രജനീകാന്തിനെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സീമാന്‍; 'എന്ത് കൊണ്ട് കമല്‍ഹാസനില്ല'
Tamil Nadu
രജനീകാന്തിനെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സീമാന്‍; 'എന്ത് കൊണ്ട് കമല്‍ഹാസനില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2019, 7:54 am

തമിഴ്‌നാട്ടിലെ സ്‌കൂള്‍ പാഠപുസ്തകത്തില്‍ രജനീകാന്തിന്റെ ജീവിതം ഉള്‍പ്പെടുത്തിയതിനെതിരെ സംവിധായകനും നാം തമിഴര്‍ കച്ചി നേതാവുമായ സീമാന്‍. രജനിയുടെ ജീവിതം ബോധപൂര്‍വ്വം സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതാണെന്ന് സീമാന്‍ ആരോപിക്കുന്നു.

അഞ്ചാം ക്ലാസ്സ് പാഠപുസ്തകത്തിലാണ് രജനീകാന്തിന്റെ ജീവിതത്തെ കുറിച്ച് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബുദ്ധിമുട്ടേറിയ ജീവിതത്തില്‍ നിന്ന് കഠിനപ്രയത്‌നത്താല്‍ ജീവിതം കെട്ടിപ്പെടുത്ത വ്യക്തി എന്ന വിഭാഗത്തിലാണ് രജനിയുടെ ജീവിതം പാഠപുസ്തകത്തിലുള്ളത്.

എന്നാല്‍ രജനീകാന്തിന്റേതല്ല കമല്‍ഹാസന്റെ ജീവിതമായിരുന്നു പാഠപുസ്തകത്തില്‍ വേണ്ടിയിരുന്നത് എന്നാണ് സീമാന്റെ പ്രതികരണം. ഗൂഗില്‍ സി.ഇ.ഓ സുന്ദര്‍ പിച്ചെയുടെയും ആവാമായിരുന്നുവെന്നും സീമാന്‍ പറഞ്ഞു.

സീമാന്റെ പ്രതികരണത്തിനെതിരെ രജനീകാന്ത് ആരാധകര്‍ രംഗത്തെത്തി കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് രജനി ആരാധകരുടെ പ്രതിഷേധം.