ഒരു പ്രത്യേക ഴോണറാണ് ആ സിനിമ; ആളുകള്‍ക്ക് അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല: സൈജു കുറുപ്പ്
Film News
ഒരു പ്രത്യേക ഴോണറാണ് ആ സിനിമ; ആളുകള്‍ക്ക് അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th December 2023, 8:11 am

ഒരാള്‍ക്കോ സിനിമക്കോ വിജയം ലഭിക്കുന്നതില്‍ ഒരു പരിധി വരെ അതില്‍ സമയത്തിന് പങ്കുണ്ടെന്ന് നടന്‍ സൈജു കുറുപ്പ്. അതിന് ഉദാഹരണമാണ് ആട് സിനിമയുടെ ആദ്യഭാഗമെന്നും സൈജു പറയുന്നു.

ആട് തിയേറ്ററില്‍ വലിയ ഹിറ്റാകുമെന്നാണ് താന്‍ കരുതിയതെന്നും, എന്തുകൊണ്ട് ആ സിനിമ ഫ്‌ളോപ്പായെന്ന് തനിക്ക് വിലയിരുത്താന്‍ പറ്റിയിട്ടില്ലെന്നും സൈജു കൂട്ടിചേര്‍ത്തു.

ഒരു പ്രത്യേക ടൈപ്പ് ഓഫ് ഴോണറാണ് ആ സിനിമയെന്നും ആ ഴോണര്‍ ആളുകള്‍ ആദ്യമായി കാണുന്നത് കൊണ്ട് സ്വീകരിക്കാനുള്ള പ്രശ്‌നമായിരുന്നുവെന്നും സൈജു കുറുപ്പ് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഒരാള്‍ക്കോ ഒരു സിനിമക്കോ വിജയം ലഭിക്കണമെങ്കില്‍ അതിന് ഒരു സമയമുണ്ട്. സമയത്തിനും ഒരു പരിധി വരെ അതില്‍ ഒരു റോളുണ്ട്. ഉദാഹരണം ആട് സിനിമയുടെ ആദ്യഭാഗം തന്നെ എടുക്കാം.

ആട് തിയേറ്ററില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകുമെന്നാണ് ഞാന്‍ കരുതിയത്. എന്തുകൊണ്ട് ആ സിനിമ ഫ്‌ളോപ്പായെന്ന് എനിക്ക് ഇവാലുവേറ്റ് ചെയ്യാന്‍ പറ്റിയിട്ടില്ല.

കാരണം തിയേറ്ററില്‍ ആടിന് ആദ്യ ദിവസമൊക്കെ വലിയ ചിരിയും കയ്യടിയും ആയിരുന്നു. പക്ഷേ പുറത്ത് റിസള്‍ട്ട് വന്നത് അങ്ങനെയല്ല.

ആദ്യ ദിവസം മുതല്‍ ഏഴാം ദിവസം വരെ നോക്കുകയാണെങ്കില്‍, ഈ ഏഴാം ദിവസം കളക്ഷന്‍ വളരെ ഡൗണായി. അപ്പോള്‍ പിന്നെ എന്താകും സംഭവിച്ചത്. ഇവാലുവേറ്റ് ചെയ്യാന്‍ ശ്രമിച്ചാലും അത് അറിയില്ല.

പിന്നെ നമുക്ക് പറയാന്‍ പറ്റുന്നത്, ഒരു പ്രത്യേക ടൈപ്പ് ഓഫ് ഴോണറാണ് ആ സിനിമയെന്നുള്ളതാണ്. ആ ഴോണര്‍ ആളുകള്‍ ആദ്യമായി കാണുന്നത് കൊണ്ട് അത് സ്വീകരിക്കാനുള്ള പ്രശ്‌നമായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം.

അതാണോ സംഭവിച്ചതെന്ന് നമുക്കറിയില്ല. പക്ഷേ ആ സിനിമ വീട്ടില്‍ ഇരുന്ന് ടെലിവിഷനിലോ മൊബൈലിലോ കണ്ടപ്പോള്‍ ആളുകള്‍ക്ക് ഇഷ്ടമായി.

അതോടെ നമ്മള്‍ ആ സിനിമയുടെ അടുത്ത ഭാഗം ഇറക്കി. ബോക്‌സ് ഓഫീസില്‍ അത് വലിയ ഹിറ്റായി. ഒരു സിനിമ ഓടാതെയാകുമ്പോള്‍ അതിനെ എങ്ങനെ ഇവാലുവേറ്റ് ചെയ്യണമെന്ന് അറിയില്ല,’ സൈജു കുറുപ്പ് പറഞ്ഞു.

അതേസമയം, സൈജു കുറുപ്പിന്റേതായി തിയേറ്ററിലെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘എ രഞ്ജിത്ത് സിനിമ’. ഡിസംബര്‍ 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നിശാന്ത് സട്ടു സംവിധാനം ചെയ്ത ഈ സിനിമയില്‍ സൈജു കുറുപ്പിനൊപ്പം ആസിഫ് അലി, ഹന്ന റെജി കോശി, നമിത പ്രമോദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആന്‍സണ്‍ പോള്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍ എന്നിവരും സിനിമയുടെ ഭാഗമാകുന്നു.


Content Highlight: Saiju Kurupp Talks About Aadu Movie