Entertainment
ഭരതന്‍ ടച്ചുള്ള അവാര്‍ഡ് പടമെന്ന് പറഞ്ഞാണ് എന്നെ വിളിച്ചത്, ഒടുക്കം അതൊരു സെക്‌സ് പടമായി: സലിംകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 18, 10:58 am
Saturday, 18th January 2025, 4:28 pm

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് സലിം കുമാര്‍. മിമിക്രിയിലൂടെ സിനിമയിലെത്തിയ സലിംകുമാര്‍ കരിയറിന്റെ തുടക്കത്തില്‍ കൂടുതലും ചെയ്തത് കോമഡി റോളുകളായിരുന്നു. എന്നാല്‍ 2005ല്‍ റിലീസായ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി എല്ലാവരെയും ഞെട്ടിച്ചു. പിന്നീട് 2010ല്‍ ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സലിം കുമാര്‍ സ്വന്തമാക്കി.

കരിയറിന്റെ തുടക്കത്തില്‍ സലിം കുമാര്‍ ചെയ്ത ചിത്രങ്ങളിലൊന്നാണ് കിന്നാരത്തുമ്പികള്‍. കേരളത്തില്‍ വന്‍ ഹിറ്റായി മാറിയ ചിത്രം ഇന്നും ചര്‍ച്ചാവിഷയമാണ്. ചിത്രത്തില്‍ താന്‍ പെട്ടുപോയതാണെന്ന് സലിം കുമാര്‍ പറഞ്ഞു. ഭരതന്‍ സാറൊക്കെ ചെയ്യുന്നതുപോലുള്ള അവാര്‍ഡ് ടൈപ്പ് സിനിമയാണെന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്നും അങ്ങനെയാണ് ആ സിനിമ ചെയ്തതെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഷൂട്ടൊക്കെ കഴിഞ്ഞ് ഡബ്ബിങ്ങിന് പോയപ്പോള്‍ സംവിധായകന്‍ വിഷമിച്ച് ഇരിക്കുകയായിരുന്നെന്നും എന്താണ് കാര്യമെന്ന് താന്‍ ചോദിച്ചെന്നും സലിംകുമാര്‍ പറഞ്ഞു. അവാര്‍ഡ് പടമായതുകൊണ്ട് ആരും വിതരണത്തിനെടുക്കില്ലെന്ന് പറഞ്ഞെന്നും വിറ്റുപോകാനായി കുറച്ച് സെക്‌സ് സീന്‍ ചേര്‍ക്കേണ്ടി വരുമെന്ന് പറഞ്ഞെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് ചീത്തപ്പേര് ഉണ്ടാക്കുന്ന തരത്തില്‍ ഒന്നും ചെയ്യരുതെന്ന് ആവശ്യപ്പെട്ടെന്നും അവര്‍ അത് സമ്മതിച്ചെന്നും സലിംകുമാര്‍ പറഞ്ഞു. കിന്നാരത്തുമ്പികള്‍ എന്ന സിനിമ തമിഴ്‌നാട്ടിലൊക്കെ വലിയ ഹിറ്റായെന്നും തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിന് പോയപ്പോള്‍ തന്നെ ആളുകള്‍ തിരിച്ചറിഞ്ഞെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു സലിം കുമാര്‍.

‘കിന്നാരത്തുമ്പികള്‍ എന്ന പടത്തില്‍ ഞാന്‍ പെട്ടുപോയതാണ്. ഒരു അവാര്‍ഡ് പടം പോലെ ഒരെണ്ണം എടുക്കുകയാണ്. ഭരതന്‍ സാറൊക്കെ ചെയ്യുന്നതുപോലെ ഒന്നാണെന്നൊക്കെ കേട്ടപ്പോഴാണ് ഞാന്‍ ആ പടം ചെയ്തത്. ഷൂട്ടൊക്കെ കഴിഞ്ഞ് ഡബ്ബിങ്ങിന് പോയപ്പോള്‍ അതിന്റെ സംവിധായകന്‍ മൂഡോഫായി ഇരിക്കുന്നത് കണ്ടു.

എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ‘അവാര്‍ഡ് പടമായതുകൊണ്ട് ആരും വിതരണത്തിനെടുക്കുന്നില്ല’ എന്ന് പറഞ്ഞു. വിറ്റുപോകണമെങ്കില്‍ കുറച്ച് സെക്‌സ് സീന്‍ ചേര്‍ക്കേണ്ടി വരുമെന്നും അയാള്‍ പറഞ്ഞു. എന്ത് വേണമെങ്കിലും ചെയ്‌തോ, എന്റെ പേര് ചീത്തയാക്കരുതെന്ന് അവരോട് ആവശ്യപ്പെട്ടു. അത് അവര്‍ സമ്മതിച്ചു. പടം റിലീസായപ്പോള്‍ വലിയ ഹിറ്റായി. തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിനായി പൊള്ളാച്ചിയില്‍ ചെന്നപ്പോള്‍ ആ ഒരു പടത്തിന്റെ പേരില്‍ എന്നെ ആളുകള്‍ തിരിച്ചറിഞ്ഞു,’ സലിം കുമാര്‍ പറഞ്ഞു.

Content Highlight: Salim Kumar about why he acted in Kinnarathumbikal movie