മുംബൈ: മഹാരാഷ്ട്രയില്‍ നടന്ന ഭരണ അട്ടിമറിക്ക് പിന്നാലെ തനിക്കും വിമതരോടൊപ്പം ചേരാന്‍ ക്ഷണം ലഭിച്ചിരുന്നതായി സഞ്ജയ് റാവത്ത്. വിമതരോടൊപ്പം ഗുവാഹത്തിയില്‍ പോകാന്‍ ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ ക്ഷണം നിരസിച്ചുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. താന്‍ ബാല്‍താക്കറെയുടെ ആശങ്ങളെ പിന്തുണക്കുന്നതിനാലാണ് തനിക്ക് വിമതരോടൊപ്പം ചേരാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഏറെ ആത്മവിശ്വസത്തോടെ തന്നെയാണ് ഇ.ഡിയ്ക്കു മുമ്പിലെത്തിയത്. കാരണം എനിക്കറിയാമായിരുന്നു ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്. 10 മണിക്കൂര്‍ നേരത്തേക്കാണ് എന്നെ ഇ.ഡി ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ എനിക്ക് വേണമെങ്കില്‍ ഗുവാഹത്തിയിലേക്ക് പോകാമായിരുന്നു. പക്ഷേ ഞാന്‍ പോയില്ല. കാരണം ഞാന്‍ ബാല്‍ താക്കറെയുടെ സൈനികനാണ്. സത്യം നമ്മുടെ ഭാഗത്താണെങ്കില്‍ ഭയപ്പെടേണ്ടതില്ലല്ലോ,’ സഞ്ജയ് റാവത്ത് പറഞ്ഞു.
ഏക് നാഥ് ഷിന്‍ഡെ ശിവസേനയുടെ മുഖ്യന്ത്രിയല്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. ഇത് ബി.ജെ.പിയുടെ അജണ്ടയാണ്. അതുകൊണ്ടാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയതും പിന്നീട് ബി.ജെ.പി തന്നെ തിരിച്ചെടുത്തതുമെന്നും അദ്ദേഹം പറഞ്ഞു.
‘ ഏക് നാഥ് ഷിന്‍ഡെ ശിവസേനയുടെ മുഖ്യമന്ത്രിയല്ല എന്ന കാര്യം ഉദ്ധവ് താക്കറെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് ബി.ജെ.പിയുടെ തന്ത്രമാണ്. ഇത്തരത്തില്‍ ശിവസേനയുടെ പിന്‍ബലം കുറയ്ക്കുകയാണ് ഇവരുടെ ലക്ഷ്യം,’ റാവത്ത് വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് റാവത്ത് ഇ.ഡിയ്ക്ക് മുന്‍പില്‍ ഹാജരായത്. പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു. കേന്ദ്ര ഏജന്‍സിക്ക് സമന്‍സ് ലഭിച്ചാല്‍ വീണ്ടും ഹാജരാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുംബൈയിലെ ‘ചൗല്‍’ പുനര്‍വികസനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ കേസിലാണ് റാവത്തിനെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കൊടുവില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഏക് നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റത്.