Advertisement
national news
സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ്; ഇന്ത്യന്‍ പൗരനെതിരെ നടപടിയെടുത്ത് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 24, 04:48 am
Thursday, 24th April 2025, 10:18 am

സിംഗപ്പൂര്‍: മലേഷ്യൻ വിമാനത്തിലെ വനിതാ ക്യാബിന്‍ ക്രൂ അംഗത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇന്ത്യന്‍ പൗരനെതിരെ നടപടി.

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ ജീവനക്കാരിയെയാണ് ഇന്ത്യന്‍ യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ പരാതിയില്‍ രജത് എന്ന 20കാരനെതിരെ സിംഗപ്പൂര്‍ കോടതി നടപടിയെടുത്തു.

ഫെബ്രുവരി 28ന് രാവിലെയോടെയാണ് സംഭവം നടന്നത്. ഓസ്‌ട്രേലിയയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തില്‍ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. യുവതിയെ പ്രതി വിമാനത്തിലെ ടോയ്‌ലെറ്റിലേക്ക് തള്ളിയിട്ട് ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

ഒരു വനിതാ യാത്രക്കാരിയെ ശുചിമുറിയിലേക്ക് പോകാന്‍ സഹായിക്കുന്നതിനിടെ പരാതിക്കാരിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് ശുചിമുറിയിലേക്ക് യുവതിയെ തള്ളിയിടുകയും ചെയ്തു.

സംഭവം കണ്ട മറ്റൊരു യാത്രക്കാരിയാണ് യുവതിയെ രക്ഷിച്ചത്. പിന്നാലെ ചാങ്ങി എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്ത വിമാനത്തില്‍ നിന്ന് രജതിനെ എയര്‍പോര്‍ട്ട് പൊലീസ് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ ഇയാളെ ചൊവ്വാഴ്ച സിംഗപ്പൂര്‍ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയതായും വിവരമുണ്ട്.

തിങ്കളാഴ്ച സിംഗപ്പൂര്‍ പൊലീസ് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ‘മാന്യതയെ വ്രണപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ക്രിമിനല്‍ ബലപ്രയോഗം നടത്തിയതിന് രജതിനെതിരെ കുറ്റം ചുമത്തും’ എന്ന് പറഞ്ഞിരുന്നതായി ദി സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സിംഗപ്പൂരിലെ നിയമമനുസരിച്ച് മൂന്ന് വര്‍ഷം തടവ്, പിഴ, ചാട്ടവാറടി എന്നിവയോ അല്ലാത്തപക്ഷം ഇവയില്‍ ഏതെങ്കിലും ശിക്ഷകളോ ഒന്നിലധികം ശിക്ഷകള്‍ ഒരുമിച്ചോ ലഭിക്കാന്‍ സാധ്യതയുള്ള കേസാണിത്.

കേസില്‍ മെയ് 14 ന് വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. നിലവില്‍ യുവാവിനെ സംബന്ധിച്ച മറ്റു വിവരങ്ങളും ഇയാള്‍ എവിടേക്കാണ് യാത്ര തിരിച്ചതെന്ന വിവരവും സിംഗപ്പൂര്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

‘യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ് ക്യാബിന്‍ ക്രൂ എന്നതിനാല്‍ ഇത്തരം സംഭവങ്ങളെ ഗൗരവമായി കാണുന്നു,’ എയര്‍പോര്‍ട്ട് പൊലീസ് ഡിവിഷന്‍ കമാന്‍ഡര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എം. മാലതി പറഞ്ഞു.

Content Highlight: Court takes action against Indian national for allegedly trying to molest Singapore Airlines employee