2007ല്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ പൂര്‍ണ്ണമായി പരാജയപ്പെട്ടത് സിങ്കൂരിലും നന്ദിഗ്രാമിലും നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളുടെ പരിണതിയാണ്
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തോടും എം.എം. മണിയുടെ പ്രസ്ഥാവനയോടും മൗനം പാലിക്കാന്‍ എസ്.എഫ്.ഐ-ജെ.എന്‍.യുവിന് കഴിയില്ല.
മൊഴിമാറ്റം:ഷഫീക്ക് എച്ച്.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിക്ക് സി.പി.ഐ.എം പിന്തുണ നല്‍കിയതിനെ സംബന്ധിച്ച് നടന്ന ജനറല്‍ ബോഡി മീറ്റിങ്ങിനുശേഷം ജെ.എന്‍.യു-എസ്.എഫ്.ഐ പുറത്തിറക്കിയ ലഘുലേഖ
ശാസ്ത്രീയ സോഷ്യലിസം നേടുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ വികസിപ്പിക്കുക, പുരോഗമന സ്വഭാവത്തെ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായി സംഘടനയ്ക്ക് സ്വതന്ത്രമായ നിലപാടെടുക്കാനുള്ള അവകാശമുണ്ടെന്ന എസ്.എഫ്.ഐയുടെ പരിപാടിയെ അടിസ്ഥാന പ്പെടുത്തിയുള്ളതാണ് ഈ പ്രമേയം
എസ്.എഫ്.ഐയുടെ ജനറല്‍ബോഡി മീറ്റിങ്ങില്‍ അവതരിപ്പിച്ച പ്രമേയം
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയെ പിന്തുണച്ച സി.പി.ഐ.എം നിലപാടിനെ പറ്റി ചര്‍ച്ചചെയ്യാന്‍ എസ്.എഫ്.ഐയുടെ ജെ.എന്‍.യു യൂണിറ്റ് ജൂലൈ അഞ്ചിന് ഒരു ജനറല്‍ ബോഡി മീറ്റിങ്ങ് കൂടുകയുണ്ടായി. അതില്‍ ചര്‍ച്ചചെയ്യാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒരു പ്രമേയം അവതരിപ്പിച്ചു. ഏഴുപേര്‍ വിട്ടു നിന്നപ്പോള്‍ രണ്ടിനെതിരെ മുപ്പത്തേഴ് വോട്ടുകള്‍ നേടി പ്രമേയം ജനറല്‍ ബോഡിയില്‍ പാസ്സാക്കപ്പെട്ടു. ചര്‍ച്ചയില്‍ സജീവമായിരുന്ന ആരും തന്നെ പ്രണബിന് പിന്തുണ നല്‍കുന്നതിന് അനുകൂലിച്ചില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രണബിനെ പിന്തുണയ്ക്കാനുള്ള സി.പി.ഐ.എമ്മിന്റെ തീരുമാനത്തെ ചൊല്ലി ഇടതു ഐക്യത്തിലുണ്ടായ ഭിന്നിപ്പും, ആ തീരുമാനത്തെ ബോധ്യപ്പെടുത്താന്‍ സി.പി.ഐ.എമ്മിന് കഴിയാത്തതും സുപ്രധാന വിഷയങ്ങളാണെന്ന് പ്രമേയത്തില്‍ വ്യക്തമാക്കുന്നുണ്ട്. ശാസ്ത്രീയ സോഷ്യലിസം നേടുന്നതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ വികസിപ്പിക്കുക, പുരോഗമന സ്വഭാവത്തെ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായി സംഘടനയ്ക്ക് സ്വതന്ത്രമായ നിലപാടെടുക്കാനുള്ള അവകാശമുണ്ടെന്ന എസ്.എഫ്.ഐയുടെ പരിപാടിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ പ്രമേയം.
എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു ജനറല്‍ ബോഡി?
