സലിം കുമാറിന് ആദ്യമായി അഭിനയിക്കാന്‍ സിനിമയില്‍ അവസരം ലഭിച്ചതിനെ കുറിച്ചും ഏറെ സന്തോഷത്തോടെ ലൊക്കേഷനിലെത്തിയ സലിം കുമാറിനെ അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ കുറിച്ചും പറയുകയാണ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്.
മാധ്യമം ആഴ്ചപ്പതിപ്പിലെഴുതിയ നിറഭേദങ്ങള്‍ എന്ന ആത്മകഥയിലാണ് സിനിമയിലേക്കുള്ള സലിം കുമാറിന്റെ വരവിനെ കുറിച്ച് കലൂര്‍ ഡെന്നീസ് പറയുന്നത്. സുരേഷ് ഗോപിയെ നായകനാക്കി സുവര്‍ണ സിംഹാസനം എന്ന സിനിമയുടെ തിരക്കഥ എഴുതുന്ന വേളയിലാണ് സലിം കുമാറിനെ താന്‍ ആദ്യമായി പരിചയപ്പെടുന്നതെന്നും ഹൈവേ ഗാര്‍ഡനിലെ മുറിയിലെത്തി തന്നെ പരിചയപ്പെട്ട സലിം കുമാറിന് സിനിമയില്‍ എങ്ങനെയെങ്കിലും എത്തണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.
അങ്ങനെയിരിക്കെ ഒരുദിവസം സലിംകുമാര്‍ ഒരു സന്തോഷ വാര്‍ത്തയും കൊണ്ടാണ് ഞങ്ങളുടെ മുറിയിലേക്ക് വന്നതെന്നും സംവിധായകന്‍ സിബി മലയിലിന്റെ ‘നീ വരുവോളം’ എന്ന ദിലീപ് ചിത്രത്തില്‍ സലിമിന് ഒരവസരം ലഭിച്ചിരിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്തയെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.
‘അതുകേട്ട് സലിമിന്റെ സന്തോഷത്തില്‍ ഞങ്ങളും പങ്കുചേര്‍ന്നു. ഒരു മിമിക്രി കലാകാരന്‍ കൂടി രക്ഷപ്പെടുമല്ലോ എന്ന് ഞാന്‍ തമാശയായി പറയുകയും ചെയ്തു. കോട്ടയത്താണ് ‘നീ വരുവോള’ത്തിന്റെ ലൊക്കേഷന്‍. നാളെ രാവിലെ തന്നെ ലൊക്കേഷനില്‍ എത്തണമെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞിരിക്കുന്നത്. സലിം വല്ലാത്ത ആങ്‌സൈറ്റിയില്‍ പറഞ്ഞു.
എന്നെ അവര്‍ കണ്ടിട്ടുണ്ടോ എന്നറിയില്ല… എനിക്ക് പറ്റിയ വേഷമായാല്‍ മതിയായിരുന്നു. ചെറിയൊരു അപകര്‍ഷതാ ബോധത്തോടെ സലിം പറഞ്ഞപ്പോള്‍ ഞാനും വിശ്വംഭരനും കൂടി സലിമിന് ആത്മവിശ്വാസം പകരുകയായിരുന്നു.
‘അഭിനയത്തിന് അങ്ങനെ രൂപവും നിറവുമൊന്നും ഒരു പ്രശ്‌നമല്ല. കഥാപാത്രമായി മാറാനുള്ള കഴിവാണ് വേണ്ടത്…’, ഞാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങളുടെ അനുഗ്രഹവും വാങ്ങിയാണ് പിറ്റേന്ന് രാവിലെതന്നെ സലിം കോട്ടയത്തേക്ക് പോയത്.
നാലഞ്ചു ദിവസം കഴിഞ്ഞ് ഞങ്ങളിരുന്ന് സുവര്‍ണ സിംഹാസനത്തിന്റെ ആര്‍ട്ടിസ്റ്റ് സെലക്ഷന്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കോട്ടയത്തുനിന്ന് സുഹൃത്ത് അലക്‌സാണ്ടര്‍ വിളിക്കുന്നത്. സിബി മലയിലിന്റെ ലൊക്കേഷനില്‍ നിന്നാണ് അവന്‍ വിളിക്കുന്നത്.
സംസാരത്തിനിടയില്‍ സലിംകുമാറിന്റെ വിഷയവും കടന്നുവന്നു. സലിമിന്റെ അഭിനയം ശരിയാകാത്തതിനാല്‍ ലൊക്കേഷനില്‍നിന്ന് തിരിച്ചയച്ചെന്നും പകരക്കാരനായി ആ വേഷം അഭിനയിക്കുന്നത് ഇന്ദ്രന്‍സാണെന്നും പറഞ്ഞു. അതുകേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി.
രണ്ടു ദിവസം കഴിഞ്ഞ് സലിംകുമാര്‍ ഞങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലെത്തി. വളരെ പ്രത്യാശയോടെ അഭിനയിക്കാന്‍ പോയിട്ട് തന്നെ അഭിനയിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിന്റെ വിഷമമൊക്കെ സലിമിന്റെ മുഖത്ത് കാണാമായിരുന്നെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ഒരു നനഞ്ഞ ചിരിയോടെ ഞങ്ങളുടെ മുന്നില്‍ ഭംഗിയായി അഭിനയിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് ലൊക്കേഷനിലുണ്ടായ സംഭവങ്ങളൊക്കെ വിശദമായി പറയാന്‍ തുടങ്ങിയത്.
