Movie Day
മലയാളത്തിന്റെ ബാഹുബലിയാണ് ആ മോഹന്‍ലാല്‍ സിനിമയെന്ന് ആളുകള്‍ കരുതി, അത് തിരിച്ചടിയായി: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 24, 04:08 am
Thursday, 24th April 2025, 9:38 am

മോഹന്‍ലാല്‍-ശോഭന എന്നിവരെ പ്രധാന കഥാപാത്രമാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും റിലീസിന് ഒരുങ്ങുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം ഫീല്‍ഗുഡ് ജോണറിലാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.

ബുക്ക് മൈ ഷോയില്‍ ഉള്‍പ്പെടെ വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തുടരും.

ഒരു സിനിമയുടെ പ്രൊമോഷനും ഹൈപ്പും എത്രത്തോളം ആ സിനിമയുടെ വിജയ പരാജയങ്ങളെ നിര്‍ണയിക്കുമെന്ന് പറയുകയാണ് തരുണ്‍ മൂര്‍ത്തി.

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു തരുണിന്റെ മറുപടി. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ എന്നെ സംബന്ധിച്ച് മലൈക്കോട്ടെ വാലിബന്‍ ലിജോ ചേട്ടന്‍ ഉണ്ടാക്കിയ വേള്‍ഡില്‍ ലാലേട്ടന്‍ വന്ന് നിന്നു എന്ന് തോന്നിയ സിനിമയാണ്. ലാലേട്ടന് വേണ്ടി ഒരിക്കലും ലിജോ ചേട്ടന്‍ മാറിയിട്ടില്ല.

ലിജോ ചേട്ടന്‍ ഉണ്ടാക്കിയ വേള്‍ഡിലേക്ക് ലാലേട്ടനെ കൊണ്ടുവന്നു നിര്‍ത്തി. ലാലേട്ടന്‍ അത് ഭയങ്കരമായി എന്‍ജോയ് ചെയ്ത് ചെയ്യുകയും ചെയ്തു.

അതിന്റെ റിസള്‍ട്ട് എന്താണെന്നോ അത് ബോക്‌സ് ഓഫീസില്‍ എന്ത് നേടിയെന്നോ ആളുകള്‍ എങ്ങനെയാണ് ആ സിനിമയ്ക്ക് മേല്‍ പ്രതീക്ഷ വെച്ചതെന്നോ ഒന്നും ഞാന്‍ ചിന്തിക്കുന്നില്ല.

മറിച്ച് ഈ മാര്‍ക്കറ്റിങ് എന്ന് പറയുന്നത് സിനിമയെ സംബന്ധിച്ച് ഭയങ്കര പ്രധാനപ്പെട്ടതാണ്. നമ്മുടെ ഫസ്റ്റ് ലുക്ക് മുതല്‍ ആളുകള്‍ ഉറപ്പിച്ചു തുടങ്ങും ഈ സിനിമ എന്താണെന്ന്.

മലൈക്കോട്ടെ വാലിബന്റെ പ്രൊമോഷനും കാര്യങ്ങളുമൊക്കെ അത്രയേറെ ജൈജാന്റിക്കായിരുന്നു. ഒരു, ബാഹുബലി കൈന്‍ഡ് ഓഫ് കണ്ടന്റ് വരാന്‍ പോകുന്നു എന്നാണ് ഒരുവിഭാഗം ഓഡിയന്‍സ് കരുതിയത്.

അതായിരിക്കാം ഒരുപക്ഷേ ആ സിനിമയെ വേറൊരു രീതിയില്‍ ട്രിഗര്‍ ചെയ്യപ്പെട്ടത് എന്ന് വിചാരിക്കുന്നു. അതൊരു ബ്യൂട്ടിഫുള്‍ ക്രാഫ്റ്റാണ്. ലാലേട്ടന്‍ എന്ന ആര്‍ടിസ്റ്റിനെ ഒരു വേള്‍ഡില്‍ കൊണ്ടുനിര്‍ത്തിയതിന്റെ എക്‌സൈറ്റ്‌മെന്റ് എനിക്കുണ്ടായിരുന്നു.

എന്നാല്‍ അതിന്റെ മാര്‍ക്കറ്റിങ്ങിന്റെ കണ്ടന്റും ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോയും എന്തിന് ലാലേട്ടന്റെ ആ മീശയുള്‍പ്പെടെ ആളുകളില്‍ ഉണ്ടാക്കിയ ഒരു പ്രതീക്ഷയുണ്ട്.

ആ പ്രതീക്ഷയും കണ്ടന്റിന്റെ സ്വഭാവവും ആയിരിക്കാം കോണ്‍ഫ്‌ളിക്ട് ഉണ്ടാക്കിയത്. അത് ഞാന്‍ വലിയൊരു പാഠമായി കാണുന്നുണ്ട്. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് മുതല്‍ ഞാന്‍ അതിന്റെ ഒരു ഗ്രൗണ്ടഡ് ലെവല്‍ കീപ്പ് ചെയ്യാന്‍ പറയാറുണ്ട്.

മേക്കിങ് വീഡിയോയില്‍ ആണെങ്കിലും റൈറ്റപ്പില്‍ ആയാല്‍ പോലും അതിപ്പോള്‍ ക്രിഞ്ച് ആയാലും, നമ്മുടെ പിഴപ്പാണ് മറ്റുള്ളവന്റെ ക്രിഞ്ച്. ആ സിിനിമ എന്താണോ ആ രീതിയില്‍ തന്നെ വിടാന്‍ ശ്രമിച്ചിട്ടുണ്ട്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content Highlight: Director Tharun Moorthy about audience expectation level on Malaikkottai Valiban