കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്‌നേക്ക് ബൈറ്റ് എന്ന വിഷയത്തില്‍ നടത്തിയ സംസ്ഥാന കോണ്‍ഫറന്‍സില്‍ വാവ സുരേഷിനെ അതിഥിയായി ക്ഷണിച്ചതിനെതിരെ വ്യാപക വിമര്‍ശനം. സംഭവത്തില്‍ പരസ്യ പ്രതികരണവുമായി മെഡിക്കല്‍ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് രംഗത്തെത്തി.
ക്ലിനിക്കല്‍ നഴ്‌സിങ് എജ്യുക്കേഷന്‍ യൂണിറ്റും നഴ്‌സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വാവ സുരേഷ് പ്രഭാഷകനായി എത്തിയത്. സുരക്ഷ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ജീവനുള്ള പാമ്പുകളുടെ പ്രദര്‍ശനവും വാവ സുരേഷിന്റെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സില്‍ നടന്നിരുന്നുവെന്നും മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പരിപാടിക്കിടെ മൈക്ക് ഓഫായ സമയത്ത് പോഡിയത്തിലേക്ക് മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.
മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തുന്ന ഒരു പരിപാടിയിലേക്ക് പാമ്പുകളെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന വാവ സുരേഷിനെ കൊണ്ടുവന്നത് അപലപനീയമാണെന്നാണ് എസ്.എഫ്.ഐ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
ശാസ്ത്രീയ അടിത്തറയില്‍, തെളിവുകളിലൂടെയും പഠനങ്ങളിലൂടെയും വളര്‍ന്നു വികസിച്ച, മെഡിക്കല്‍ മേഖലക്കാകെ അപമാനമാകുന്ന പ്രവണതകളാണിത്. മെഡിക്കല്‍ മേഖലയെ അശാസ്ത്രീയതയുടെയും അന്ധവിശ്വാസങ്ങളുടെയും ഇടങ്ങളാക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയേണ്ടതുണ്ടെന്നും എസ്.എഫ്.ഐ പറഞ്ഞു.
വാവ സുരേഷിന്റെ പാമ്പ് പിടുത്ത രീതികളും പ്രദര്‍ശനവും തികച്ചും അശാസ്ത്രീയമാണെന്ന് ആരോഗ്യരംഗത്തെയും വന്യജീവി സംരക്ഷണ മേഖലകളിലെയും നിരവധി പേര്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിനും ജനങ്ങള്‍ക്കും പാമ്പിനുമെല്ലാം ഒരുപോലെ അപകടകരമാണ് വാവ സുരേഷിന്റെ രീതികളെന്ന് പല തവണ വ്യക്തമാക്കപ്പെട്ടതുമാണ്.
ഇക്കഴിഞ്ഞ ജനുവരിയില്‍ വാവ സുരേഷിന് പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ രീതികളിലെ അശാസ്ത്രീയത വലിയ ചര്‍ച്ചയായിരുന്നു. ഇതിന് മുമ്പും നിരവധി തവണ ഇദ്ദേഹത്തെ പാമ്പ് കടിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
തീര്‍ത്തും അശാസ്ത്രീയമായ രീതിയില്‍ പാമ്പിനെ പിടിക്കുന്നതും ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതും സുരേഷിന്റെ പതിവാണ്. ആളുകള്‍ക്ക് മുമ്പിലുള്ള ഇത്തരം ‘ഷോ’കള്‍ക്കിടയിലായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കാറുള്ളത്. ഇത്തരത്തില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്നാണ് വാവ സുരേഷിന്റെ വിരല്‍ മുറിച്ച് മാറ്റിയതും.
‘സ്നേക്ക് മാസ്റ്റര്‍’ എന്ന പേരില്‍ ഒരു പരിപാടിയും വാവ സുരേഷ് നടത്തിയിരുന്നു. ഒരു സ്ഥലത്ത് പാമ്പിനെ പിടിക്കാന്‍ പോകുന്നതും പിടിച്ച ശേഷം ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതും മറ്റുമായിരുന്നു പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഇത്തരത്തില്‍ പാമ്പുകളെ പിടിക്കുന്നതിനും ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനുമെതിരെ നിരവധി പരിസ്ഥിതി പ്രവര്‍ത്തകരടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. വാവ സുരേഷിന്റെ സ്നേക്ക് മാസ്റ്റര്‍ എന്ന പരിപാടിക്കെതിരെ വനം വകുപ്പും രംഗത്തെത്തിയിരുന്നു.
ഇതടക്കം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ പാമ്പുകളെ പ്രദര്‍ശിപ്പിക്കുന്ന പരിപാടികള്‍ അടിയന്തരമായി നിര്‍ത്തണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ജനറല്‍ സെക്രട്ടറി ഏംഗല്‍സ് നായര്‍ വാവ സുരേഷിനെതിരെ രംഗത്ത് വന്നിരുന്നു. കേരളത്തില്‍ പാമ്പുകളെ ഏറ്റവും കൂടുതല്‍ ദ്രോഹിക്കുന്ന വ്യക്തി വാവ സുരേഷാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേരളത്തില്‍ പാമ്പ് പിടുത്തത്തിന് ലൈസലന്‍സുള്ള 850 പേരാണ് നിലവിലുള്ളതെന്നും എന്നാല്‍ വാവ സുരേഷിന് പാമ്പ് പിടിക്കാന്‍ ലൈസന്‍സില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എസ്.എഫ്.ഐ ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രസ്താവനയുടെ പൂര്‍ണരൂപം
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐ.എം.സി.എച്ച് നിള ഹാളില്‍ വച്ച് ക്ലിനിക്കല്‍ നേഴ്‌സിങ് എജ്യുക്കേഷന്‍ യൂണിറ്റും നഴ്‌സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് സംഘടിപ്പിച്ച സ്‌നേക്ക് ബൈറ്റ് വിഷയത്തിലെ സംസ്ഥാന കോണ്‍ഫറന്‍സില്‍ വിഷയം കൈകാര്യം ചെയ്യാന്‍ അശാസ്ത്രീയമായ, സുരക്ഷിതമല്ലാത്ത രീതിയില്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്ന വാവ സുരേഷ് എന്ന വ്യക്തിയെ കൊണ്ടുവന്നത് അപലപനീയമാണ്.
തീര്‍ത്തും സുരക്ഷിതമല്ലാതെ, ജീവനുള്ള പാമ്പുകളുടെ പ്രദര്‍ശനം ഉള്‍പ്പെടെ പരിപാടിയില്‍ നടക്കുകയുണ്ടായി. ശാസ്ത്രീയ അടിത്തറയില്‍, തെളിവുകളിലൂടെയും പഠനങ്ങളിലൂടെയും വളര്‍ന്നു വികസിച്ച, മെഡിക്കല്‍ മേഖലക്കാകെ അപമാനമാകുന്ന പ്രവണതകളാണിതെല്ലാം.
മെഡിക്കല്‍ മേഖലയെ അശാസ്ത്രീയതയുടെയും അന്ധവിശ്വാസങ്ങളുടെയും ഇടങ്ങളാക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയേണ്ടതുണ്ട്.
Content Highlight: SFI against Vava Suresh’s program at Kozhikode Medical College