അഭിനയിക്കാന്‍ അറിയില്ലെന്നു പറഞ്ഞ് ലൊക്കേഷനില്‍നിന്ന് പറഞ്ഞുവിട്ട പലരും പിന്നീട് സിനിമയില്‍ വളരെ സജീവ സാന്നിധ്യമായിട്ടുണ്ട്. ശിവാജി ഗണേശനെയും അമിതാഭ് ബച്ചനെയും വരെ സിനിമക്ക് പറ്റിയ മുഖമല്ല, ഉയരം കുറവ്, ഉയരക്കൂടുതല്‍, അഭിനയം ശരിയല്ല തുടങ്ങിയ ന്യൂനതകള്‍ പറഞ്ഞ് പലരും അവസരം നിഷേധിച്ചിട്ടുള്ളതാണ്.
ആ ശിവാജി ഗണേശനെയാണ് പിന്നീട് നമ്മള്‍ അഭിനയസാമ്രാട്ടും നടികര്‍ തിലകവും എന്നൊക്കെയുള്ള വിശേഷണങ്ങള്‍ നല്‍കി സിംഹാസനത്തില്‍ കയറ്റിയിരുത്തിയതും. അതിനെയാണ് കാലം എന്നു പറയുന്നത്. കാലം തന്റെ മാന്ത്രികവടികൊണ്ട് എന്തെല്ലാം മായാജാലങ്ങളാണ് കാട്ടിക്കൂട്ടുന്നത്. ഞാനും വിശ്വംഭരനുംകൂടി ഓരോ അനുഭവകഥകള്‍ പറഞ്ഞ് സലിമിനെ ആശ്വസിപ്പിക്കുകയായിരുന്നു.
ഞങ്ങള്‍ പറയുന്നത് കേട്ട് സലിം ചിരിക്കുന്നുണ്ടെങ്കിലും ആ മുഖത്തുനിന്ന് നിരാശയുടെ നിഴല്‍വെട്ടം മാഞ്ഞിരുന്നില്ല, അതു കണ്ടപ്പോള്‍ ഞങ്ങള്‍ സലിമിന് ഒരു ഓഫര്‍ കൊടുത്തു, ‘സുവര്‍ണ സിംഹാസന’ത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം കൊടുക്കാമെന്നായിരുന്നു അത്. ഞങ്ങളുടെ വാക്കുകള്‍ സലിമിന്റെ മനസ്സില്‍ കുളിര്‍മഴ പെയ്തതുപോലെയായിരുന്നു.
ഒരു മാസം കഴിഞ്ഞപ്പോള്‍ ‘സുവര്‍ണ സിംഹാസന ‘ത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് ആരംഭിച്ചു. സുരേഷ് ഗോപി, മുകേഷ്, ജഗദീഷ്, ജഗതി, നരേന്ദ്ര പ്രസാദ്, തമിഴ്‌നടി രഞ്ജിത, കവിയൂര്‍ രേവമ്മ, അഞ്ജു അരവിന്ദ്, ടോണി, രാധാദേവി തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. ഞങ്ങള്‍ പറഞ്ഞുപോലെതന്നെ സലിംകുമാറിന് ചെറിയ വേഷമാണെങ്കില്‍ കൂടി ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം നല്‍കുകയും ചെയ്തു. കൂടാതെ ഞാനെഴുതിയ ‘മേരാ നാം ജോക്കറി’ലും ഒരു മുഴുനീള ഹാസ്യകഥാപാത്രമാണ് സലിമിന് നല്‍കിയത്. തുടര്‍ന്ന് ചെറിയ ചെറിയ വേഷങ്ങളിലൂടെ വളര്‍ന്ന് മലയാള സിനിമയിലെ ഒന്നാം നമ്പര്‍ കൊമേഡിയനായി സലിം മാറി. അതോടെ സലിമിന്റെ സാന്നിധ്യത്തിനുവേണ്ടി നിര്‍മാതാക്കളും സംവിധായകരും കാത്തിരിക്കാന്‍ തുടങ്ങി.
അന്ന് ‘നീ വരുവോളം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്ന് അഭിനയിക്കാനറിയില്ലെന്നും പറഞ്ഞ് മടക്കിയയച്ച ആ സലിംകുമാറിനെയാണ് ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നല്‍കി ഇന്ത്യാ മഹാരാജ്യം ആദരിച്ചതെന്നും സലിംകുമാര്‍ ഇത്രയേറെ ഉയരങ്ങളിലെത്തിയെങ്കിലും ആദ്യമായി തന്നെ കാണാന്‍ ഹൈവേ ഗാര്‍ഡനില്‍ വന്ന അന്നത്തെ ആ സലിംകുമാറിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഇന്നും ഒരു മാറ്റവും വന്നിട്ടില്ലെന്നും കലൂര്‍ ഡെന്നീസ് തന്റെ ആത്മകഥയില്‍ കുറിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക