തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ചേറ്റൂര്‍ ശങ്കരന്‍നായരുടെ സ്മരണ ഏറ്റെടുക്കാന്‍ ബി.ജെ.പി. വ്യാഴാഴ്ച ചേറ്റൂരിന്റെ സ്മൃതി മണ്ഡപത്തില്‍ ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് പുഷ്പാര്‍ച്ച നടത്തും. ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ നീക്കം.
ചേറ്റൂരിന്റെ ചരമവാര്‍ഷികം മുന്നില്‍ക്കണ്ടാണ് ബി.ജെ.പിയുടെ തീരുമാനം. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായ ഏക മലയാളിയാണ് ചേറ്റൂര്‍ ശങ്കരന്‍നായര്‍.
എന്നാല്‍ ചേറ്റൂരിനെ കോണ്‍ഗ്രസ് മറന്നുവെന്നാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ആരോപിക്കുന്നത്. ചേറ്റൂര്‍ ശങ്കരന്‍ നായരെ കോണ്‍ഗ്രസ് മറന്നെന്നും അദ്ദേഹത്തിന്റെ പുതിയ സ്മൃതി മന്ദിരം നിര്‍മിക്കാന്‍ ബി.ജെ.പി മുന്‍കൈ എടുക്കുമെന്നും സി. കൃഷ്ണകുമാര്‍ പറഞ്ഞു.
സുരേഷ് ഗോപി
കഴിഞ്ഞദിവസം ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ബന്ധുക്കളെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനം. ചേറ്റൂരിന്റെ പുതിയ സ്മൃതി മന്ദിരം നിര്‍മിക്കുമെന്ന് സുരേഷ് ഗോപിയും പറഞ്ഞിരുന്നു.
ഏപ്രില്‍ 14ന് ചേറ്റൂരിനെ കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ 106-ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി ചേറ്റൂരിനെ അനുസ്മരിക്കുകയായിരുന്നു.
നരേന്ദ്ര മോദി
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ ഉത്തരവാദിയെന്ന് ആരോപിച്ച് തനിക്കെതിരെ കേസെടുത്ത രാജസ്ഥാനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ ഐതിഹാസികമായ കോടതിമുറി പോരാട്ടം നടത്തിയ ദേശീയവാദിയും നിയമജ്ഞനുമാണ് ചേറ്റൂരെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
സംഭവം നടന്ന പഞ്ചാബിലാനാണെങ്കിലും പോരാട്ടം നടത്തിയ വ്യക്തി കേരളത്തില്‍ നിന്നുള്ള ആളായിരുന്നുവെന്നും മോദി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സുരേഷ് ഗോപി ചേറ്റൂരിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചത്. മഹാത്മാഗാന്ധി, അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവരെ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ചേറ്റൂരിന് വേണ്ടിയുള്ള സംഘപരിവാറിന്റെ നീക്കങ്ങള്‍.
എന്നാല്‍ ചേറ്റൂരിനെ വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇടക്കാലങ്ങളില്‍ ചേറ്റൂരിനെ കോണ്‍ഗ്രസ് മറന്നുവെന്ന രീതിയില്‍ ആരോപണങ്ങളുണ്ടായിരുന്നു.
എന്നാല്‍ ഇത്തവണ ചേറ്റൂര്‍ അനുസ്മരണം സംഘടിപ്പിക്കാന്‍ കെ.പി.സി.സി നേതൃത്വം തീരുമാനിച്ചിരുന്നു. സാധാരണ പാലക്കാട് മാത്രമാണ് ചരമവാര്‍ഷികം സംഘടിപ്പിക്കാറുള്ളത്.
ഇതിനിടെ ചേറ്റൂരിനെ ആസ്പദമാക്കി ഒരുക്കിയ കേസരി 2 എന്ന ചിത്രം റിലീസ് ചെയ്യുകയുണ്ടായി. ഇതിലെ ഉള്ളടക്കങ്ങള്‍ പലതും രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന ആരോപണങ്ങളുമുണ്ട്.
ചേറ്റൂരിന്റെ കൊച്ചുമകനായ രഘു പാലട്ടും പങ്കാളി പുഷ്പ പാലട്ടും ചേര്‍ന്ന് 2019ല്‍ എഴുതിയ ‘ദി കേസ് ദാറ്റ് ഷുക്ക് ദി എംപയര്‍: വണ്‍ മാന്‍സ് ഫൈറ്റ് ഫോര്‍ ദി ട്രൂത്ത് എബൗട്ട് ദി ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല’ എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് കേസരി 2.
Content Highlight: BJP to capture Chettur sankaran nair; Congress also says it will not give it up