ഞാനാണ് വിരാടിനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയത്; എന്നിട്ടും എനിക്ക് കളിക്കാൻ ടീമില്ല; നിരാശയോടെ താരം
IPL
ഞാനാണ് വിരാടിനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയത്; എന്നിട്ടും എനിക്ക് കളിക്കാൻ ടീമില്ല; നിരാശയോടെ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd April 2023, 10:23 am

ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളെപ്പോലെതന്നെ ആവേശകരമാണ് പ്രീമിയർ ലീഗിലെ ലേല നടപടികളും. ലക്ഷക്കണക്കിന് പ്രക്ഷകർ കാണുന്ന ലേല നടപടികൾ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വലിയ രീതിയിലുള്ള ചർച്ചകൾക്കും വഴിവെക്കാറുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023ലേ ലേല നടപടികളിൽ സാം കറൻ, കാമറൂൺ ഗ്രീൻ, നിക്കോളാസ് പൂരൻ മുതലായ താരങ്ങൾ മികച്ച നേട്ടം കരസ്ഥമാക്കിയിരുന്നു.

സാം കറൻ 18.5 കോടിയും ഗ്രീൻ 17.5 കോടിയും ബെൻ സ്റ്റോക്ക്സ് 16.25 കോടിയും നിക്കോളാസ് പൂരൻ 16 കോടിയുമാണ് ലേല നടപടികളിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്.

എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് പഞ്ചാബിന്റെ പേസറായ സന്ദീപ് ശർമക്ക് ഒരു ടീമിലും ഇടം ലഭിച്ചിരുന്നില്ല. 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിന് പഞ്ചാബിലും ഹൈദരാബാദിലും കളിച്ച് പരിചയമുണ്ടെങ്കിലും താരത്തെ ഒരു ടീമും ഈ സീസണിൽ സ്വന്തമാക്കിയിരുന്നില്ല.


ഇതിൽ നിരാശ പ്രകടിപ്പിച്ച് സന്ദീപ് ശർമ ക്രിക്കറ്റ്‌ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരുന്നു.

“ഐ.പി.എൽ ലേലം കഴിഞ്ഞപ്പോൾ എനിക്ക് നിരാശയും അത്ഭുതവും തോന്നി. എന്ത്‌ കൊണ്ടാണ് ഒരു ടീമും എന്നെ സ്വന്തമാക്കാത്തതെന്ന് എനിക്ക് മനസിലായില്ല.

ചില ടീമുകൾ എനിക്കായി ബിഡ് സമർപ്പിച്ചിരുന്നെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷെ എന്റെ ധാരണ തെറ്റായിരുന്നു. എന്ത്‌ കൊണ്ടാണ് അത് സംഭവിച്ചെതെന്നുള്ള ആലോചനയിലാണ് ഞാൻ ഇപ്പോഴും. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ എനിക്ക് സാധിച്ചിരുന്നു. എന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് ട്രാക്ക് റെക്കോർഡും ഒട്ടും മോശമല്ല,’ സന്ദീപ് ശർമ പറഞ്ഞു.

104 ഐ.പി.എൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സന്ദീപ് 7.77 റൺസ് ശരാശരിയിൽ 114 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ പവർപ്ലെ ഓവറുകളിൽ വിക്കറ്റ് നേടുന്ന കാര്യത്തിൽ ഭുവനേശ്വർ കുമാർ മാത്രമാണ് ഐ.പി.എല്ലിൽ സന്ദീപിന് മുന്നിലുള്ളത്.

കൂടാതെ വിരാടിനെ കൂടുതൽ തവണ പുറത്താക്കിയ ബൗളർമാരിൽ ഒരാൾ താനാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
ഏഴ് തവണയാണ് ഐ.പി.എല്ലിൽ സന്ദീപ് വിരാടിനെ പവിലിയനിലേക്ക് തിരിച്ചയച്ചിട്ടുള്ളത്.

അതേസമയം ഏപ്രിൽ രണ്ടിന് സൺ‌ റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും തമ്മിലും ആർ.സി.ബിയും മുംബൈ ഇന്ത്യൻസും തമ്മിലുമാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ അടുത്ത മത്സരങ്ങൾ.

Content Highlights:Sandeep Sharma is disappointing because he is not get an opportunity to play in ipl