D' Election 2019
നരേന്ദ്ര മോദി-അമിത് ഷാ: ആവര്‍ത്തിക്കുന്നത് ഗുജറാത്ത് കൂട്ടുകെട്ട്, ചോദ്യചിഹ്നമായി കശ്മീര്‍, പൗരത്വ ബില്ല്, പ്രജ്ഞാ സിംഗിനെതിരെയുള്ള കേസുകള്‍...
ന്യൂദല്‍ഹി: ഗുജറാത്ത് കൂട്ടുകെട്ട് ആവര്‍ത്തിച്ച് നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭ. സഭയില്‍ രണ്ടാമനായി അമിത് ഷാ എത്തിയതോടെയാണ് ഗുജറാത്ത് കൂട്ടുകെട്ട് ആവര്‍ത്തിച്ചിരിക്കുന്നത്.
പാര്‍ട്ടിയിലേയും സര്‍ക്കാരിലേയും മുതിര്‍ന്ന അംഗമായ രാജ്നാഥ് സിങിനെ പിന്തള്ളിയാണ് 54-കാരനായ അമിത് ഷാ രണ്ടാംസ്ഥാനത്തേക്ക് കടന്നുവരുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന രാജ്നാഥിന് ഇത്തവണ പ്രതിരോധമാണ് നല്‍കിയിരിക്കുന്നത്. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, വിദേശകാര്യം എന്നിവ ഉള്‍പ്പെടുന്ന പ്രബല ഗ്രൂപ്പിനുള്ളില്‍ കൃത്യമായ വെട്ടിനിരത്തല്‍ രണ്ടാം മന്ത്രി സഭയില്‍ കാണാന്‍ കഴിഞ്ഞു.
രാജ്നാഥ് സിങിന് ശേഷം മൂന്നാമനായിട്ടായിരുന്നു അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തത്. ധനകാര്യമാകും അമിത് ഷായ്ക്ക് ലഭിക്കുന്ന വകുപ്പ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വെള്ളിയാഴ്ച വകുപ്പുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആഭ്യന്തര മന്ത്രിയായി അപ്രതീക്ഷിതമായി അമിത് ഷാ എത്തുകയായിരുന്നു.
പാര്‍ട്ടി സ്ഥാപക നേതാവ് എല്‍.കെ അദ്വാനി സ്ഥിരമായി മത്സരിച്ചിരുന്ന ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്നാണ് അമിത് ഷാ പാര്‍ലമെന്റിലേക്കെത്തിയത്. 2014-ല്‍ മോദി അധികാരത്തിലേറിയതോടെയാണ് അമിത് ഷാ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അധികാരമേറ്റ ഉടന്‍ അമിത് ഷായെ മോദി പാര്‍ട്ടി അധ്യക്ഷനാക്കി.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തും അമിത് ഷാ ആയിരുന്നു ആഭ്യന്തര മന്ത്രി. 2002ല്‍ ഗുജറാത്ത് കലാപ സമയത്ത് മോദി മുഖ്യമന്ത്രിയും അമിത് ഷാ മന്ത്രിയായിരുന്നു. നരോദപാട്യ കൂട്ടക്കൊലക്കേസില്‍ പ്രധാനപ്രതിയായിരുന്ന മായാ കോഡ്നാനിക്ക് അനുകൂലമായി അമിത് ഷാ മൊഴി നല്‍കുകയും വിവാദമാകുകയും ചെയ്തിരുന്നു.
1985-ല്‍ അഹമ്മദാബാദിലെ നരന്‍പര വാര്‍ഡിലെ ബി.ജെ.പിയുടെ പോളിങ് ഏജന്റായിട്ടാണ് അമിത് ഷായുടെ രാഷ്ട്രീയ പ്രവേശനം. 2002-ല്‍ ആദ്യമായി ഗുജറാത്തില്‍ മന്ത്രിയായി. 2010-ല്‍ സൊഹ്റാബുദ്ദീന്‍ ഏറ്റമുട്ടല്‍ കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചു. മൂന്ന് മാസത്തോളം ജയിലില്‍ കിടന്നു. കൊലപാത കുറ്റമടക്കം അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. പിന്നീട് പ്രത്യേക സി.ബി.ഐ കോടതി ഷായെ വെറുതെ വിട്ടു.
അതേസമയം, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷം നിയന്ത്രണാതീതമായി തുടരുന്ന കശ്മീരിലെ സംഘര്‍ഷാവസ്ഥയാണ് ആഭ്യന്തര മന്ത്രാലയത്തില്‍ പുതുതായി ചുമതലയേറ്റ അമിത് ഷായ്ക്ക് മുമ്പിലുള്ള സുപ്രധാന വെല്ലുവിളി.
ബി.ജെ.പിക്ക് സഭയില്‍ ഒറ്റക്കു ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ കശ്മീരിന്റെ സ്വയംഭരണവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 370, 35 (എ) എന്നീ വകുപ്പുകള്‍ റദ്ദാക്കുന്ന കാര്യത്തില്‍ പാര്‍ട്ടി പ്രഖ്യാപിത നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമോ എന്നാണ് അറിയാനുള്ളത്. രാജ്നാഥ് സിംഗിന്റെ കാലത്ത് മാവോയിസ്റ്റ് കലാപം നിയന്ത്രിക്കുന്നതില്‍ കൈവരിച്ച നേട്ടങ്ങള്‍ ഷായ്ക്ക് മുന്നോട്ടു കൊണ്ടുപോവാനായേക്കും.
പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക ജൂലൈ 31നാണ് പുറത്തുവരിക. കരടു പട്ടികയില്‍ ഇടം കണ്ടെത്താതെ പോയ 40 ലക്ഷം പേരുടെ കാര്യത്തില്‍ എന്തായിരിക്കും പുതിയ സര്‍ക്കാറിന്റെ തീരുമാനമെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഹിന്ദുത്വ ഭീകരാക്രമണങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്നും പ്രജ്ഞാ സിംഗിനെതിരെ രജിസ്റ്റര്‍ ചെയ്തത് പകപോക്കല്‍ കേസുകളാണെന്നും പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് സനാതന്‍ സംസ്ത ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ഭാവി എന്താകുമെന്നും ചോദ്യചിഹ്നമാണ്.
പാര്‍ട്ടി അധ്യക്ഷനായിരിക്കെ സംസ്ഥാന ഭരണങ്ങളില്‍ അമിത് ഷാ നടത്തിയ ഇടപെടലുകള്‍ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ അദ്ദേഹം തുടരുമോ എന്ന ആശങ്കയും ശക്തമാവുന്നുണ്ട്.
എല്ലാത്തിനുമുപരി വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ അറിയപ്പെട്ട നേതാവായി മാറിയ തെലങ്കാനായിലെ ബി.ജെ.പി നേതാവാണ് ഷായുടെ സഹമന്ത്രിയായി ചുമതലയേറ്റ കിഷന്‍ റെഡ്ഡി. ഇതോടെ ന്യൂനപക്ഷങ്ങളോടുള്ള നിലപാടില്‍ കൂടുതല്‍ കാര്‍ക്കശ്യം ഉണ്ടാവുമെന്ന ഭയവും ഉയരുന്നുണ്ട്.