ജലീലിന്റെ രാജിക്കായുള്ള സമരത്തെ മറയാക്കി ഖുറാനെ അവഹേളിക്കുന്നു: എസ്.കെ.എസ്.എസ്.എഫ്
Kerala News
ജലീലിന്റെ രാജിക്കായുള്ള സമരത്തെ മറയാക്കി ഖുറാനെ അവഹേളിക്കുന്നു: എസ്.കെ.എസ്.എസ്.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th September 2020, 7:19 pm

കോഴിക്കോട്: സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെടുത്തി മന്ത്രിയുടെ രാജിക്ക് വേണ്ടിയുള്ള സമരങ്ങളും വിവാദങ്ങളും നടക്കുന്നതിന്റെ മറവില്‍ ഖുറാനെ അവഹേളിക്കാനും യു.എ.ഇയുമായുള്ള ബന്ധത്തെ തെറ്റായി വ്യാഖാനിക്കാനും ശ്രമങ്ങള്‍ നടക്കുന്നതായി എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍.

ഖുറാനെ അവഹേളിക്കാനും, കേരളവും യു.എ.ഇയുമായുള്ള നല്ല ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കാനും ഇവിടെ ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഭാഗമാണ് ‘ഈത്തപ്പഴവും ഖുര്‍ആനും വിതരണം ചെയ്ത് ജിഹാദ് നടത്തുകയാണ്’ എന്ന സംഘ് പരിവാര്‍ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ യില്‍ നിന്ന് ഖുറാന്‍ കൊണ്ടുവന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞ് എം.പിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് നല്ല കീഴ്‌വഴക്കമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ പ്രതികരണം.

‘മന്ത്രി ജയരാജനെ വേഗത്തില്‍ രാജിവെപ്പിച്ചത് അദ്ദേഹം ഹിന്ദുവായത് കൊണ്ടാണെന്നും ഇപ്പോഴത്തെ വിവാദ മന്ത്രിയെ മുന്നണി സംരക്ഷിക്കുന്നത് മുസ്‌ലീം ആയത് കൊണ്ടാണെന്നും ചാനലുകളില്‍ വന്നിരുന്നു ഇവര്‍ പച്ചക്ക് വര്‍ഗീയത വിളമ്പുന്നു. മലയാള മനോരമ പോലുള്ള പ്രമുഖ പത്രങ്ങള്‍ ഖുറാന്‍ പ്രതീകാത്മക കാര്‍ട്ടൂണ്‍ വരച്ച് അതിലേക്ക് ചൂണ്ടി ‘ഇതെല്ലാം കെട്ടുകഥയാ’ണെന്ന് ഷാര്‍ലി എബ്ദോ മോഡല്‍ സംസാരിക്കുന്നു’, സത്താര്‍ പന്തല്ലൂര്‍ കുറിച്ചു.

ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തി എന്ന ആരോപണം ശരിയാണെങ്കില്‍ അത് തെളിയിക്കപ്പെടുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും വേണം. എന്നാല്‍ അതിന്റെ മറവില്‍ മതത്തെയും മത ചിഹ്നങ്ങളെയും വേട്ടയാടാനുള്ള ശ്രമങ്ങള്‍ അനുവദിച്ചുകൂടായെന്നും സത്താര്‍ പന്തലൂര്‍ പറഞ്ഞു.

സമരങ്ങളില്‍ സൂക്ഷ്മത പാലിക്കണമെന്ന് പറയുമ്പോള്‍ എങ്കില്‍ സ്വര്‍ണ്ണക്കടത്തില്‍ അവരുടെ പങ്ക് അന്വേഷിക്കണമെന്ന് പോലും പറയുന്നുവെന്നും സത്താര്‍ പന്തലൂര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം സമാന അഭിപ്രായവുമായി സുന്നി യുവജനസംഘം എ.പി വിഭാഗവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വര്‍ണ്ണക്കടത്ത് കേസില്‍ കാന്തപുരം അടക്കമുള്ള മതനേതാക്കളുടെ ഇടപെടലും പരിശോധിക്കണമെന്ന് പറഞ്ഞത്.

