തിരുവനന്തപുരം: പ്രമുഖ സംസ്‌കൃത പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ ഡോ. ടി.എസ്. ശ്യാം കുമാറിനെതിരെ വീണ്ടും ഹിന്ദുത്വ ഭീഷണി. ശ്യാം കുമാറിനെതിരായ ഹിന്ദുത്വരുടെ ഭീഷണിയില്‍ ഭരണ-രാഷ്ട്രീയ നേതൃത്വം അടിയന്തിരമായി ഇടപെടണമെന്ന് കേരളത്തിലെ ഏതാനും സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ സാംസ്‌കാരിക ലോകത്ത് അറിവിന്റെയും പാണ്ഡിത്യത്തിന്റെയും വ്യക്തിമുദ്ര പതിപ്പിച്ച ചിന്തകനാണ് ടി.എസ്. ശ്യാം കുമാറെന്നും അതിന്റെ പേരില്‍ അദ്ദേഹത്തെ സംഘപരിവാര്‍ ശക്തികള്‍ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുകയാണെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
കെ.ഇ.എന്‍, കെ. അജിത, സണ്ണി എം. കപിക്കാട്, ഏലിയാമ്മ വിജയന്‍, ഡോ. ടി.ടി. ശ്രീകുമാര്‍, പ്രൊഫ. പി.കെ. പോക്കര്‍, ആര്‍. രാജഗോപാല്‍, മേഴ്‌സി അലക്‌സാണ്ടര്‍, ഡോ. എസ്.പി. ഉദയകുമാര്‍, കാസിം ഇരിക്കൂര്‍, ഡോ. രേഖരാജ്, അശോകന്‍ ചരുവില്‍, വിധു വിന്‍സെന്റ്, ഡോ. സി.എസ്. ചന്ദ്രിക, ശീതള്‍ ശ്യാം, സുജ സൂസന്‍ ജോര്‍ജ്ജ്, ഡോ അജയ് എസ്. ശേഖര്‍, എം. ഗീതാനന്ദന്‍, ഡോ. സോണിയ ജോര്‍ജ്ജ്, ജി.പി. രാമചന്ദ്രന്‍, ഡോ. വിനീത വിജയന്‍, ജോളി ചിറയത്ത്, ഡോ. സാംകുട്ടി പട്ടംകരി, വി.കെ. ജോസഫ്, ഡോ. മാളവിക ബിന്നി, സുദേഷ് എം, രഘു, ശ്രീജ നെയ്യാറ്റിന്‍കര, ശ്യാമ എസ്, പ്രഭ, ദിനു വെയില്‍, വി.എസ്. സനോജ്, ഡോ അമല്‍ സി. രാജന്‍, ഇര്‍ഷാദ് അലി, ഐ. ഗോപിനാഥ്, ഡോ. എ.കെ. വാസു, അഡ്വ പി.എം. ആതിര, എച്മു കുട്ടി, ഒ.പി. രവീന്ദ്രന്‍, തനൂജ ഭട്ടതിരി, കെ.ജി. ജഗദീശന്‍, തുളസീധരന്‍ പള്ളിക്കല്‍, ലാലി പി.എം, ആദി, റെനി ഐലിന്‍, അഡ്വ കുക്കു ദേവകി, പ്രൊഫ കുസുമം ജോസഫ്, ഡോ. സോയ ജോസഫ്, അപര്‍ണ സെന്‍, ഗോമതി ഇടുക്കി, ഗോപാല്‍ മേനോന്‍, അഡ്വ. ജെ. സന്ധ്യ, മിനി ഐ.ജി, മുരളി തോന്നയ്ക്കല്‍, സുജ ഭാരതി എന്നിവര്‍ ഒപ്പുവെച്ച പ്രസ്താവനയിലാണ് ശ്യാം കുമാറിനെതിരായ ഹിന്ദുത്വ ഭീഷണിയെ കുറിച്ച് ചൂണ്ടിക്കാട്ടുന്നത്.
സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി, ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് തമിഴ്‌നാട്ടില്‍ നടന്ന സമ്മേളനത്തിലും ഏപ്രില്‍ 20ന് പാലക്കാട്ടെ ഒറ്റപ്പാലത്ത് നടന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സമ്മേളനത്തിലും ശ്യാം കുമാര്‍ ഭീഷണി നേരിട്ടതായി സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി.
ഒറ്റപ്പാലത്ത് പൊലീസ് സംരക്ഷണയിലാണ് ശ്യാം കുമാര്‍ പരിപാടിയില്‍ പങ്കെടുത്തത്. സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ പൊലീസ് സംരക്ഷണം വേണ്ടി വരുന്ന നിലയിലേക്ക് കേരളം മാറുന്നതില്‍ ആശങ്കയുണ്ടെന്നും പ്രസ്താവന പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് എഴുത്തുകാരെയും പത്രപ്രവര്‍ത്തകരെയും വെടിവെച്ച് കൊല്ലുകയും കൊന്നവരെ ഫാഷിസ്റ്റ് സര്‍ക്കാര്‍ പിന്തുണച്ചതും നമുക്ക് മുന്നിലുള്ള യാഥാര്‍ഥ്യമാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ശ്യാം കുമാറിന് നേരെ നടക്കുന്ന നിരന്തര ആക്രമണങ്ങളും ഭീഷണികളും ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
ശ്യാം കുമാര്‍ പ്രസംഗിക്കുന്ന ഇടങ്ങളില്‍ ഹിന്ദുത്വ-ഫാസിസ്റ്റ് ഗുണ്ടകള്‍ കൊലവിളിയുമായി ചെല്ലുന്നത് അനുവദിച്ച് കൊടുക്കാന്‍ കഴിയില്ല. എഴുത്തുകാരനും നിരവധി പുസ്തകങ്ങളുടെ കര്‍ത്താവുമായ ഡോ. ടി.എസ്. ശ്യാം കുമാറിന്റെ ജീവന്‍ സംരക്ഷിക്കാന്‍ കേരളത്തിലെ സാംസ്‌കാരിക-രാഷ്ട്രീയ സമൂഹം മുന്നോട്ടു വരേണ്ടതും അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതുമാണെന്നും സംയുക്ത പ്രസ്താവന ആഹ്വാനം ചെയ്യുന്നു.
ശ്യാം കുമാറിന് സംരക്ഷണമേകാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥിരം അംഗരക്ഷകരെ നിയോഗിക്കണമെന്നും അദ്ദേഹത്തിന് നേരെ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ വകുപ്പുകള്‍ ചാര്‍ത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Content Highlight: ‘Continuous threats against T.S. Shyam Kumar are a planned conspiracy’; Joint statement by social and media activists demanding action