സിനിമകളിലും വെബ് സീരിസുകളിലുമായി വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിക്കഴിഞ്ഞു അജു വര്‍ഗീസ്.
കോമഡി കഥാപാത്രങ്ങളിലൂടെ കരിയര്‍ ആരംഭിച്ച അജു ഇന്ന് ചെയ്യുന്ന കഥാപാത്രങ്ങളില്‍ മിക്കതും സീരിയസാണ്. മലയാളത്തില്‍ ചെയ്ത പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ വെബ് സീരിസുകളില്‍ വളരെ ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
പേരില്ലൂര്‍ പ്രീമിയര്‍ ലീഗിലെ സൈക്കോ ബാലന്‍ എന്ന കഥാപാത്രത്തിനായി താന്‍ എടുത്ത റഫറന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. അര്‍ജുന്‍ അശോകനെ കോപ്പിയടിച്ചാണ് ആ കഥാപാത്രം ചെയ്തതെന്നാണ് അജു പറയുന്നത്.
രോമാഞ്ചം എന്ന ചിത്രത്തില്‍ അര്‍ജുന്‍ കൊടുത്ത ആ ചിരിയും ചില പരിപാടികളുമൊക്കെ താന്‍ റഫറന്‍സ് ആക്കിയിരുന്നെന്നും അജു പറയുന്നു.
‘ പേരില്ലൂരിലേത് മികച്ച ഒരു കഥാപാത്രമായിരുന്നു. അര്‍ജുന്‍ അശോകനെയാണ് ഞാന്‍ കോപ്പിയടിച്ചത്. കോപ്പിയല്ല, റഫറന്‍സാക്കിയത്. രോമാഞ്ചത്തില്‍ അര്‍ജുന്‍ കൊടുക്കുന്ന ചിരിയൊക്കെ നോക്കിയിരുന്നു,’ അജു വര്‍ഗീസ് പറഞ്ഞു.
ഇനി ആരുടെ കൂടെ അഭിനയിക്കണമെന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന് വിജയ് സാറിനെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും ഞാന്‍ ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോഴേക്ക് അദ്ദേഹം അഭിനയം നിര്‍ത്തിയെന്നുമായിരുന്നു തമാശ രൂപേണ അജു പറഞ്ഞത്.
‘ആഗ്രഹം പണ്ടേയുണ്ട്. ഈ അടുത്താണ് ഞാന്‍ തമിഴിലൊക്കെ ചാന്‍സ് ചോദിച്ചു തുടങ്ങിയത്. അപ്പോഴേക്കും അദ്ദേഹം അഭിനയം നിര്‍ത്തി,’ അജു പറഞ്ഞു.
സീരിയസ് വേഷങ്ങള്‍ മാത്രം തിരഞ്ഞെടുക്കുകയാണോ എന്ന ചോദ്യത്തിന് അങ്ങനെ ഇല്ലെന്നും കോമഡി വേഷങ്ങളും വരുന്നുണ്ടെന്നുമായിരുന്നു അജു പറഞ്ഞത്.
കോമഡി വേഷങ്ങള്‍ വരുന്നുണ്ട്. നിഖിലയുടെ കൂടെ ഒരു പരിപാടി ചെയ്യുന്നുണ്ട്. പിന്നെ നയന്‍താര മാമിന്റെ കൂടെ ചെറിയ ഒരു സീന്‍ അഭിനയിച്ചിട്ടുണ്ട്. അത് ആരുടെ പടമാണെന്ന് ഞാന്‍ പറയുന്നില്ല. രസമുള്ള സിനിമയാകട്ടെ.
പിന്നെ എനിക്കും ഒരു സമയത്ത് ഫണിന്റെ മീറ്റര്‍ മാറിപ്പോയല്ലോ. നമ്മളും കണ്‍ഫ്യൂസ്ഡ് ആണ്. ഏതാണ് പ്രേക്ഷകന് ഇഷ്ടം. ചില പരസ്യമൊക്കെ ഞാന്‍ ചെയ്തു നോക്കും. ടെസ്റ്റടിക്കാം എന്ന രീതിയില്‍.
പിന്നെ പ്രേകഷകരുടെ ക്രിട്ടിസിസം ഞാന്‍ നന്നായി മാത്രമേ എടുക്കാറുള്ളൂ. മോശം എന്ന് അവര്‍ വെറുതെ പറയില്ല. നല്ലത് കണ്ടാല്‍ അവര്‍ നല്ലത് പറയുന്നില്ലേ.
എനിക്ക് പേഴ്‌സണലി അവര്‍ നല്ലത് പറഞ്ഞതാണ് മോശം പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഉള്ളത്. ആ കടപ്പാട് അവരോട് ഉണ്ട്. മാത്രമല്ല നമുക്ക് ഒരു കൊതിയും വരും. അവരെ കൊണ്ട് നല്ലത് പറയിപ്പിക്കണം എന്ന്,’ അജു പറയുന്നു.
Content Highlight: My reference for that character was Arjun Ashokan from Romancham says Aju Varghese