പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരിച്ച ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖ്യ പരിശീലകനും മുന്‍ ബി.ജെ.പി എം.പിയുമായിരുന്ന ഗൗതം ഗംഭീറിന് വധഭീഷണി. ഐ.എസ്.ഐ.എസ് കശ്മീരില്‍ നിന്നാണ് ഗംഭീറിന് വധഭീഷണി ലഭിച്ചത്. ഇ-മെയില്‍ വഴിയാണ് ഗംഭീര്‍ വധഭീഷണി നേരിട്ടത്.
ഗംഭീര്‍ പൊലീസില്‍ എത്തി തന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഔദ്യോഗികമായി പരാതി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
‘ഞാന്‍ നിന്നെ കൊല്ലും’ എന്ന സന്ദേശമാണ് ഇ-മെയില്‍ വഴി ലഭിച്ചതെന്ന് ഇന്ത്യ ടുഡേയും റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 22ന് ഉച്ചയ്ക്കും വൈകുന്നേരവുമായി രണ്ട് തവണയാണ് ഗംഭീറിന് ഇ-മെയില്‍ വഴി വധഭീഷണി ലഭിച്ചത്. 2021ല്‍ പാര്‍ലമെന്റ് അംഗമായിരുന്ന സമയത്തും ഗംഭീറിന് സമാനമായി വധ ഭീഷണി ലഭിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരായിരുന്നു കൊല്ലപ്പെട്ടത്. 2019ലെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നാണ് പഹല്‍ഗാമിലെ ആക്രമണം. സംഭവത്തെക്കുറിച്ച് ഗംഭീര്‍ അപലപിക്കുകയും ചെയ്തിരുന്നു.
‘മരിച്ചവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഇതിന് ഉത്തരവാദികളായവര്‍ വിലകൊടുക്കും. ഇന്ത്യ തിരിച്ചടിക്കും,’ ഗംഭീര്‍ എക്‌സില്‍ എഴുതി. ഇതിന് പിന്നാലെയാണ് ഗംഭീറിന് വധ ഭീഷണി ലഭിച്ചത്.
Content Highlight: Gautam Gambhir receives death threat for his response to Pahalgam terror attack