Cricket
ഏഴ് വര്‍ഷത്തിന് ശേഷം കേരള ടീമില്‍ എസ് ശ്രീശാന്ത്; ക്യാപ്റ്റനായി സഞ്ജു സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
2020 Dec 30, 11:21 am
Wednesday, 30th December 2020, 4:51 pm

തിരുവനന്തപുരം: ഏഴുവര്‍ഷത്തിന് ശേഷം കേരള ടീമില്‍ ഇടം നേടി എസ് ശ്രീശാന്ത്. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിന് വേണ്ടിയുള്ള ടീമിലാണ് ശ്രീശാന്ത് സ്ഥാനം ഉറപ്പിച്ചത്.

സഞ്ജു സാംസണ്‍ ആണ് ടീം ക്യാപ്റ്റന്‍. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. 20 അംഗ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. റോബിന്‍ ഉത്തപ്പ, ജലജ് സക്സേന എന്നിവര്‍ അതിഥി താരങ്ങളായും ടീമിലുണ്ട്.

ജനുവരി 11ന് പുതുച്ചേരിക്ക് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 13ന് മുംബൈയ്ക്കും 15ന് ഡല്‍ഹിക്കുമെതിരെയും മത്സരം നടക്കും. ആന്ധ്രയ്ക്കെതിരെ ജനുവരി 17ന് ആന്ധ്ര, ജനുവരി 19 ന് ഹരിയാന ടീമുകള്‍ക്കെതിരെയും മത്സരം നടക്കും.

2013ലെ ഐ.പി.എല്ലിലെ ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ഏഴു വര്‍ഷത്തെ വിലക്കിലായിരുന്നു ശ്രീശാന്ത്. സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ട്വന്റി 20 ലീഗിലൂടെ ഈ മാസം ശ്രീശാന്ത് തിരിച്ചെത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

37കാരനായ ശ്രീശാന്ത് 27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 2007ല്‍ ട്വന്റി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമുകളില്‍ ശ്രീശാന്ത് അംഗമായിരുന്നു. ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍) സച്ചിന്‍ ബേബി (വൈ. ക്യാപ്റ്റന്‍), ജലജ് സക്സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, നിതീഷ് എം ഡി, ആസിഫ് കെ എം, അക്ഷയ് ചന്ദ്രന്‍, മിഥുന്‍ പി കെ, അഭിഷേക് മോഹന്‍, വിനൂപ് എസ് മനോഹരന്‍, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, മിഥുന്‍ എസ്, വട്‌സല്‍ ഗോവിന്ദ്, റോജിത്, ശ്രീരൂപ് എംപി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: S Sreesanth joins Kerala team after seven years; Sanju Samson as captain