ലോകം മാറുകയാണ്, പുരോഗമനപരമായി ചിന്തിക്കുന്നവര്‍ കൂടുന്നു; സന്തോഷം തോന്നുന്ന വിവാഹ ഫോട്ടോ
DISCOURSE
ലോകം മാറുകയാണ്, പുരോഗമനപരമായി ചിന്തിക്കുന്നവര്‍ കൂടുന്നു; സന്തോഷം തോന്നുന്ന വിവാഹ ഫോട്ടോ
സന്ദീപ് ദാസ്
Friday, 14th July 2023, 3:41 pm

ഈ വിവാഹഫോട്ടോ കണ്ടപ്പോള്‍ എനിക്ക് ഒത്തിരി സന്തോഷം തോന്നി. കാല്‍ക്കീഴിലിട്ട് ചവിട്ടിയരയ്ക്കാനുള്ള ഒരു വസ്തുവാണ് പെണ്ണ് എന്ന് വിശ്വസിക്കുന്ന ചില പുരുഷ കേസരികള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അടിയാണ് ഈ വിവാഹം.

ഫോട്ടോയില്‍ കാണുന്ന ശ്രീലക്ഷ്മി എന്ന പെണ്‍കുട്ടിയ്ക്ക് 15 ദിവസങ്ങള്‍ക്കുമുമ്പ് സ്വന്തം അച്ഛനെ നഷ്ടപ്പെട്ടിരുന്നു. അവളുടെ അച്ഛന്‍ മരിച്ചതല്ല, ക്രൂരമായി കൊലപ്പെടുത്തിയതാണ്. ശ്രീലക്ഷ്മിയുടെ വിവാഹത്തലേന്നാണ് ആ ദാരുണമായ സംഭവം അരങ്ങേറിയത്.

അയല്‍വാസിയായ ജിഷ്ണു ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ ശ്രീലക്ഷ്മിയും കുടുംബവും ജിഷ്ണുവിന്റെ ആവശ്യം അംഗീകരിച്ചില്ല. അതിന്റെ പകമൂലം ജിഷ്ണുവും കൂട്ടാളികളും ശ്രീലക്ഷ്മിയുടെ അച്ഛനെ കൊന്നുതള്ളുകയായിരുന്നു.

സ്ത്രീകള്‍ക്ക് ‘നോ’ പറയാനുള്ള അവകാശം ഇല്ലെന്നാണ് ചില പുരുഷന്‍മാരുടെ ധാരണ. സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെന്ന് പര്‍ച്ചേസ് നടത്തുന്ന ലാഘവത്തില്‍ ഒരു പെണ്‍കുട്ടിയെ ഭാര്യയായി നേടാം എന്ന് വിശ്വസിക്കുന്ന യുവാക്കളെ ഇപ്പോഴും കാണാം. വിവാഹ അഭ്യര്‍ത്ഥന നിരസിക്കുന്ന സ്ത്രീകള്‍ക്കെതിരെ എന്തെല്ലാമാണ് നാട്ടില്‍ നടക്കാറുള്ളത്?

ബ്ലാക് മെയ്‌ലിംഗ്. മുഖത്ത് ആസിഡ് ഒഴിക്കല്‍.
പെട്രോള്‍ ഒഴിച്ച് കത്തിക്കല്‍. അങ്ങനെ എന്തെല്ലാം കുറ്റകൃത്യങ്ങള്‍…! അതിന്റെ മറ്റൊരു പതിപ്പാണ് ശ്രീലക്ഷ്മിയുടെ കാര്യത്തില്‍ കണ്ടത്.

സ്വന്തം ജീവിതപങ്കാളിയെ നിശ്ചയിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്. ഭര്‍ത്താവുമായി ഒരുതരത്തിലും ഒത്തുപോകാനാവുന്നില്ല എന്ന് മനസിലായാല്‍ വിവാഹബന്ധം വേര്‍പെടുത്താനുള്ള അധികാരവും സ്ത്രീകള്‍ക്കുണ്ട്. നമ്മുടെ ആണ്‍മക്കളെ ഇതെല്ലാം പറഞ്ഞ് പഠിപ്പിക്കുകയാണ് വേണ്ടത്.

ശ്രീലക്ഷ്മിയുടെ അച്ഛനെ ഇല്ലായ്മ ചെയ്തപ്പോള്‍ താന്‍ ജയിച്ചു എന്ന് ജിഷ്ണു കരുതിക്കാണും. സത്യത്തില്‍ ആ നരാധമന്‍ നാണംകെട്ട പരാജയമാണ് ഏറ്റുവാങ്ങിയത്. തന്റെ നല്ലകാലം മുഴുവനും ജിഷ്ണുവിന് ജയിലില്‍ ചെലവഴിക്കാം. ശ്രീലക്ഷ്മി അപ്പോള്‍ ഭര്‍ത്താവിനൊപ്പം സസുഖം ജീവിക്കുകയായിരിക്കും.
‘നോ’ പറയുന്ന പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ലക്ഷ്യമിടുന്ന ജിഷ്ണുമാര്‍ ഒരു കാര്യം ഓര്‍ത്തുകൊള്ളുക. എന്തെല്ലാം കുടില തന്ത്രങ്ങള്‍ പയറ്റിയാലും ആ കളിയില്‍ നിങ്ങള്‍ക്കായിരിക്കും പരാജയം.

ചില യാഥാസ്ഥിതികര്‍ ശ്രീലക്ഷ്മിയുടെ വിവാഹത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. അച്ഛന്‍ മരിച്ചിട്ട് രണ്ടാഴ്ച്ച കഴിഞ്ഞപ്പോഴേയ്ക്കും വിവാഹം കഴിച്ചത് ശരിയല്ല എന്നാണ് അവരുടെ വാദം. അത്തരക്കാര്‍ അവഗണനയും പുച്ഛവും മാത്രമേ അര്‍ഹിക്കുന്നുള്ളൂ.
ശ്രീലക്ഷ്മിയുടെ വരന്റെ വീട്ടുകാര്‍ മുന്‍കൈ എടുത്താണ് ഈ വിവാഹം ഇപ്പോള്‍ തന്നെ നടത്തിയത്. അച്ഛന്‍ മരിച്ച പെണ്‍കുട്ടിയുടെ ദുഖത്തിന് മാര്‍ക്കിടാന്‍ നടക്കുന്ന കേശവന്‍ മാമന്‍മാര്‍ക്ക് അവര്‍ പുല്ലുവിലയാണ് കല്‍പ്പിച്ചത് എന്ന് സാരം.
ലോകം മാറുകയാണ്. പുരോഗമനപരമായി ചിന്തിക്കുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്. അവശേഷിക്കുന്ന ജിഷ്ണുമാര്‍ക്കും കേശവന്‍ മാമന്‍മാര്‍ക്കും വംശനാശം സംഭവിച്ചാല്‍ ഈ ഭൂമി ഏറ്റവും സുന്ദരമാകും.

Content Highlight:  Sandeep Das’s write up about Sree Lakshmi’s marriage was postponed after her father was killed on the eve of the wedding in Thiruvananthapuram

സന്ദീപ് ദാസ്
എഴുത്തുകാരന്‍