വന്യമായ ആഫ്രിക്കന്‍ ശൈലിയില്ല, അറബികളുടെ അലസതയില്ല, യൂറോപ്യന്‍ ഫുട്‌ബോളിന്റെ നായിപ്പാച്ചിലോ ഫലംതരാത്ത ടിക്കിടാക്കകളോ ലവലേശമില്ല. ഓരംചേര്‍ക്കപ്പെട്ടവരുടെ ഒരുമയില്‍ നെയ്‌തെടുത്ത വേറിട്ട മൊറോക്കന്‍ തനതുശൈലിയാണ് ഇന്നലെയും കളം നിറഞ്ഞത്.
ബ്രസീല്‍ പുറത്തായതിന്റെ വേദനസംഹാരിപോലെ ഇന്നലെ ഖത്തറില്‍ കണ്ടത് മൊറോക്കോ മിറാക്കിള്‍. ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഡിഫന്‍സ് തങ്ങളുടേതാണെന്ന് പി.എസ്.ജി താരം അഷ്‌റഫ് ഹകീമിയും സംഘവും ഒരിക്കല്‍കൂടി തെളിയിച്ചു.
ഖത്തറില്‍ കളിച്ച അഞ്ചിലും എതിരാളികളെ ഒറ്റ ഗോളുപോലും സ്‌കോര്‍ ചെയ്യാന്‍ യാമിക്കും, ആത്തിയ അള്ളയും, ദാരിയും, സായിസ്സുമടങ്ങിയ പ്രതിരോധനിര അനുവദിച്ചിട്ടില്ല. രണ്ടുഗോളിനു ജയിച്ച കാനഡക്കെതിരായ മത്സരത്തില്‍ വഴങ്ങിയ സെല്‍ഫ്‌ഗോള്‍ മാത്രമാണ് ബോണോയുടെ വലയിലേക്കുരുണ്ടുകയറിയ ഏക പന്ത്.
ശക്തരായ ക്രൊയേഷ്യയോട് ആദ്യ മത്സരത്തില്‍ ഗോള്‍രഹിത സമനില, രണ്ടാം കളിയില്‍ ബെല്‍ജിയത്തിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളിന്റെ ജയം. പ്രീകോര്‍ട്ടറില്‍ ശക്തരായ സ്‌പെയ്
നിനെതിരെ ഗോള്‍രഹിത സമനില, തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ടൌട്ടില്‍ ബോണോയുടെ മാസ്മരിക പ്രകടനത്തിലൂടെ ജയം.
ബദ്ധപ്പാടുകളില്ലാതെ എത്ര ആത്മവിശ്വാസത്തോടു കൂടിയാണ് മൊറോക്കോ പ്രതിരോധക്കാര്‍ പന്ത് നീക്കുന്നത്. മധ്യനിരയുമായി അത്രമേല്‍ ഇണക്കമുള്ള പാസുകള്‍. ഫിനിഷിങ്ങില്‍ മാത്രമാണ് മൊറോക്കോയുടെ പോരായ്മകള്‍ എടുത്തു പറയാനുള്ളൂ.
വന്യമായ ആഫ്രിക്കന്‍ ശൈലിയില്ല, അറബികളുടെ അലസതയില്ല, യൂറോപ്യന്‍ ഫുട്‌ബോളിന്റെ നായിപ്പാച്ചിലോ ഫലംതരാത്ത ടിക്കിടാക്കകളോ ലവലേശമില്ല. ഓരംചേര്‍ക്കപ്പെട്ടവരുടെ ഒരുമയില്‍ നെയ്‌തെടുത്ത വേറിട്ട മൊറോക്കന്‍ തനതുശൈലിയാണ് ഇന്നലെയും കളം നിറഞ്ഞത്. ‘അയാള്‍ അങ്ങോട്ടു പന്തുമായി നീങ്ങുമെന്നോ ആര്‍ക്കു കൊടുക്കുമെന്നോ പ്രതീക്ഷിക്കാനിവില്ല’ ഗോളടിച്ച സെവിയ്യ താരം അന്നസ്രിയെക്കുറിച്ച് കമന്റേറ്റര്‍ പറയുന്നുണ്ടായിരുന്നു.
ആഫ്രിക്കന്‍ ഫുട്‌ബോളിന് വ്യത്യസ്തമായ ശൈലി സമ്മാനിച്ചുകൊണ്ടാണ് മൊറോക്കന്‍ ഫുട്‌ബോള്‍ ചരിത്ര സെമിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇവിടെ നൃത്തച്ചുവടുകളില്ല, കണ്ണീര്‍ക്കഥകളില്ല. കാല്‍പൊരുത്തമുള്ള പതിനൊന്നുപേര്‍ ഒരൊറ്റമനസ്സായി നടന്നു പന്തുതട്ടുന്നു ആവശ്യമുള്ളപ്പോള്‍ മാത്രം ശരവേഗത്തിലവര്‍ കുതിക്കുന്നു.
എതിരാളികളില്‍ നിന്നും അപകടം മണക്കുമ്പോള്‍ പന്ത് റാഞ്ചുന്നു, ഇതെല്ലാം ഭേദിച്ചു വരുന്നതിനെ തട്ടിയകറ്റാന്‍ ബാറിനു കീഴില്‍ വിശ്വസ്തനായ ബോണോയും. സെമിയില്‍ ജയിച്ചാല്‍ ഉറപ്പിക്കാം ഈ ആഫ്രിക്കന്‍ കുട്ടികള്‍ക്കുള്ളതാണ് അത്തറിന്റെ മണമുള്ള ഖത്തര്‍ ലോകകപ്പ്.
Content Highlight: Sameer Kavad writes about the specialties of Moroccan football style and it’t tremendous performance in Qatar World Cup 2022