍.എ വഴി കിട്ടുമെന്ന് ഞാന്‍ കരുതുന്നില്ല. വീട്ടിലെ വാപ്പച്ചി രസമാണ്. വാപ്പച്ചിക്ക് വീട്ടില്‍ സമയം ചെലവഴിക്കാന്‍ ഇഷ്ടമാണ്.

വാപ്പയുടെ പേര് പറയാതെയാണ് ബേസില്‍ സാറിന്റെ ഫ്‌ളാറ്റില്‍ പോയി ചാന്‍സ് ചോദിച്ചത്. അന്ന് അദ്ദേഹം ഗോദ ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ അദ്ദേഹം എന്നോട് പറഞ്ഞു എവിടെയോ കണ്ട് പരിചയമുണ്ടെന്ന് പക്ഷെ വാപ്പച്ചിയുടെ പേര് ഞാന്‍ പറഞ്ഞില്ല,” ഷഹിന്‍ സിദ്ദിഖ് പറഞ്ഞു.

ഷെഫീക്കിന്റെ സന്തോഷമാണ് ഷഹീനിന്റെ പുതിയ ചിത്രം. നവംബര്‍ 25നാണ് ചിത്രം റിലീസ് ചെയ്തത്. ബാല, ഉണ്ണി മുകുന്ദന്‍, ദിവ്യ പിള്ള തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

CONTENT HIGHLIGHT: shaheen siddique about his father siddique