പ്രണബിനെ പിന്തുണയ്ക്കാനുളള സി.പി.ഐ.എമ്മിന്റെ തീരുമാനം വിശാലമായൊരു സംവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഈ സമ്മര്‍ വെക്കേഷനിലും ജെ.എന്‍.യുവിന് ഇത്തരമൊരു സംവാദത്തില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കാനാവില്ല. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി തീവ്രഇടത് വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എ പോലുള്ള സംഘടനകളില്‍ നിന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് അതിനിശിതമായ ആക്രമണമാണ് എസ്.എഫ്.ഐയ്ക്ക് നേരിടേണ്ടി വന്നത്. വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐയുടെ നിലപാട് എന്താണെന്ന് നിരന്തരമായി ചോദിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ക്ക് നിശബ്ദരായി തുടരാന്‍ കഴിയുമായിരുന്നില്ല. ഈ ഒരു അടിയന്തിര ഘട്ടത്തിലാണ് ജെ.എന്‍.യുവിലെ എസ്.എഫ്‌ഐയുടെ താല്‍പര്യം സംരക്ഷിക്കാന്‍, സാധ്യമായ എല്ലാ എസ്.എഫ്.ഐ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഈ വിഷയത്തില്‍ ചര്‍ച്ചചെയ്യാനും ഒരു പൊതു നിലപാട് രൂപപ്പെടുത്താനുമുള്ള ശ്രമമാരംഭിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തത്. അതിനായി ഏറ്റവും വലിയ ജനാധിപത്യ പ്ലാറ്റ്‌ഫോമായ ജനറല്‍ബോഡിയെ ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ ഇത് ഇനിയും വൈകിപ്പിച്ചുകൂടാ.
പ്രണബിനെ പിന്തുണയ്ക്കാനുള്ള സി.പി.ഐ.എമ്മിന്റെ തീരുമാനത്തെ ചൊല്ലി ഇടതു ഐക്യത്തിലുണ്ടായ ഭിന്നിപ്പും, ആ തീരുമാനത്തെ ബോധ്യപ്പെടുത്താന്‍ സി.പി.ഐ.എമ്മിന് കഴിയാത്തതും സുപ്രധാന വിഷയങ്ങളാണ്
ജെ.എന്‍.യു-എസ്.എഫ്.ഐയുടെ പൈതൃകം
ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം കടന്നുവരുന്നതു മുതല്‍ തന്നെ എസ്.എഫ്.ഐ പ്രമുഖമായ ശക്തിയായിരുന്നു. നമ്മുടെ രാജ്യത്തെ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം രൂപപ്പെടുത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥിയൂണിയന്റെയും ജെ.എന്‍.യു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെയും പരിണാമത്തില്‍ അഭിമാനാര്‍ഹമായ പങ്കുവഹിച്ച പ്രസ്ഥാനമാണ് എസ്.എഫ്.ഐ. എല്ലാ ഭിന്നിപ്പുകളെയും വ്യതിയാനങ്ങളെയും മറികടന്നുകൊണ്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കാന്‍ നാലു വര്‍ഷം നീണ്ടു നിന്ന പോരാട്ടമാണ് എസ്.എഫ്.ഐ നടത്തിയത്. അങ്ങിനെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തോടുള്ള എസ്.എഫ്.ഐയുടെ കൂറ് സംശയാതീതമായി തെളിയിക്കപ്പെട്ടതാണ്.
രാഷ്ട്രീയപരമായ പ്രശ്‌നങ്ങളില്‍ ഊന്നാതെ കേവലം സംഘടനാപരമായ വിഷയങ്ങളിലേയ്ക്ക് സംഘടന ചുരുങ്ങുന്നത് ശാസ്ത്രീയമായ ഒരു രീതിയല്ല
ജെ.എന്‍.യുവിലെ ചരിത്രവും രാഷ്ട്രീയപരവുമായ ധ്രുവീകരണം രണ്ടറ്റങ്ങളിലായാണ് പ്രത്യക്ഷപ്പെട്ടത്. അതില്‍ ഒരറ്റത്ത് പൂര്‍ണമായും എസ്.എഫ്.ഐ ആയിരുന്നു. മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയനില്‍ നാല് പതിറ്റാണ്ട് കാലത്തോളം പ്രമുഖമായ ഭാഗമായിരുന്നു എസ്.എഫ്.ഐ. അങ്ങനെ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വം എസ്.എഫ്.ഐ. നില നിര്‍ത്തിയിരുന്നു.
