രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000ത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വല്ല്യേട്ടൻ. അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം ആ വർഷത്തെ കളക്ഷൻ റെക്കോഡുകൾ പലതും തകർത്തെറിഞ്ഞിരുന്നു. റിലീസ് ചെയ്ത് 24 വർഷങ്ങൾക്ക് ശേഷം 4k സാങ്കേതികവിദ്യയുടെ സഹായത്തോടെ കഴിഞ്ഞ വർഷം വല്ല്യേട്ടൻ റീ റിലീസ് ചെയ്തിരുന്നു.
പോളിയോ ബാധിച്ചതിനെ തുടർന്ന് ശാരീരികവെെകല്യം സംഭവിച്ച ശങ്കരൻകുട്ടി എന്ന മാധവനുണ്ണിയുടെ അനിയൻ കഥാപാത്രമായി ചിത്രത്തിൽ എത്തിയിരുന്നത് നടൻ സുധീഷായിരുന്നു. ചിത്രം റീ റിലീസ് ചെയ്തപ്പോൾ ഏറ്റവും കൂടുതൽ വിമർശനം കേട്ടതും ശങ്കരൻകുട്ടിയെ കളിയാക്കുന്ന ഭാഗങ്ങൾക്കായിരുന്നു.
ഇപ്പോൾ ചിത്രത്തിലെ അത്തരം ഡയലോഗുകളെ കുറിച്ച് സംസാരിക്കുകയാണ് സുധീഷ്. സമുദ്രനിരപ്പിൽ നിന്ന് മൂന്നടി മാത്രം ഉയരുമുള്ള നീ എന്ന് തുടങ്ങുന്ന ഡയലോഗ്, ഞൊണ്ടി എന്ന് വിളിക്കുന്നത് തുടങ്ങി ചിലത് ചിത്രത്തിൽ ഉണ്ടായിരുന്നുവെന്നും ഇന്നായിരുന്നുവെങ്കിൽ ഒരിക്കലും അത്തരം പ്രയോഗങ്ങൾ സിനിമയിൽ ഉണ്ടാകില്ലെന്നും സുധീഷ് പറയുന്നു.
എന്നാൽ ചിത്രത്തിൽ ‘ഞൊണ്ടി എന്ന് വിളിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം തെണ്ടി എന്ന് വിളിക്കുന്നതാണ്’ എന്നൊരു ഡയലോഗ് ഉണ്ടെന്നും സ്വഭാവത്തെ കളിയാക്കിയാലും ശാരീരികാവസ്ഥയെ കളിയാക്കരുത് എന്നാണ് അത് അർത്ഥമാക്കുന്നതെന്നും അത് ഇന്നത്തെ കാലം സംസാരിക്കുന്ന വിഷയങ്ങളോട് ചേർന്നുനിൽക്കുന്നതാണെന്ന് താൻ കരുതുന്നുവെന്നും സുധീഷ് പറഞ്ഞു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സമുദ്രനിരപ്പിൽ നിന്ന് മൂന്നടി മാത്രം ഉയരുമുള്ള നീ എന്ന് തുടങ്ങുന്ന ഡയലോഗ്, ഞൊണ്ടി എന്ന് വിളിക്കുന്നത് തുടങ്ങി ചിലത് ചിത്രത്തിലുണ്ട്. ഇന്നായിരുന്നെങ്കിൽ ഒരിക്കലും അത്തരം ഡയലോഗുകൾ സിനിമയിൽ ഉണ്ടാകില്ലായിരുന്നു. അന്ന് സോഷ്യൽ മീഡിയയോ ഇത്തരം ചർച്ചകളോ ഇല്ലല്ലോ.
അതേസമയം, ചിത്രത്തിൽ മറ്റൊരു ഡയലോഗ് കൂടി രഞ്ജിത്ത് എഴുതിയിട്ടുണ്ട്. ‘ഞൊണ്ടി എന്ന് വിളിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം തെണ്ടി എന്ന് വിളിക്കുന്നതാണ്’ എന്ന്. ശങ്കരൻകുട്ടി സിദ്ദിഖ് അവതരിപ്പിച്ച രഘുവിനോട് പറയുന്ന ഡയലോഗാണത്. എന്റെ സ്വഭാവത്തെ കളിയാക്കാം, പക്ഷെ ശാരീരികാവസ്ഥയെ അങ്ങനെ കളിയാക്കരുത് എന്നാണ് ആ കഥാപാത്രം പറയുന്നത്. അത് ഇന്നത്തെ കാലം സംസാരിക്കുന്ന വിഷയങ്ങളോട് ചേർന്നുനിൽക്കുന്നതാണെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ ആ വരികളെ കുറിച്ച് ആലോചിക്കുമ്പോൾ രഞ്ജിത്ത് മുൻകൂട്ടി കണ്ട് എഴുതിയത് പോലെ തോന്നുന്നു,’ സുധീഷ് പറയുന്നു.
Content Highlight: Sudheesh Talks About His Character In Valliettan Movie