ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏഴ് വിക്കറ്റെടുത്തവനേക്കാള്‍ വില മറ്റൊരാള്‍ക്ക്; ഐ.പി.എല്ലില്‍ മെഗാ ലേലം അമ്പരപ്പിക്കുമെന്ന് സഞ്ജയ് മഞ്ജരേക്കര്‍
Sports News
ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏഴ് വിക്കറ്റെടുത്തവനേക്കാള്‍ വില മറ്റൊരാള്‍ക്ക്; ഐ.പി.എല്ലില്‍ മെഗാ ലേലം അമ്പരപ്പിക്കുമെന്ന് സഞ്ജയ് മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th November 2024, 3:43 pm

2025 ഐ.പി.എല്ലിനോടനുബന്ധിച്ച മെഗാ താരലേലം നവംബര്‍ 22ന് നടക്കാനിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ മെഗാ ഇവന്റിന് വേണ്ടി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. താരലേലത്തിന് മുന്നോടിയായി സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയേക്കാള്‍ വിലമതിക്കുന്ന താരമാകാന്‍ അര്‍ഷ്ദീപ് സിങ്ങിന് സാധിക്കുമെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്. അര്‍ഷ്ദീപിനെ പഞ്ചാബ് തന്നെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നും അഞ്ച് വര്‍ഷം മുമ്പള്ള ബൗളറല്ല ഇപ്പോള്‍ അവനെന്നും മുന്‍ താരം പറഞ്ഞു. മാത്രമല്ല മെഗാലേലത്തില്‍ വമ്പന്‍ തെരഞ്ഞടുപ്പുകള്‍ ഉണ്ടാകുമെന്നും മുന്‍ താരം സൂചിപ്പിച്ചു.

‘പഞ്ചാബ് കിങ്‌സ് കുറച്ച് സ്വാതന്ത്ര്യം ആഗ്രഹിച്ചു, അര്‍ഷ്ദീപ് സിങ് തെറ്റൊന്നും ചെയ്തില്ല. പുതിയ പന്തിലും ഡെത്ത് ഓവറുകളിലും അദ്ദേഹത്തിന് ഇപ്പോഴും കളിയെ സ്വാധീനിക്കാന്‍ കഴിയും. അഞ്ച് വര്‍ഷം മുമ്പ് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും അതേ ബൗളറല്ല ഇപ്പോള്‍ അവന്‍, പക്ഷേ പഞ്ചാബിന് അവനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു,

എന്നാല്‍ ഷമി ഒരു വലിയ കളിക്കാരനും മികച്ച ബൗളറുമാണ്, പക്ഷേ പരിക്കുകള്‍ കാരണം അദ്ദേഹത്തിന്റെ വില അല്‍പ്പം കുറയും. അദ്ദേഹം വളരെക്കാലം കളിക്കളത്തില്‍ നിന്ന് പുറത്തായിരുന്നു, ഷമിയുടെ കഴിവില്‍ ഫ്രാഞ്ചൈസികള്‍ ആശങ്കയിലാണ്,’ സഞ്ജയ് സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

2024 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടി മിന്നും പ്രകടനമാണ് അര്‍ഷ്ദീപ് കാഴ്ചവെച്ചത്. 14 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റ് നേടി പഞ്ചാബിന്റെ വിക്കറ്റ് വേട്ടക്കാരനാവാനും താരത്തിന് സാധിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ടി-20യില്‍ വമ്പന്‍ നേട്ടങ്ങളാണ് താര സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച അര്‍ഷ്ദീപിന്റെ മൂല്ല്യം മെഗാ ലേലത്തില്‍ ഉയരുമെന്നത് ഉറപ്പാണ്.

എന്നാല്‍ 2023ലെ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റ് നേടിയ ഷമി തുടര്‍ന്ന് പരിക്കിന്റെ പിടിയിലാകുകയും 2023ലെ ഐ.പി.എല്‍ നഷ്ടമാകുകയും ചെയ്തിരുന്നു. ഇതോടെ 2024 ടി-20 ലോകകപ്പും താരത്തിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

അപ്പോള്‍ തിരിച്ചുവരവിന്റെ ഭാഗമായി രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി വമ്പന്‍ പ്രകടനമാണ് ഷമി കാഴ്ചവെച്ചത്. വൈകാതെ താരത്തിന്റെ ഫോം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. നിലവില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ട തയ്യാറെടുപ്പിലാണ് താരം.

 

Content Highlight: Sanjay Manjrekar Talking About Arshdeep Singh And Mohammad Shami