2007-ന് ശേഷമുള്ള സാഹചര്യം
2007 മുതലാണ് ഈ പ്രവണതയ്ക്ക് ഘടനാപരമായ വിള്ളല്‍ വീണത്. 2007-ല്‍ ആദ്യമായി ഒരു സ്ഥാനം പോലും ലഭിക്കാതെ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ പരാജയപ്പെട്ടു. പശ്ചിമ ബംഗാളിലെ സിങ്കൂരിലും നന്ദിഗ്രാമിലും നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളുടെ പരിണതിയായിരന്നു അത്. 2007-ല്‍ സംഭവിച്ച പരാജയത്തെ തുടര്‍ന്ന് ജെ.എന്‍.യുവിലുണ്ടായ പ്രതികൂലമായ പ്രവണതയെ തരണം ചെയ്യാന്‍ 2012 മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പിലും എസ്.എഫ്.ഐക്കായിട്ടില്ല. ഈ ദയനീയമായ പ്രകടനത്തിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ കാരണങ്ങളെ ഇക്കാലത്ത് നടന്നിരുന്ന അവലോകനങ്ങളില്‍ തിരിച്ചറിഞ്ഞിരുന്നു. രാഷ്ട്രീയപരമായ പ്രശ്‌നങ്ങളില്‍ ഊന്നാതെ കേവലം സംഘടനാപരമായ വിഷയങ്ങളിലേയ്ക്ക് ചുരുങ്ങുന്നത് ശാസ്ത്രീയമായ ഒരു രീതിയല്ല.
രാഷ്ടീയ പ്രശ്‌നങ്ങളുടെ പ്രാധാന്യം
സിങ്കൂരും നന്ദിഗ്രാമും തുടങ്ങി ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനം എത്തിച്ചേര്‍ന്ന അവസ്ഥയാണോ അതോ പ്രണബ് മുഖര്‍ജിയ്ക്ക് സി.പി.ഐ.എം പിന്തുണ നല്‍കിയിരിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നു വരുന്ന സംവാദമാണോ മൊത്തം വിദ്യാര്‍ത്ഥി രാഷ്ട്രീയവും അതുപോലെ ജെ.എന്‍.യുവിലെ എസ്.എഫ്.ഐയും പരിഗണിക്കേണ്ടത് എന്ന ചോദ്യം ഉയരുന്നുണ്ട്. ഇത്തരം സമീപനം വിദ്യാര്‍ത്ഥികളെ അരാഷ്ട്രീയ വല്‍ക്കരിക്കുന്ന ഒന്നാണ്. അന്തര്‍ദേശീയവും ദേശീയവുമായ എല്ലാ പ്രമുഖ വിഷയങ്ങളും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെയും ബാധിക്കുന്നതാണെന്ന് കരുതുന്ന ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായതല്ല ആ സമീപനം. അതുകൊണ്ട് തന്നെയാണ് അടിയന്തരാവസ്ഥ, മണ്ഡല്‍ കമ്മീഷന്‍, ബാബരി മസ്ജിദിന്റെ തകര്‍ക്കല്‍, ഗുജറാത്തില്‍ നടന്ന മുസ്‌ലീങ്ങളുടെ വംശഹത്യ, ഇന്ത്യ-അമേരിക്ക ആണവ കരാര്‍ മുതലായ ദേശീയ വിഷയങ്ങളിലും വിയറ്റ്‌നാം യുദ്ധം, ടിയാനെന്‍ മെന്‍ സ്‌ക്വയര്‍ പ്രതിഷേധം, 9/11 സംഭവവും അതിനോടനുബന്ധിച്ചു നടന്ന ഭീകരതയ്‌ക്കെതിരായ യുദ്ധവും, പലസ്തീന്‍ വിഷയം, അറബ് വസന്തം, വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം മുതലായ അന്തര്‍ ദേശീയ വിഷയങ്ങളിലും ജെ.എന്‍.യുവിലെ എസ്.എഫ്.ഐ അതിന്റെ തുടക്കം മുതല്‍ തന്നെ സ്വന്തം നിലപാട് പറഞ്ഞിട്ടുള്ളത്. എസ്.എഫ്.ഐ മാത്രമല്ല വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുമായി ജെ.എന്‍.യു.വില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും അന്തര്‍ദേശീയവും ദേശീയവുമായ വിഷയങ്ങളില്‍ നിലപാടുകള്‍ സ്വീകരിക്കാറുണ്ട്. അന്തര്‍ദേശീയവും ദേശീയവുമായ വിഷയങ്ങളില്‍ നിലപാടുകള്‍ സ്വീകരിക്കുന്നതിന് തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട എസ്.എഫ്.ഐയുടെ ഭരണഘടനാ പ്രൊവിഷനുകള്‍ വിലങ്ങുതടിയായിട്ടില്ല. അതുകൊണ്ട് തന്നെ ഈ നിലപാടുകള്‍ ജെ.എന്‍.യുവിനും അതിന്റെ രാഷ്ട്രീയ സംവാദങ്ങള്‍ക്കും ഒരു അഖിലേന്ത്യാ സ്വഭാവം നല്‍കുന്നുണ്ട്.
