ലൈംഗികാതിക്രമ പരാതി; എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരെ കേസ്
Kerala News
ലൈംഗികാതിക്രമ പരാതി; എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th July 2022, 3:35 pm

കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തു. സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് എഴുത്തുകാരിയുടെ പരാതി.

കഴിഞ്ഞ ഏപ്രിലില്‍ യുവതിയുടെ പുസ്തക പ്രസാധനം കൊയിലാണ്ടിയില്‍ നടന്നിരുന്നു. അതിനിടെ ഒരു വീട്ടില്‍ ഒത്തുകൂടി. അടുത്ത ദിവസം രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ ബലമായി ചുംബിച്ചു എന്നാണ് പരാതി.

പുസ്തക പ്രകാശനത്തിന് പബ്ലിഷറെ കണ്ടെത്തുന്നതിനായി യുവതി നേരത്തേ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിനുശേഷം യുവതിയുടെ ഫോണിലേക്ക് വിളിച്ചും മെസേജ് അയച്ചും നിരന്തരം ശല്യം ചെയ്തതായും പരാതിയില്‍ പറയുന്നു. സിവിക് ചന്ദ്രന്‍ അഡ്മിനായ ‘നിലാനടത്തം’ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് യുവതി ആദ്യം ആരോപണം ഉന്നയിച്ചത്. സിവിക് ചന്ദ്രന്‍, വി.ടി. ജയദേവന്‍ എന്നിവര്‍ക്കെതിരെയായായിരുന്നു യുവതിയുടെ ആരോപണം.

താന്‍ അത്രയേറെ വിശ്വസിച്ച മനുഷ്യരില്‍ നിന്നുണ്ടായ തിക്താനുഭവം തനിക്ക് കനത്ത ആഘാതമായെന്നും താത്പര്യമില്ലാത്ത ഒരാളോട് നിരന്തരം ലൈംഗികമോഹം പ്രകടിപ്പിക്കുന്നതും അതിക്രമം തന്നെയാണെന്നും യുവതി കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന ജാമ്യമില്ലാ വകുപ്പുകൂടി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കൊയിലാണ്ടി പൊലീസ് അറിയിച്ചു.