സത്താര്‍ പന്തലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഖുര്‍ആന്റെ
മറവില്‍
ഇതു വേണോ …

സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെടുത്തി ഒരു മന്ത്രിയുടെ രാജിക്കു വേണ്ടിയുള്ള സമരങ്ങള്‍ ശക്തമായി നടക്കുകയാണല്ലോ. രാഷ്ട്രീയത്തില്‍ ഇത്തരം ആരോപണങ്ങളും സമരങ്ങളും പതിവ് കാഴ്ചയാണ്. അത് അതിന്റെ വഴിക്ക് നടക്കട്ടെ. മന്ത്രി കുറ്റക്കാരനാണെങ്കില്‍ രാജിമാത്രമല്ല, തക്ക ശിക്ഷയും വേണം.

എന്നാല്‍, ഇതിന്റെ മറവില്‍ വിശുദ്ധ ഖുര്‍ആനെ അവഹേളിക്കാനും, കേരളവും യു.എ.ഇയുമായുള്ള നല്ല ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കാനും ഇവിടെ ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഭാഗമാണ് ‘ഈത്തപ്പഴവും ഖുര്‍ആനും വിതരണം ചെയ്ത് ജിഹാദ് നടത്തുകയാണ്’ എന്ന സംഘ് പരിവാര്‍ പ്രചാരണം.

മുമ്പൊരു വിവാദത്തില്‍ മന്ത്രി ജയരാജനെ വേഗത്തില്‍ രാജിവെപ്പിച്ചത് അദ്ദേഹം, ഹിന്ദുവായത് കൊണ്ടാണെന്നും ഇപ്പോഴത്തെ വിവാദമന്ത്രിയെ മുന്നണി സംരക്ഷിക്കുന്നത് മുസ് ലിം ആയത് കൊണ്ടാണെന്നും ചാനലുകളില്‍ വന്നിരുന്നു ഇവര്‍ പച്ചക്ക് വര്‍ഗീയത വിളമ്പുന്നു. മലയാള മനോരമ പോലുള്ള പ്രമുഖ പത്രങ്ങള്‍ ഖുര്‍ആന്‍ പ്രതീകാത്മക കാര്‍ട്ടൂണ്‍ വരച്ച് അതിലേക്ക് ചൂണ്ടി ‘ഇതെല്ലാം കെട്ടുകഥയാ’ണെന്ന് ഷാര്‍ലി എബ്ദോ മോഡല്‍ സംസാരിക്കുന്നു.

സമരങ്ങളില്‍ സൂക്ഷ്മത പാലിക്കണമെന്നു പറയുമ്പോള്‍ എങ്കില്‍ സ്വര്‍ണക്കടത്തില്‍ അവരുടെ ബന്ധവും അന്വേഷിക്കണമെന്ന് പോലും പറയുന്നു. യു.എ.ഇ യില്‍ നിന്ന് ഖുര്‍ആന്‍ കൊണ്ടുവന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞു എം.പിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു.

ഇത് നല്ലൊരു കീഴ് വഴക്കമല്ല. ഈ വിഷയത്തെ മതവുമായി ബന്ധപ്പെടുത്തുന്നതും, ആ നിലക്ക് ചര്‍ച്ച കൊണ്ടു പോവുന്നതും മലയാളക്കരക്ക് അന്നം തരുന്ന യു.എ.ഇയുമായുള്ള നമ്മുടെ ബന്ധം വഷളാക്കുമെന്നു മാത്രമല്ല, ഭാവിയില്‍ യു.എ.ഇ ബന്ധമുള്ള എല്ലാവരെയും സംശയത്തിന്റെ കണ്ണോടെ മാത്രം കാണാന്‍ ഇടവരുത്തുകയും ചെയ്യും.

‘ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തി’ എന്ന ആരോപണം ശരിയാണെങ്കില്‍ അത് തെളിയിക്കപ്പെടുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും വേണം. പക്ഷേ, അതിന്റെ മറവില്‍ മതത്തെയും മത ചിഹ്നങ്ങളെയും വേട്ടയാടാനുള്ള ശ്രമങ്ങള്‍ അനുവദിച്ചുകൂടാ.


ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sathar Panthaloor KT Jaleel Muslim League Gold Smuggling