Sports News
രാജസ്ഥാന്‍ റോയല്‍സിലും എനിക്ക് പ്രതീക്ഷയില്ലായിരുന്നു; വെളിപ്പെടുത്തലുമായി സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 07, 11:51 am
Saturday, 7th September 2024, 5:21 pm

2025 ഐ.പി.എല്ലിന്റെ ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് ചൂട് പിടിച്ച് തുടങ്ങിയിരിക്കുകയാണ്. ഇതോടെ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനമേറ്റെടുത്ത വാര്‍ത്തകള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപറ്റനും മലയാളിയുമായ സഞ്ജു സാംസനെ ഐ.പി.എല്ലിന്റെ കളത്തില്‍ ഇറക്കിയതില്‍ പ്രധാനിയായിരുന്നു രാഹുല്‍ ദ്രാവിഡ്.

2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ട്രെയല്‍സില്‍ സഞ്ജുവിനെ തെരഞ്ഞെടുത്തെങ്കിലും ഒരു മത്സരം പോലും താരത്തിന് കളിക്കാന്‍ സാധിച്ചില്ലായിരുന്നു. പിന്നീട് 2013ല്‍ രാജസ്ഥാന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് വന്നതിന് ശേഷമുള്ള ട്രെയല്‍സിലായിരുന്നു സഞ്ജു രാജസ്ഥാന്‍ ടീമില്‍ എത്തുന്നത്.

അടുത്തിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സഞ്ജു സാംസണിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ആദ്യ ട്രെയല്‍സില്‍ പങ്കെടുത്ത അനുഭവത്തെക്കുറിച്ച് താരം സംസാരിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്.

‘ ചെറുപ്പത്തില്‍ ഞാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ട്രെയല്‍സിന് പോയിരുന്നു. അതിനാല്‍ രാജസ്ഥാന്റെ ട്രെയല്‍സില്‍ നിന്നും കാര്യമായ പ്രതീക്ഷ എനിക്ക് ഇല്ലായിരുന്നു. എന്ത് സംഭവിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ട്രെയല്‍സില്‍ അവര്‍ ഏത് തരം കളിക്കാരനെയാണ് തിരയുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു, എനിക്ക് തോന്നുന്നത് രാജസ്ഥാന്റെ രണ്ട് ദിവസത്തെ ട്രെയല്‍സിന് ഞാന്‍ നന്നായി കളിച്ചു.

അതിന് മുമ്പോ ശേഷമോ ഞാന്‍ നന്നായി ബാറ്റ് ചെയ്തിരുന്നില്ലെന്ന് തോന്നി. അന്ന് രാഹുല്‍ സാര്‍ എന്റെ അടുത്ത് വന്ന് ‘നീ ശരിക്കും നന്നായി കളിച്ചെന്നും നീ ഞങ്ങളുടെ ടീമിന് വേണ്ടി കളിക്കുമോ എന്നും ചോദിച്ചു. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലേയും ഇതിഹാസമായ രാഹുല്‍ സാര്‍ എന്നോട് അങ്ങനെ പറഞ്ഞത് എനിക്ക് വലിയ കോണ്‍ഫിഡന്‍സാണ് തന്നത്,’ സഞ്ജു പറഞ്ഞു.

അതേസമയം 2021ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത സഞ്ജു 2022ല്‍ ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടതോതെ കയ്യകലത്ത് നിന്നായിരുന്നു രാജസ്ഥാന് കിരീടം നഷ്ടമായത്.

കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായി രാജസ്ഥാന്‍ പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു. 14 മത്സരത്തില്‍ നിന്നും എട്ട് ജയവും ഒരു തോല്‍വിയുമായി 17 പോയിന്റോടെയാണ് രാജസ്ഥാന്‍ പ്ലേ ഓഫില്‍ കടന്നത്. ഐ.പി.എല്ലില്‍ 168 മത്സരത്തില്‍ നിന്നും 4419 റണ്‍സാണ് സഞ്ജു നേടിയത്.

 

Content Highlight: Sanju Samson Talking About Rahul Dravid And His First Trails In Rajasthan Royals