പത്തനംതിട്ട: മലയാലപ്പുഴയില്‍ വീണ്ടും ആഭിചാരക്രിയകളുടെ പേരില്‍ തട്ടിപ്പ്. മന്ത്രവാദ തട്ടിപ്പ് കേസില്‍ നേരത്തെ പിടിയിലായ വാസന്തി അമ്മ മഠത്തിനെതിരിയാണ് വീണ്ടും ആരോപണമുയര്‍ന്നിരിക്കുന്നത്. മലയാലപ്പുഴയില്‍ ആഭിചാരക്രിയകള്‍ നടത്തിയതിന്റെ പണം നല്‍കിയില്ലെന്ന് ആരോപിച്ച് കുടുംബത്തെ അഞ്ച് ദിവസം പൂട്ടിയിട്ടതായി പരാതിയുണ്ട്.
പത്തനാപുരം സ്വദേശികളാണ് പൂട്ടിയിട്ടതായി പരാതി ഉന്നയിച്ചത്. അഞ്ച് ദിവസം തങ്ങളെ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് കുടുംബം ആരോപിച്ചു. പൂട്ടിയിട്ട മൂന്ന് പേരില്‍ ഏഴ് വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. ഇതേതുടര്‍ന്ന് മന്ത്രവാദ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധം സംഘടിപ്പിച്ചു. ഇലന്തൂര്‍ നരബലിയുണ്ടായിരുന്ന സമയത്ത് മലയാലപ്പുഴയിലെ ഈ മന്ത്രവാദ കേന്ദ്രം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് പുതിയപ്പാട് സ്വദേശികളായ ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. വാസന്തീ മഠം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ കുട്ടികളെപ്പോലും മന്ത്രവാദത്തിന് വിധേയമാക്കുന്നു എന്നായിരുന്നു പരാതി. ചതി, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അന്ന് പൊലീസ് കേസെടുത്തിരുന്നത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണിപ്പോള്‍ ആഭിചാര ക്രിയകള്‍ നടത്തുന്നതെന്നാണ് പരാതി.
മന്ത്രവാദ കേന്ദ്രത്തില്‍ ഒരു കുട്ടിയെ ഉപയോഗിച്ച് പൂജകള്‍ നടത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിടേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയായിരുന്നു.