ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയും-ഇന്ത്യ ഡിയും തമ്മിലുള്ള മത്സരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അനന്തപൂരില്‍ നടക്കുന്ന മത്സരം നിലവില്‍ ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 86 റണ്‍സിന് നാല് വിക്കറ്റുകള്‍ എന്ന നിലയിലാണ്. 67 പന്തില്‍ 40 റണ്‍സുമായി ദേവ്ദത്ത് പടിക്കലും 38 പന്തില്‍ 22 റണ്‍സുമായി റിക്കി ഭൂയിയുമാണ് ക്രീസില്‍.
ഇന്ത്യ ഡിക്കായി മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ നിരാശാജനകമായ പ്രകടനമാണ് സഞ്ജു നടത്തിയത്. ആറ് പന്തില്‍ അഞ്ച് റണ്‍സ് നേടിയാണ് മലയാളി താരം പുറത്തായത്. ഒരു ഫോർ മാത്രമാണ് സഞ്ജു നേടിയത്.
ആഖിബ് ഖാന്റെ പന്തില്‍ പ്രസിദ് കൃഷ്ണക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. ലഭിച്ച അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കാന്‍ ഒരിക്കല്‍ കൂടി സഞ്ജുവിന് സാധിക്കാതെ പോവുകയായിരുന്നു.
അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള ടി-20 പരമ്പരയിലും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയ മലയാളി താരം പൂജ്യം റണ്‍സിന് പുറത്താവുകയായിരുന്നു.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 290 റണ്‍സിന് പുറത്താവുകയായിരുന്നു. 187 പന്തില്‍ 89 റണ്‍സ് നേടിയ ഷംസ് മുലാനിയാണ് ഇന്ത്യ എയിലെ ടോപ് സ്‌കോറര്‍. ആറ് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. 80 പന്തില്‍ 53 റണ്‍സ് നേടി തനുഷ് കൊട്ടിയാനും 29 പന്തില്‍ 39 റണ്‍സ് നേടി റിയാന്‍ പാരാഗും നിര്‍ണായകമായ പ്രകടനങ്ങള്‍ നടത്തി.
ഇന്ത്യ ഡിക്ക് വേണ്ടി ഹര്‍ഷിദ് റാണ നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. വിധ്വത് കവരപ്പ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും സരന്‍ഷ് ജെയിന്‍, സൗരഭ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Sanju Samson Poor Performance in Duleep Trophy