തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചുള്ള പ്രസ്താവനയില്‍ മാപ്പ് പറയേണ്ടതില്ലെന്ന് ശശി തരൂര്‍ എം.പി. താന്‍ ഇത് 2014 മുതല്‍ പറയുന്ന കാര്യമാണെന്നും തികച്ചും വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍ വ്യക്തമാക്കി.
‘2014 ല്‍ പറഞ്ഞ കാര്യമാണ് താന്‍ വീണ്ടും ആവര്‍ത്തിച്ചത്. എല്ലാകാര്യത്തിലും അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ ജനങ്ങള്‍ നമ്മളെ ശ്രദ്ധിക്കുന്നത് നിര്‍ത്തും. എനിക്ക് ഇതില്‍ മാപ്പ് പറയേണ്ട ആവശ്യമില്ല. കാരണം ഞാന്‍ പറഞ്ഞിരിക്കുന്നത് അദ്ദേഹം ഒന്ന് രണ്ട് നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമ്മളതിനെ സ്വീകരിച്ചിട്ടില്ലെങ്കില്‍ ആരും നമ്മള്‍ പറയുന്നതിനെ പരിഗണിക്കില്ലയെന്നാണ്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്’
മോദി ബി.ജെ.പിയുേെട മാത്രം പ്രധാനമന്ത്രിയല്ലെന്നും ശശി തരൂര്‍ കൂട്ടി ചേര്‍ത്തു.
വ്യാഴാഴ്ചയായിരുന്നു മോദിയെ പിന്തുണച്ച് ജയറാം രമേശ് രംഗത്തുവന്നത്. ‘ 2014നും 2019നും ഇടയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രവര്‍ത്തനങ്ങളാണ് 30%ത്തിലേറെ വോട്ടു നേടി അധികാരത്തില്‍ തുടരാന്‍ സഹായകരമായത്. അത് പരിഗണിക്കേണ്ട സമയമാണിത്.’ എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്.
മോദിയെ അഭിനന്ദിക്കാനല്ല മറിച്ച് ഭരണരംഗത്ത് അദ്ദേഹം കൊണ്ടുവന്ന രീതി തിരിച്ചറിയാനാണ് താന്‍ രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെടുന്നതെന്നും ജയറാം രമേശ് വിശദീകരിച്ചിരുന്നു.