1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് സത്യന്‍ അന്തിക്കാട്. കാലങ്ങള്‍ക്കിപ്പുറവും കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി നിലനില്‍ക്കുകയാണ് അദ്ദേഹം. പ്രേക്ഷകരോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളാണ് സത്യന്‍ അന്തിക്കാട് എന്നും ഒരുക്കിയിട്ടുള്ളത്.
സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ സ്ഥിര സാന്നിധ്യമായിരുന്നു മാമുക്കോയ, ഇന്നസെന്റ്, കെ.പി.എ.സി ലളിത, നെടുമുടി വേണു തുടങ്ങിയവര്‍. ഇന്നസെന്റിനെ കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. ഇന്നസെന്റ് പുതിയ വീട് വെച്ച് താമസം തുടങ്ങിയപ്പോള്‍ ഒരാള്‍ കാണാന്‍ വന്നെന്നും ഹൈസ്‌കുളിലെ ഗ്രൂപ്പ് ഫോട്ടോ എവിടെയെന്ന് ചോദിച്ചെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
ആന്നൊക്കെ ഹൈസ്‌കുളിലെ ഗ്രൂപ്പ് ഫോട്ടോ ഉണ്ടെങ്കില്‍ പത്താം ക്ലാസ് ജയിച്ചെന്നാണ് അര്‍ത്ഥമെന്നും ഇന്നസെന്റിനെ കൊച്ചാക്കി കാണിക്കാനാണ് അയാള്‍ അത് പറഞ്ഞെതെന്നും സത്യം അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. ഹൈസ്‌കുളിലെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പകരം പാര്‍ലമെന്റ് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ കാണിച്ച് കൊടുത്തെന്നും അദ്ദേഹം പറഞ്ഞു.
‘പുതിയ വീട് വെച്ച് താമസിക്കാന്‍ തുടങ്ങിയ സമയത്ത് ഒരു ദിവസം ഇന്നസെന്റ് പറഞ്ഞു ‘ചില സന്ദര്‍ശകരുണ്ട്. അത് ബന്ധുക്കളോ പരിചയക്കാരോ ആകാം. നമ്മളെയൊന്ന് കൊച്ചാക്കിക്കാണിക്കാന്‍ വലിയ താത്പര്യമാണ്. ഈയിടെ വന്ന ഒരാള്‍ ചോദിച്ചു, ഇന്നസെന്റേട്ടന്റെ ഹൈസ്‌കുളിലെ ഗ്രൂപ്പ് ഫോട്ടോ ഒന്നും ഇവിടെ കാണുന്നില്ലല്ലോ’ എന്ന്.
പണ്ട് പത്താംക്ലാസിലെ പരീക്ഷ കഴിഞ്ഞാല്‍ ഹെഡ്മാസ്റ്ററോടൊപ്പം ഇരുന്ന് കുട്ടികളുടെ ഫോട്ടോ എടുക്കുന്ന പതിവുണ്ട്. പല വീടുകളിലും ആ ഫോട്ടോ ഫ്രെയിം ചെയ്ത് വയ്ക്കാറുമുണ്ട്. അത് കാണുന്നില്ലല്ലോ എന്ന് ചോദിക്കുന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ പത്താം ക്ലാസുവരെ പഠിച്ചിട്ടില്ലല്ലോ എന്ന ഓര്‍മപ്പെടുത്തല്‍ തന്നെയാണ്.
ഇന്നസെന്റ് അയാളോട് പറഞ്ഞു ‘സ്‌കൂളിലെ ഗ്രൂപ്പ് ഫോട്ടോ ഇല്ല. പക്ഷേ, വേറൊരു ഫോട്ടോ ഉണ്ട്. എന്നിട്ട് ഒരു ചുമരിന്റെ മുഴുവന്‍ വലുപ്പത്തില്‍ പതിച്ചുവെച്ചിട്ടുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ കാണിച്ചുകൊടുത്തു’ എന്ന്. അതില്‍ ഇന്നസെന്റിന്റെ കൂടെ നില്‍ക്കുന്നത് നരേന്ദ്ര മോദിയടക്കമുള്ള കേന്ദ്രമന്ത്രിമാരും രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയുമൊക്കെയാണ്. സന്ദര്‍ശകന്റെ പരിഹാസമുന ഒടിഞ്ഞു. അധികനേരം അവിടെ നില്‍ക്കാതെ അയാള്‍ സ്ഥലംവിട്ടു,’ സത്യന്‍ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad talks about Innocent