2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ടാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്.
ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
നായകന്‍ സഞ്ജു സാംസണിന്റെയും ധ്രുവ് ജുറലിന്റെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ കരുത്തിലാണ് രാജസ്ഥാന്‍ ജയിച്ചു കയറിയത്. 33 പന്തില്‍ പുറത്താവാതെ 71 റണ്‍സാണ് സഞ്ജു നേടിയത്. ഏഴു ഫോറുകളും നാല് സിക്സുകളും ആണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഈ സീസണിലെ സഞ്ജുവിന്റെ നാലാം അര്‍ധസെഞ്ച്വറി ആയിരുന്നു ഇത്. നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും 385 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 77 എന്ന ആവറേജിലും 161.09 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യമായാണ് സഞ്ജു സാംസണ്‍ ഒരു സീസണില്‍ നാല് തവണ 50+ റണ്‍സ് നേടുന്നത്. 2017, 2018, 2020, 2021, 2023 എന്നെ സീസണുകളില്‍ മൂന്ന് തവണയാണ് സഞ്ജു 50+ റണ്‍സ് നേടിയത്. മലയാളി താരത്തിന്റെ ഈ മിന്നും പ്രകടനം വരും മത്സരങ്ങളിലും ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
When the going gets tough, the tough get going. 💪 pic.twitter.com/NLALtWHGYV
— Rajasthan Royals (@rajasthanroyals) April 27, 2024
സഞ്ജുവിന് പുറമേ 34 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടിയ ധ്രുവ് ജുറലും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അഞ്ച് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരം നേടിയത്.
നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും ഒരു തോല്‍വിയും എട്ട് വിജയവും അടക്കം 16 പോയിന്റുമായി പട്ടികയില്‍ ബഹുദൂരം മുന്നിലാണ് രാജസ്ഥാന്‍.
മെയ് രണ്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് സഞ്ജുവിന്റെയും കൂട്ടരുടെയും അടുത്ത മത്സരം. ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയമാണ് വേദി.
Content Highlight: Sanju Samson is the first in IPL history to score 50+ runs four times in a season