Advertisement
Kerala News
ഞാന്‍ കഴിക്കാത്ത കാര്യങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ കഴിക്കണമെന്ന് പറഞ്ഞാല്‍ തയ്യാറാവില്ല; ശബരിമല തീര്‍ത്ഥജല വിവാദത്തില്‍ കെ. രാധാകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 17, 04:44 pm
Wednesday, 17th November 2021, 10:14 pm

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് നിന്നും തീര്‍ത്ഥം വാങ്ങി കുടിച്ചില്ലെന്ന വിവാദത്തില്‍ മറുപടിയുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ജീവിതത്തില്‍ ചിലത് കുടിക്കാറില്ലെന്നും തുടര്‍ന്നങ്ങോട്ടും കുടിക്കില്ലെന്നും മന്ത്രി പറഞ്ഞു.

‘ദൈവത്തിന്റെ പേരില്‍ പണം കക്കുന്നവര്‍ പേടിച്ചാല്‍ മതി. അമ്മയോട് ബഹുമാനമുണ്ട്, എന്നുവെച്ച് എന്നും തൊഴാറുണ്ടോ,’ മന്ത്രി ചോദിച്ചു.

ചെറുപ്പം തൊട്ട് താന്‍ ശീലിച്ച ഒരുപാട് കാര്യങ്ങളുണ്ടെന്നും വിശ്വാസത്തിന്റെ പേരില്‍ അതൊന്നും മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ചെറുപ്പം തൊട്ട് ശീലിച്ച ഒരുപാട് ശീലങ്ങളുണ്ട്. ഞാനീ വെള്ളമൊന്നും കുടിക്കാറില്ല (തീര്‍ത്ഥജലം). ഞാനെന്റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാത്തതുണ്ട്, ഞാനൊരുപാട് കാര്യങ്ങള്‍ കഴിക്കാത്തതുണ്ട്. അതിപ്പോ വിശ്വാസത്തിന്റെ പേരില്‍ കഴിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ തയ്യാറാവില്ല അതാണ് അതിന്റെ വിഷയം,’ മന്ത്രി പറഞ്ഞു.

എനിക്കെന്റെ വിശ്വാസമുണ്ട്, അതനുസരിച്ച് നിങ്ങളുടെ വിശ്വാസം മോശമാണെന്ന് താന്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

വൃശ്ചികം ഒന്നിന് ശബരിമല നടതുറക്കുന്ന സമയത്തായിരുന്നു സന്നിധാനത്ത് നിന്നും തീര്‍ത്ഥം വാങ്ങി മന്ത്രി സേവിക്കാതെ കളഞ്ഞത്. ഇതിനെതിരെ പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി നാരായണ വര്‍മ രംഗത്തെത്തിയിരുന്നു.

ശബരിമല സന്നിധാനത്ത് നിന്നും തീര്‍ഥം വാങ്ങി സേവിക്കാതെ കൈകഴുകിയ മന്ത്രി രാധാകൃഷ്ണന്റെത് ശരിയായ നടപടിയല്ലെന്ന് നാരായണ വര്‍മ പറഞ്ഞു.

‘അഭിഷേകം കഴിഞ്ഞ ജലമാണ് തീര്‍ത്ഥം. അത് സേവിക്കാനാണ് വാങ്ങുന്നത്. തീര്‍ഥം സേവിക്കില്ലെങ്കില്‍ അത് വാങ്ങേണ്ട ആവശ്യം തന്നെയില്ല. വിശ്വാസം ഇല്ലാത്തവര്‍ വങ്ങേണ്ട കാര്യമില്ല. അത്രയേയുള്ളൂ. കൈകാണിച്ചാലേ തീര്‍ത്ഥ നല്‍കുകയുള്ളൂ,’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

വിഷയത്തില്‍ മുതലെടുപ്പുമായി ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.

ശബരിമല തന്ത്രിയില്‍ നിന്ന് തീര്‍ത്ഥം വാങ്ങി കൈകഴുകാന്‍ ഉപയോഗിച്ച ദേവസ്വം മന്ത്രി വിശ്വാസികളെ അവഹേളിക്കുകയാണ് ചെയ്തതൊന്നാണ് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sabarimala customs row K Radhakrishnan