ന്യൂദൽഹി: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ സി.ആർ.പി.എഫ് സുരക്ഷ പിൻവലിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. പെൺകുട്ടിക്ക് നേരെ ഇപ്പോഴും ഭീഷണിയുണ്ടെന്ന് കോടതി പറഞ്ഞു.
അതേസമയം ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച്, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കും മറ്റ് സാക്ഷികൾക്കും നൽകിയിരുന്ന സി.ആർ.പി.എഫ് സുരക്ഷ പിൻവലിച്ചു. പ്രതിക്ക് ഇതിനോടകം തന്നെ ശിക്ഷ ലഭിച്ചെന്നും അതിനാൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കും മറ്റ് സാക്ഷികൾക്കും നൽകിയിരുന്ന സുരക്ഷ പിൻവലിക്കാമെന്ന് കോടതി പറഞ്ഞു.
‘കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചതിനാൽ, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കും മറ്റ് സാക്ഷികൾക്കും നൽകിയിരുന്ന സി.ആർ.പി.എഫ് സുരക്ഷ കോടതി പിൻവലിക്കുകയാണ്. അതേസമയം, ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിക്കുള്ള സി.ആർ.പി.എഫ് പരിരക്ഷ ഈ കോടതിയുടെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തുടരണമെന്നും ഞങ്ങൾ വ്യക്തമാക്കുന്നു,’ ബെഞ്ച് പറഞ്ഞു.
അതേസമയം കുടുംബാംഗങ്ങൾക്കും മറ്റ് സാക്ഷികൾക്കും ഇപ്പോഴും എന്തെങ്കിലും ഭീഷണി തോന്നിയാൽ ലോക്കൽ പൊലീസിനെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി കൂട്ടിച്ചേർത്തു.
2019 ലെ കോടതി ഉത്തരവിനെത്തുടർന്ന് കുടുംബത്തിന് നൽകിയിരുന്ന സി.ആർ.പി.എഫ് സുരക്ഷാ പരിരക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നൽകിയ ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
2017ൽ ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ് കുൽദീപ് സിങ് സെൻഗാർ ഇപ്പോൾ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിക്കും, അമ്മയ്ക്കും, കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും, അവരുടെ അഭിഭാഷകനും സി.ആർ.പി.എഫിന്റെ സുരക്ഷ നൽകാൻ 2019 ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ബലാത്സംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളും സുപ്രീം കോടതി ലഖ്‌നൗവിൽ നിന്ന് ദൽഹിയിലേക്ക് മാറ്റിയിരുന്നു. ദിവസേന വിചാരണ നടത്താനും 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനും നിയുക്ത പ്രത്യേക കോടതിക്ക് നിർദേശവും നൽകിയിരുന്നു.
അതിജീവിതക്ക് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്നും ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഉന്നാവോ ബലാത്സംഗ കേസിൽ വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്ത് സെൻഗാർ സമർപ്പിച്ച അപ്പീൽ ദൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2019 ഡിസംബറിൽ വിചാരണ കോടതി തനിക്ക് ജീവിതകാലം മുഴുവൻ തടവ് ശിക്ഷ വിധിച്ച വിധി റദ്ദാക്കണമെന്നാണ് സെൻഗാർ ആവശ്യപ്പെടുന്നത്.
ആയുധ നിയമപ്രകാരം ഒരു കേസിൽ പെൺകുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും 2018 ഏപ്രിൽ ഒമ്പതിന് കസ്റ്റഡിയിൽ വെച്ച് അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ കേസിൽ സെൻഗാറിന് കോടതി 10 വർഷത്തെ കഠിന തടവ് വിധിച്ചു.
Content Highlight: SC refuses to withdraw CRPF security cover of Unnao rape survivor