എസ്.എഫ്.ഐയും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുമായി ജെ.എന്‍.യു.വില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും അന്തര്‍ദേശീയവും ദേശീയവുമായ വിഷയങ്ങളില്‍ നിലപാടുകള്‍ സ്വീകരിക്കാറുണ്ട്. ഇങ്ങിനെ നിലപാടുകള്‍ സ്വീകരിക്കുന്നതിന് എസ്.എഫ്.ഐയുടെ ഭരണഘടനാ പ്രൊവിഷനുകള്‍ വിലങ്ങുതടിയല്ല
പ്രണബ് മുഖര്‍ജിക്ക് നല്‍കുന്ന പിന്തുണയോടുള്ള വിമര്‍ശനം
ഈ ഒരു പശ്ചാത്തലത്തില്‍ പ്രണബ് മുഖര്‍ജിയ്ക്ക് പിന്തുണ നല്‍കാനുള്ള സി.പി.ഐ.എമ്മിന്റെ തീരുമാനത്തെ തുടര്‍ന്ന് ഇടത് ഐക്യത്തിലുണ്ടായിട്ടുള്ള ഭിന്നിപ്പ് വളരെയേറെ ഗൗരവമുള്ള വിഷയമാണെന്ന് എസ്.എഫ്.ഐ-ജെ.എന്‍.യു കരുതുന്നു, എന്തെന്നാല്‍ നീണ്ടൊരു കാലത്തോളം എ.ഐ.എസ്.എഫ് ജെ.എന്‍.യുവില്‍ എസ്.എഫ്.ഐയുടെ സഖ്യകക്ഷിയായിരുന്നു. അതിനുമപ്പുറത്ത് പ്രണബിന് പിന്തുണപ്രഖ്യാപിച്ചുകൊണ്ടുള്ള സി.പി.ഐ.എമ്മിന്റെ ഈ തീരുമാനത്തിന് ലഭിച്ചിരിക്കുന്ന വിശദീകരണം ഒട്ടും തന്നെ ബോധ്യപ്പെടുന്നതല്ല. ഒന്നാമതായി, ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ യു.പി.എയുടെ ജനവിരുദ്ധ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രണബിനെ പോലെയുള്ള ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതിനെ വര്‍ഗ്ഗീയ ശക്തികളെ തുരത്താനായിട്ടാണ് എന്ന് പറഞ്ഞു കൊണ്ട് ന്യായീകരിക്കാന്‍ കഴിയുന്നതല്ല. രണ്ടാമതായി, ഇടത് താല്‍പര്യം മുന്‍നിര്‍ത്തി ത്രിണമൂല്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും തമ്മില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ആ ഒരു “അടവ്” പരമായ നീക്കമെന്ന് പറഞ്ഞാല്‍ അത് പശ്ചിമ ബംഗാളിലെ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. കാരണം, അവിടെ അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ കയ്യൊഴിയുന്നുവെന്ന തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ് ഇടതുക്ഷം.
ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത സാഹചര്യത്തില്‍ യു.പി.എയുടെ ജനവിരുദ്ധ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രണബിനെ പിന്തുണയ്ക്കുന്നതിനെ വര്‍ഗ്ഗീയ ശക്തികളെ തുരത്താനായിട്ടാണെന്ന് ന്യായീകരിക്കാന്‍ കഴിയില്ല
സത്യസന്ധമായ നിലപാട് സ്വീകരിക്കല്‍
സ്വാഭാവികമായി എസ്.എഫ്.ഐ-ജെ.എന്‍.യുവിന്റെ താല്‍പര്യങ്ങള്‍ ഈ വിഷയങ്ങളുമായി കണ്ണിച്ചേര്‍ക്കപ്പെടുകയാണ്. പ്രണബ് മുഖര്‍ജിക്ക് സി.പി.ഐ.എം നല്‍കിയിരിക്കുന്ന തുറന്ന പിന്തുണ പോലുള്ള രാഷ്ട്രീയ തീരുമാനങ്ങളെ ന്യായീകരിക്കാനോ, ഈ അടുത്തകാലത്തായി കേരളത്തില്‍ നടന്ന ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം പോലുള്ള വിഷയങ്ങളില്‍ നിശബ്ദത പാലിക്കാനോ എസ്.എഫ്.ഐ-ജെ.എന്‍.യുവിന് കഴിയില്ല. ടി.പി. ചന്ദ്രശേഖരന്‍ കേസ് മുന്നോട്ട് പോകുന്തോറും നിരവധി സി.പി.ഐ.എം പ്രര്‍ത്തകരാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇതിനെ കൂടാതെ സി.പി.ഐ.എം നേതാവ് എം.എം മണി നടത്തിയ പ്രസ്താവന കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയാണുണ്ടായത്. കേരളത്തിലും ജെ.എന്‍.യുവിലും ഇത് ഒരു വലിയ വിഷയമായി തീര്‍ന്നിരിക്കുകയാണ്. ഈ വിഷയത്തില്‍ എസ്.എഫ്.ഐ.-ജെ.എന്‍.യു തത്വാധിഷ്ടിതമായ ഒരു നയമാണ് സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ ഭേതമന്യേ കുറ്റക്കാരാരായാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്.എഫ്.ഐ-ജെ.എന്‍.യു ആവശ്യപ്പെടുന്നു. ഇതുവരെയും എസ്.എഫ്.ഐയുടെ ദേശീയ നേതൃത്വം ഈ വിഷയങ്ങളില്‍ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല.
വ്യക്തിഗതമല്ലാത്ത നിലപാട്
മാധ്യമങ്ങളില്‍ എസ്.എഫ്.ഐ-ജെ.എന്‍.യുവിന്റെ തീരുമാനത്തെ ഏതാനം വ്യക്തികള്‍ക്ക് അനുകൂല നിലപാടായോ അല്ലെങ്കില്‍ എതിരായ നിലപാടായോ ചിത്രീകരിക്കപ്പെടുന്നുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ പുരോഗമനപരമായ പരിണാമത്തില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രത്യയശാസ്ത്ര സംവാദങ്ങളില്‍ അതീവ ഗൗരവത്തോടെ പങ്കെടുക്കുന്ന എസ്.എഫ്.ഐയുടെ പൈതൃകം മനസ്സിലാക്കാതെയുള്ള വ്യാഖ്യാനങ്ങളാണിവയെല്ലാം. രാഷ്ട്രീയ പ്രത്യയശാസ്ത്ര വിഷയങ്ങളില്‍ അടിയുറച്ചുകൊണ്ട് വിഭാഗീയവും സങ്കുചിതവുമായ താല്‍പര്യങ്ങളേതുമില്ലാതെ ക്യാമ്പസ് രാഷ്ട്രീയം നിലനില്‍ക്കുന്ന ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെ.എന്‍.യു.
“രാഷ്ട്രീയം നിങ്ങളുടെ ഭാവിയെ നിശ്ചയിക്കുമ്പോള്‍ നിങ്ങളുടെ രാഷ്ട്രീയം എന്തായിരിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കുക”
ഉയര്‍ന്നുവരുന്ന ആഗോള പശ്ചാത്തലം
നവ ഉദാരവല്‍ക്കരണ ക്രമത്തിനെതിരെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ കലാപം മുതല്‍ ഏതന്‍സിന്റെ തെരുവുകളില്‍ വരെ നടന്നിട്ടുള്ള ജനകീയ സമരങ്ങളുടെ പുത്തന്‍ അലയൊലികളുടെ പശ്ചാത്തലത്തില്‍ നവ ഉദാരവല്‍ക്കരണ മുതലാളിത്തിനെതിരെയുള്ള ബദലുകളെ കുറിച്ചും 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തെ കുറിച്ചുമുള്ള ഗൗരവമായ ചര്‍ച്ചകളില്‍ ഇടപെടേണ്ടത് അത്യന്താപേക്ഷിതമാണ്. ജനാധിപത്യം, ആഭ്യന്തര സ്വാതന്ത്ര്യം, ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യം അതുപോലെ രാഷ്ട്രീയ എതിരാളികളോടുള്ള സഹിഷ്ണുത എന്നീ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് 20-ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണത്തിലെ ഒരു പ്രധാനപ്പെട്ട പരിമിതി എന്ന് ഇന്ന് നമ്മെ ചരിത്രം പഠിപ്പിക്കുന്നു. സോഷ്യലിസ്റ്റ് ലക്ഷ്യത്തിനുവേണ്ടിയുള്ള ഇന്നത്തെ എല്ലാ പോരാട്ടങ്ങളും കഴിഞ്ഞകാല പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുകയും വാക്കിലും പ്രവര്‍ത്തിയിലും ജനാധിപത്യപരമായ പ്രവര്‍ത്തനരീതി കൈക്കൊള്ളുകയും വേണമെന്നാണ് എസ്.എഫ്.ഐ-ജെ.എന്‍.യു വിശ്വസിക്കുന്നത്. രാഷ്ട്രീയത്തെ നിരാകരിച്ചുകൊണ്ടുള്ള അപ്രമാദിത്വപരമായ സമീപനങ്ങള്‍ ഇടതുപക്ഷത്തിന്റെ ലക്ഷ്യത്തിനു തന്നെ ശത്രുതാപരമായി തീരുന്നതാണ്.
മുന്നോട്ടുള്ള വഴി
ആശയ പോരാട്ടമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം. വരുന്ന ആഴ്ചകളില്‍ യൂണിവേഴ്‌സിറ്റി പുതിയ അദ്ധ്യയന വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ പരിപൂര്‍ണ്ണമായ ആത്മാര്‍ത്ഥതയോടെ എസ്.എഫ്.ഐ-ജെ.എന്‍.യു ഈ ദൗത്യം ഏറ്റെടുക്കും. “രാഷ്ട്രീയം നിങ്ങളുടെ ഭാവിയെ നിശ്ചയിക്കുമ്പോള്‍ നിങ്ങളുടെ രാഷ്ട്രീയം എന്തായിരിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കുക” എന്ന മുദ്രാവാക്യത്തിന് കീഴില്‍ കൂടുതല്‍ വിശാലമായ തരത്തില്‍ പങ്കാളിത്തം ഉറപ്പിച്ചു കൊണ്ട് ഞങ്ങള്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. എസ്.എഫ്.ഐ വിദ്യാര്‍ത്ഥി വിഷയങ്ങളെ അക്ഷീണം ഏറ്റെടുക്കുകയും ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാട്ടം നടത്തുകയും ചെയ്യും. ഇന്ത്യയിലെ ഇടതുപക്ഷ-ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും എല്ലാ യഥാര്‍ത്ഥ ജനകീയ പ്രസ്ഥാനങ്ങള്‍ക്കും എസ്.എഫ്.ഐ.-ജെ.എന്‍.യു ഉറച്ച പിന്തുണ നല്‍കും. അതോടൊപ്പം തന്നെ ഇടത് സാഹസികമായ പ്രവണതയോടും വലത് അവസരവാദ നിലപാടുകളോടും അത് വിട്ടു വീഴ്ചയില്ലാത്ത പോരാട്ടം നടത്തുകയും ചെയ്യും.
കൂടുതല്‍ പഠിക്കുക. കൂടുതല്‍ പോരാടുക
ഒപ്പ്
അനഘ,
പ്രസിഡന്റ്
മുഹമ്മദ് അല്‍ത്തമാഷ്,
ജോയിന്റ് സെക്രട്ടറി,
എസ്.എഫ്.ഐ., ജെ.എന്‍,യു