'ഇതിഹാസങ്ങളും കലിപ്പ് മോഡില്‍'; തങ്ങളുടെ വാക്ക് കണക്കിലെടുക്കാത്ത നായകനുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് സച്ചിനും ഗാംഗുലിയും ലക്ഷ്മണും
Daily News
'ഇതിഹാസങ്ങളും കലിപ്പ് മോഡില്‍'; തങ്ങളുടെ വാക്ക് കണക്കിലെടുക്കാത്ത നായകനുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് സച്ചിനും ഗാംഗുലിയും ലക്ഷ്മണും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd June 2017, 2:02 pm

മുംബൈ: ഇന്ത്യന്‍ ടീമിന്റെ നായകനും പരിശീലകനും തമ്മിലുള്ള പോര് കുംബ്ലെയുടെ രാജി കൊണ്ടും തീരുന്നില്ല. പ്രശ്‌നം ദിനംപ്രതി കൂടുതല്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. വിരാടും കുംബ്ലെയും തമ്മിലുള്ള സംഘര്‍ഷം ഉപദേശക സമിതിയേയും ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുംബ്ലെയുടെ രാജിയ്ക്ക് പിന്നാലെ അടുത്ത കോച്ചിനെ നിര്‍ദ്ദേശിക്കാനുള്ള അവകാശം സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന ഉപദേശ സമിതിയ്ക്കാണ്. കോച്ചിനെ നിയമിക്കാനുള്ള അധികാരമില്ലെങ്കില്‍ കൂടി ഇവരുടെ നിര്‍ദ്ദേശത്തിന് അര്‍ഹമായ പരിഗണന ബി.സി.സി.ഐ നല്‍കുന്നുണ്ട്.


Also Read: നോമ്പ് തുടങ്ങിയാല്‍ മലപ്പുറത്ത് ഒരു ഹിന്ദുവിനും പച്ചവെള്ളം കുടിക്കാന്‍ പറ്റില്ല; തീവ്ര വര്‍ഗീയ പരാമര്‍ശവുമായി വീണ്ടും ഗോപാലകൃഷ്ണന്‍


എന്നാല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ കോച്ചിനെ നിര്‍ദ്ദേശിക്കുന്നതിന് മുമ്പായി നായകനുമായി കൂടിക്കാഴ്ച്ച നടത്താനോ ചര്‍ച്ച ചെയ്യാനോ തങ്ങള്‍ തയ്യാറല്ലെന്ന് മൂവരും വ്യക്തമാക്കിയിരിക്കുകയാണ്.

ടീം ഡയറക്ടര്‍ രവി ശാസ്ത്രിയില്‍ നിന്നുമായിരുന്നു കുംബ്ലെ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. സ്പിന്‍ ഇതിഹാസത്തിന്റെ കീഴില്‍ ഇന്ത്യ ഒരു ബൈ ലാറ്ററല്‍ സീരിസില്‍ മാത്രമേ പരാജയപ്പെട്ടിരുന്നുള്ളൂ. മുന്നോട്ടു തന്നെയായിരുന്നു ഇന്ത്യയുടെ കുതിപ്പ്. എന്നാല്‍ നായകന്‍ വിരാടുമായുള്ള അഭിപ്രായവ്യത്യാസം കുംബ്ലയെ രാജിയ്ക്ക് നിര്‍ബന്ധിതനാക്കുകയായിരുന്നു.

രാജിയ്ക്ക് മുന്നോടിയായി പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനായി മൂവര്‍ സംഘം ഇരുവരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കുംബ്ലെയുടെ പരിശീലനമുറയോട് അതൃപ്തിയുണ്ടെന്ന് കോഹ്‌ലി തുറന്നു പറയുകയും തനിക്ക് അദ്ദേഹവുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ രമ്യതയില്‍ എത്തിലെന്നുറപ്പായി. “ഹെഡ്ഡ്മാസ്റ്റര്‍” മനോഭാവത്തോടെയാണ് കുംബ്ലെ പെരുമാറുന്നത് എന്നായിരുന്നു കോഹ്‌ലി മൂവര്‍ സംഘത്തെ അറിയിച്ചത്.

ടോം മൂഡിയേയും രവി ശാസ്ത്രിയേയും തള്ളിയായിരുന്നു കുംബ്ലെയെ പരിശീലക സ്ഥാനത്തേക്ക് മൂവര്‍ സംഘം നിര്‍ദ്ദേശിച്ചത്. എന്നാല്‍ തങ്ങളുടെ നിര്‍ദ്ദേശം പരിഗണിക്കുന്നില്ലെങ്കില്‍ ഇനി നായകനുമായി ചര്‍ച്ച ചെയ്യണ്ട എന്നാണ് സച്ചിന്റേയു ദാദയുടേയും ലക്ഷ്മണിന്റേയും തീരുമാനം.


Don”t Miss: യുവമോര്‍ച്ച നേതാവിന്റെ കൊടുങ്ങല്ലൂരിലെ വീട്ടില്‍ റെയ്ഡ്: കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രവും കണ്ടെത്തി


അടുത്ത തവണ കോച്ചിനെ തെരഞ്ഞെടുക്കുമ്പോള്‍ നായകനുമായി ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് മൂവരും അറിയിച്ചതായി ബി.സി.സി.ഐ അംഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോഹ്‌ലി-കുംബ്ലെ പോരില്‍ ഇതിഹാസതാരങ്ങളും അഭിപ്രായം വ്യക്തമാക്കി രംഗത്ത് വന്നതോടെ നായകന്റെ നില പരുങ്ങലിലാണ്. നേരത്തെ കായിക രംഗത്തു നിന്നും നിരവധി പേര്‍ കോഹ്‌ലിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സുനില്‍ ഗവാസ്‌കര്‍, അഭിനവ് ബിന്ദ്ര, ജ്വാല ഗുട്ട തുടങ്ങിയവര്‍ നായകനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയവരാണ്.