ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ എപ്പോഴും കുറച്ചുകാണുന്നയളാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ സഞ്ജയ് മഞ്ചരേക്കര്‍. ഇന്ത്യന്‍ ടീമിന് ജഡേജയെ ആവശ്യമില്ലെന്നും അദ്ദേഹം വെറും ബിറ്റ്‌സ് ആന്‍ഡ് പീസ് പ്ലെയറാണെന്നാണ് മഞ്ചരേക്കര്‍ കുറച്ചു കാലം മുന്നേ പറഞ്ഞത്.
ഇതിന് ശേഷം ജഡേജ ഒരോ തവണ മികച്ച പ്രകടനം കാഴചവെച്ചപ്പോഴും മഞ്ചരേക്കറിന് ട്രോളുകള്‍ ലഭിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ജഡേജയെ ചൊറിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം.
മഞ്ചരേക്കറിന്റെ അഭിപ്രായത്തില്‍ ട്വന്റി-20 ലോകകപ്പിനുള്ള ടീമില്‍ ഇടം ലഭിക്കാന്‍ ജഡേജക്ക് ബുദ്ധിമുട്ടായിരിക്കുമെന്നാണ്. അക്‌സര്‍ പട്ടേലിനെ ആയിരിക്കും ഇന്ത്യ തെരഞ്ഞെടുക്കുക എന്നും അദ്ദേഹം പറഞ്ഞു.
‘പ്രോപ്പര്‍ ബാറ്ററായി തനിക്ക് ആറോ ഏഴോ നമ്പറാകാന്‍ കഴിയുമെന്ന് ദിനേഷ് കാര്‍ത്തിക്ക് തെളിയിച്ചു. അദ്ദേഹം സൃഷ്ടിക്കുന്ന ആഘാതം അസാധാരണമാണ്, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും ഐ.പി.എല്ലിലും ഞങ്ങള്‍ അത് കണ്ടു. അതിനാല്‍, ജഡേജയ്ക്ക് തിരിച്ചുവരുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനത്ത് വരുന്നത് അത്ര എളുപ്പമായിരിക്കില്ല. ഇന്ത്യ അക്സര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കാം,” മഞ്ചരേക്കര്‍ പറഞ്ഞു.
പരിക്ക് കാരണം ജഡേജക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള പരമ്പര നഷ്ടമായിരുന്നു. ഐ.പി.എല്ലിലും മോശം പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.
എങ്കിലും ഇര്‍ഫാന്‍ പത്താനടക്കമുള്ള മുന്‍ താരങ്ങള്‍ ജഡേജയെ തങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മഞ്ചരേക്കര്‍ പറയുന്നത് ജഡേജക്ക് ടീമില്‍ സ്ഥാനം നേടാന്‍ പാടായിരിക്കുമെന്നാണ്.
‘ടീമിലിപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും കാര്‍ത്തിക്കും ലോ ഓര്‍ഡറില്‍ ഓര്‍ഡറില്‍ നന്നായി ബാറ്റ് ചെയ്യുന്നു. റിഷബ് പന്തും അവിടെയുണ്ട്. അതുകൊണ്ട് ടീമില്‍ തിരിച്ചെത്താന്‍ അദ്ദേഹത്തിന് എളുപ്പമായിരിക്കില്ല. എന്നാല്‍ ജഡേജ ഏതുതരം കളിക്കാരനാണെന്ന് എല്ലാവര്‍ക്കുമറിയാം. സെലക്ടര്‍മാര്‍ക്ക് തലവേദനയുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിക്കും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ താരങ്ങളെല്ലാം മത്സരത്തിലാണ്. ഇനി വരുന്ന പരമ്പരകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലോകകപ്പിനുള്ള ടീമിനെ ഇറക്കുക.