Entertainment
ആ സിനിമയുടെ തെലുങ്ക് വേര്‍ഷനില്‍ ദുല്‍ഖറിന് ശബ്ദം നല്‍കിയത് ഞാനാണ്: നാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 24, 03:43 am
Thursday, 24th April 2025, 9:13 am

 

മാസ് മസാല ചിത്രങ്ങള്‍കൊണ്ട് നിറഞ്ഞ തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ കലാമൂല്യവും അതോടൊപ്പം തന്നെ വ്യവസായ മൂല്യവുമുള്ള സിനിമകള്‍ കൊണ്ട് ഇന്‍ഡസ്ട്രിയുടെതന്നെ പ്രതിച്ഛായ മാറ്റിയ അഭിനേതാവാണ് നാനി എന്ന പേരിലറിയപ്പെടുന്ന ഘണ്ടാ നവീന്‍ ബാബു. അദ്ദേഹം നായകനായെത്തിയ ജേഴ്‌സി, ശ്യാം സിംഗ റോയ്, ദസറ, ഹൈ നാന തുടങ്ങിയ സിനിമകളെല്ലാം ബോക്സ് ഓഫീസില്‍ ഹിറ്റുകളായിരുന്നു.

ഇപ്പോള്‍ ദുല്‍ഖറിനെ കുറിച്ച് സംസാരിക്കുകയാണ് നാനി.

ദുല്‍ഖര്‍ തന്റെ അടുത്ത സുഹൃത്താണെന്നും മലയാളത്തിലെന്ന പോലെ തന്നെ ഇപ്പോള്‍ തെലുങ്ക് പ്രേക്ഷകരുടെ ഇടയിലും അദ്ദേഹത്തിന് ഒരു അംഗീകാരം ഉണ്ടെന്നും നാനി പറയുന്നു. ഓകെ കണ്‍മണി എന്ന ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷനില്‍ ദുല്‍ഖറിന് ശബ്ദം നല്‍കിയത് താനാണെന്നും അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും നാനി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ ചിത്രമായ ഹിറ്റ് ദി തേര്‍ഡ് കേസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദുല്‍ഖര്‍ എന്റെ അടുത്ത സുഹൃത്താണ്. തീര്‍ച്ചയായും അദ്ദേഹം ഒരു മലയാളി ആക്ടര്‍ ആണ്. പക്ഷേ ഇപ്പോള്‍ തെലുങ്ക് പ്രേക്ഷകരുടെ ഇടയിലും അദ്ദേഹത്തിന് ഇവിടുത്തെ പോലെ തുല്യമായ ഒരു സ്ഥാനമുണ്ട്. ഞങ്ങള്‍ പരസ്പ്പരം കാണാറുണ്ട്. ഒരു തെലുങ്ക് സിനിമയില്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഓകെ കണ്‍മണിയുടെ തെലുങ്ക് വേര്‍ഷനില്‍ ദുല്‍ഖറിന് വേണ്ടി ഡബ്ബ് ചെയ്തത് ഞാനായിരുന്നു. അദ്ദേഹത്തിന്റെ കൂടെ സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ തനിക്ക് ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്ക് അദ്ദേഹത്തിന്റെ വര്‍ക്കുകള്‍ ഒരുപാട് ഇഷ്ടമാണ്,’നാനി പറയുന്നു.

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 2015 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഓ കാതല്‍ കണ്‍മണി അഥവാ ഓകെ കണ്‍മണി. ദുല്‍ഖറും നിത്യമേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മണി രത്‌നത്തിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.

Content Highlight: Nani talks about Dulquer Salmaan