Advertisement
Entertainment
മോഹന്‍ലാല്‍ ആ ഫൈറ്റ് കൊറിയോഗ്രഫി ചെയ്തത് കണ്ട് ഇന്നസെന്റ് പറഞ്ഞത് നടനായില്ലായിരുന്നെങ്കില്‍ ഇവന്‍ നമ്മുടെ ത്യാഗരാജനായേനെ എന്നായിരുന്നു: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 21, 03:01 am
Sunday, 21st July 2024, 8:31 am

കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാളസിനിമയുടെ മുഖമായി മാറിയ നടനാണ് മോഹന്‍ലാല്‍. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് മോഹന്‍ലാല്‍. കരിയറിന്റെ നാല്പതാം വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന സമയത്ത് പുതിയൊരു റോളിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് താരം. ബാറോസ് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ പോവുകയാണ് താരം.

മോഹന്‍ലാലിന്റെയുള്ളില്‍ ഒരു സംവിധായകനുണ്ടെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. വരവേല്‍പ് എന്ന സിനിമ ചെയ്യുന്ന സമയത്ത് ത്യാഗരാജന്‍ മാസ്റ്റര്‍ക്ക് ഒരു ദിവസം വരാന്‍ കഴിഞ്ഞില്ലെന്നും എന്ത് ചെയ്യുമെന്നറിയാതെ നിന്നപ്പോള്‍ ഫൈറ്റ് കൊറിയോഗ്രാഫി ചെയ്യാമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ മുന്നോട്ടു വന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

ആ ഫൈറ്റിന്റെ ഓരോ ഷോട്ടും ഡിവൈഡ് ചെയ്ത് നല്ല രീതിയില്‍ കൊറിയോഗ്രഫി ചെയ്‌തെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. മോഹന്‍ലാലിന്റെ ഫൈറ്റ് കൊറിയോഗ്രഫി കണ്ടിട്ട് നടനായില്ലായിരുന്നെങ്കില്‍ മോഹന്‍ലാല്‍ നമ്മുടെ ത്യാഗരാജനായേനെയെന്ന് ഇന്നസെന്റ് തന്നോട് പറഞ്ഞെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

മോഹന്‍ലാല്‍ ത്യാഗരാജനാണെങ്കില്‍ താന്‍ സാന്റോ കൃഷ്ണനായേനെയെന്ന് ശ്രീനിവാസന്‍ അതിന് കൗണ്ടര്‍ പറഞ്ഞുവെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. വനിതാ ഫിലിം അവാര്‍ഡ്‌സ് ചടങ്ങിലായിരുന്നു സത്യന്‍ അന്തിക്കാട് ഇക്കാര്യം പറഞ്ഞത്.

‘കരിയറില്‍ ഇത്ര വര്‍ഷം പിന്നിടുമ്പോഴാണ് മോഹന്‍ലാല്‍ സംവിധാനരംഗത്തേക്ക് കടക്കുന്നത്. മോഹന്‍ലാലിന്റെയുള്ളില്‍ ഒരു സംവിധായകനുണ്ടെന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു. വരവേല്‍പ് എന്ന സിനിമയിലെ ഒരു ഫൈറ്റ് കൊറിയോഗ്രഫി ചെയ്തത് മോഹന്‍ലാലാണ്. ആ സിനിമുടെ ഫൈറ്റ് മാസ്റ്റര്‍ ത്യാഗരാജന്‍ മാസ്റ്ററായിരുന്നു. ഒരു ദിവസം പുള്ളിക്ക് വരാന്‍ പറ്റിയില്ല.

 

എന്ത് ചെയ്യുമെന്നറിയാതെ നിന്നപ്പോള്‍ ലാല്‍ വന്നിട്ട് പറഞ്ഞു, ‘ഞാന്‍ കൊറിയോഗ്രഫി ചെയ്യാം’ എന്ന് പറഞ്ഞ് ലാല്‍ മുന്നോട്ട് വന്നു. ഓരോ ഷോട്ടും കറക്ടായി ഡിവൈഡ് ചെയ്ത് ഷോട്ടുകള്‍ ഫിക്‌സ് ചെയ്ത് ആ ഫൈറ്റ് മനോഹരമായി ലാല്‍ ഡിസൈന്‍ ചെയ്തു. ഇത് കണ്ടിട്ട് ഇന്നസെന്റ് പറഞ്ഞത് ‘നടനായില്ലായിരുന്നെങ്കില്‍ ഇവന്‍ നമ്മുടെ ത്യാഗരാജനായേനെ’ എന്നായിരുന്നു. ‘ലാല്‍ ത്യാഗരാജനാണെങ്കില്‍ ഞാന്‍ സാന്റോ കൃഷ്ണനാകും’ എന്നായിരുന്നു ശ്രീനി അതിന് പറഞ്ഞ മറുപടി,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkad shares the shooting experience of Varavelpu movie