അര്‍ഷാദിന്റെ മനസിലെ നന്മയ്ക്കും മനുഷ്യസ്‌നേഹത്തിനും ലഭിച്ച പ്രതിഫലമാണ് പാരീസ് ഒളിമ്പിക്‌സിലെ സ്വര്‍ണം
Sports News
അര്‍ഷാദിന്റെ മനസിലെ നന്മയ്ക്കും മനുഷ്യസ്‌നേഹത്തിനും ലഭിച്ച പ്രതിഫലമാണ് പാരീസ് ഒളിമ്പിക്‌സിലെ സ്വര്‍ണം
സന്ദീപ് ദാസ്
Friday, 9th August 2024, 7:32 am

നീരജ് ചോപ്രയെക്കുറിച്ച് ആലോചിക്കുമ്പോള്‍ മനസുനിറയെ അഭിമാനമുണ്ട്. അര്‍ഷാദ് നദീമിനോട് അതിയായ സ്‌നേഹവും തോന്നുന്നു. ഇതാണ് സ്‌പോര്‍ട്‌സിന്റെ മനോഹാരിത!

ഒളിമ്പിക്‌സില്‍ ഇന്ത്യ ഒരുകാലത്തും വന്‍ ശക്തിയല്ല. പക്ഷേ നീരജ് സ്വര്‍ണം നേടുമെന്ന് നമ്മള്‍ ഉറച്ചുവിശ്വസിച്ചിരുന്നു. ആ പ്രതീക്ഷയാണ് അയാളുടെ ലെഗസി!

നീരജ് സെറ്റ് ചെയ്ത് വെച്ചിട്ടുള്ള നിലവാരം അത്രയേറെ മികച്ചതാണ്. അയാള്‍ ഭാരതീയരെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചവനാണ്. പാരീസില്‍ നീരജ് സില്‍വര്‍ നേടി. ഭാവിയില്‍ അയാള്‍ സ്വര്‍ണം കരസ്ഥമാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

കഴിഞ്ഞ വര്‍ഷം അരങ്ങേറിയ വേള്‍ഡ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഒരു ദൃശ്യം ഓര്‍മ്മയില്ലേ? ജേതാവായ നീരജ് ഫോട്ടോകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ അര്‍ഷാദിനെയും ക്ഷണിച്ചു. അങ്ങനെ നീരജും അര്‍ഷാദും ഇന്ത്യയുടെ ത്രിവര്‍ണപതാകയ്‌ക്കൊപ്പം അണിനിരന്നു.

അന്ന് അര്‍ഷാദും നീരജും രാജ്യാതിര്‍ത്തികള്‍ മായ്ച്ച് കളയുകയായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ശത്രുക്കളാണെന്ന പല്ലവിയെ നിശബ്ദമായി പൊളിച്ചടക്കുകയായിരുന്നു. സ്‌നേഹത്തിന്റെ പതാക ഉയര്‍ത്തുകയായിരുന്നു.

ആ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് സ്വര്‍ണവും അര്‍ഷാദ് വെള്ളിയുമാണ് സ്വന്തമാക്കിയത്. അന്ന് അര്‍ഷാദ് പറഞ്ഞിരുന്നു,

”എനിക്ക് നീരജ് ഭായിയുടെ കാര്യത്തില്‍ സന്തോഷമുണ്ട്. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും പാകിസ്ഥാനും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഒളിമ്പിക്‌സിലും ഇത് ആവര്‍ത്തിക്കാന്‍ എനിക്കും നീരജിനും കഴിയട്ടെ…!”

 

അര്‍ഷാദിന്റെ മനസിലെ നന്മയ്ക്കും മനുഷ്യസ്‌നേഹത്തിനും ലഭിച്ച പ്രതിഫലമാണ് പാരീസ് ഒളിമ്പിക്‌സിലെ സ്വര്‍ണ്ണം.

അര്‍ഷാദ് സദാ സമയവും നീരജിനെക്കുറിച്ച് സംസാരിക്കുമെന്ന് അര്‍ഷാദിന്റെ പിതാവ് മൊഹമ്മദ് അഷ്‌റഫ് വെളിപ്പെടുത്തിയിരുന്നു. നീരജിന് പരിക്കേറ്റപ്പോള്‍ അര്‍ഷാദ് സ്‌നേഹ സന്ദേശം അയച്ചിരുന്നു. അയാളെ നാം സ്‌നേഹിക്കാതിരിക്കുന്നതെങ്ങനെ!?

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു കൊച്ചു ഗ്രാമത്തില്‍നിന്നാണ് അര്‍ഷാദിന്റെ വരവ്. ഒരു പാവം കെട്ടിടത്തൊഴിലാളിയുടെ മകനാണ് അയാള്‍.

ബാല്യത്തില്‍ അര്‍ഷാദിന് നല്ല പരിശീലകരെ ലഭിച്ചിരുന്നില്ല. നാട്ടുകാര്‍ നല്‍കിയ പണം കൊണ്ടാണ് അര്‍ഷാദ് ജാവലിന്‍ കൈയ്യിലെടുത്തത്. ഒരേ ജാവലിന്‍ ഉപയോഗിച്ച് അര്‍ഷാദ് എട്ട് വര്‍ഷങ്ങള്‍ പരിശീലിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള പുതിയൊരു ജാവലിന്‍ വാങ്ങാനുള്ള പണം പോലും അയാളുടെ കൈവശം ഉണ്ടായിരുന്നില്ല!

 

അങ്ങനെയുള്ള അര്‍ഷാദിന്റെ വിജയത്തെ നാം അഭിനന്ദിച്ചേ മതിയാകൂ. നീരജ് ഭാരതീയരെ സ്വപ്നം കാണാന്‍ പഠിപ്പിച്ചപ്പോള്‍ അര്‍ഷാദ് പാകിസ്ഥാനികള്‍ക്ക് പ്രചോദനമാവുകയാണ്!

നീരജും അര്‍ഷാദും പ്രയാണം തുടരട്ടെ. സ്‌പോര്‍ട്‌സിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും പതാക ഉയരത്തില്‍ പറക്കട്ടെ…!

 

 

Content Highlight: Sandeep Das Writes about Arshad Nadeem

 

സന്ദീപ് ദാസ്
എഴുത്തുകാരന്‍