Entertainment
ആ സംവിധാകന്‍ സലിം കുമാറിനെയൊക്കെ പ്രൊവോക്ക് ചെയ്ത് ഡയലോഗ് പറയിപ്പിക്കും: ബെന്നി പി. നായരമ്പലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 31, 10:41 am
Monday, 31st March 2025, 4:11 pm

മലയാളികള്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ബെന്നി പി. നായരമ്പലം. 1993ല്‍ പുറത്തിറങ്ങിയ കൗശലം എന്ന ചിത്രത്തിലൂടെയാണ് ബെന്നി തിരക്കഥാലോകത്തേക്ക് എത്തിയത്. പിന്നീട് ചട്ടമ്പിനാട്, ചാന്തുപൊട്ട്, തൊമ്മനും മക്കളും, ഛോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി. സാറാസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലും തന്റെ സാന്നിധ്യമറിയിച്ചു.

ഇപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ ഷാഫിയെ കുറിച്ച് സംസാരിക്കുകയാണ് ബെന്നി പി. നായരമ്പലം.

തിരക്കഥാകൃത്ത് എന്തെങ്കിലും തരത്തില്‍ ഒരു ഷോട്ട് വേണമെന്ന് പറഞ്ഞാല്‍ പല സംവിധായകര്‍ക്കും ഈഗോ അടിക്കുമെന്നും എന്നാല്‍ ഷാഫി എന്ന സംവിധായകന്‍ അങ്ങനെയല്ലെന്നും ബെന്നി പി. നായരമ്പലം പറയുന്നു. ഷാഫിയോട് ഒരു ഷോട്ട് വേണമെന്ന് ആവശ്യപ്പെട്ടാല്‍ അദ്ദേഹം നമ്മള്‍ പറയുന്നത് ഉള്‍കൊണ്ട് അത് ചെയ്യുമെന്നും സലിം കുമാറിനെയൊക്കെ പ്രൊവോക്ക് ചെയ്ത് പറയിപ്പിക്കാറുണ്ടെന്നും ബെന്നി പി. നായരമ്പലം പറയുന്നു.

അമൃത ടി.വിയില്‍ ഓര്‍മയില്‍ എന്നും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇങ്ങനെ ഒരു ഷോട്ടുകൂടെ വേണമെന്ന് നമ്മള്‍ പറയുമ്പോള്‍ ആ കാര്യത്തിലാണ് ഡയറകടേര്‍ഴ്‌സിന് ഏറ്റവും കൂടുതല്‍ ഈഗോ അടിക്കുന്നത്. ഡയറക്ടര്‍ വര്‍ക്ക് ചെയ്യുമ്പോള്‍ സ്‌ക്രിപ്റ്റില്‍ അഭിപ്രായങ്ങള്‍ പറയാം. പക്ഷേ സ്‌ക്രിപ്റ്റ് റൈറ്റര്‍ ഒരു ഷോട്ട് പറയുന്നത് അവര്‍ക്ക് വലിയ വിഷമമാണ്.

ഷാഫിയെ സംബന്ധിച്ച്, അദ്ദേഹത്തോട് നമ്മള്‍ ഈ ആംഗിളില്‍ നിന്ന് ഒരു ഷോട്ട് വേണ്ടേയെന്ന് പറഞ്ഞാല്‍, ആ ആംഗിളും എടുക്കും മറ്റൊരു ആംഗിളില്‍ നിന്നും എടുക്കും. അങ്ങനെ മൂന്നാല് ആംഗിളില്‍ നിന്ന് എടുത്ത് വെച്ചിട്ട് പറയും എല്ലാം എടുത്ത് വെച്ചേക്കാം സേഫ്റ്റിക്ക്. അവിടെ എന്തെങ്കിലും കൂടെ പറ എന്നൊക്കെ പറഞ്ഞിട്ട് ചില സീനില്‍ സലീമിനെയൊക്കെ പ്രൊവോക്ക് ചെയ്യും ‘ ബെന്നി പി നായരമ്പലം പറയുന്നു.

2001ല്‍ വണ്‍ മാന്‍ ഷോയാണ് ഷാഫിയുടെ ആദ്യ സിനിമ. കല്യാണരാമന്‍, തൊമ്മനും മക്കളും, മായാവി, പുലിവാല്‍ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദില്ലിവാലാ രാജകുമാരന്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.

Content Highlight: Benny P. Nayarambalam talks about director Shafi