തൃശൂര്‍: മാധ്യമങ്ങള്‍ക്കും വീഡിയോഗ്രഫിക്കും ഉള്‍പ്പെടെ ഹൈക്കോടതി വിലക്ക് നിലനില്‍ക്കുന്ന ഗുരുവായൂര്‍ ക്ഷേത്രനടയില്‍ റീല്‍സ് ചിത്രീകരിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയരുകയായിരുന്നു.
നേരത്തെ ഇതേ സ്ഥലത്ത് റീല്‍സ് ചിത്രീകരിച്ച ജസ്‌ന സലീമിനെതിരെ പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖര്‍ വിലക്കുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചത്.
അതേസമയം വീഡിയോ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അന്വേഷിക്കട്ടെയെന്നുമാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ പ്രതികരണം. രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ വീഡിയോ ചിത്രീകരിച്ച ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് മാധ്യമങ്ങള്‍ക്കും റീല്‍സ് ചിത്രീകരണത്തിനും ഹൈക്കോടതി വിലക്കുണ്ട്. കഴിഞ്ഞ വിഷുദിനത്തിലുള്‍പ്പെടെ മാധ്യമങ്ങള്‍ സ്ഥലത്ത് പ്രദേശിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ദേവസ്വം ബോര്‍ഡോ സെക്യൂരിറ്റി ഗാര്‍ഡുകളോ രാജീവ് ചന്ദ്രശേഖറിന് തടസം നില്‍ക്കുകയോ വീഡിയോ ചിത്രീകരിക്കുന്നതിന് എതിര്‍പ്പ് പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് ഏപ്രില്‍ 12ാം തീയതിയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ വീഡിയോ ചിത്രീകരിച്ചതിന് ജസ്‌ന സലീമിനെതിരെ കേസെടുത്തത്. ഇതിന് സമാനമായി ക്ഷേത്രപരിസരത്ത് ആരെയും വീഡിയോ ചിത്രീകരിക്കാന്‍ ദേവസ്വം സമ്മതിച്ചിരുന്നില്ല. ദേവസ്വം തന്നെ വീഡിയോ ചിത്രീകരിക്കുന്നവര്‍ക്കെതിരെ പരാതിയും നല്‍കിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെ ഗുരുവായൂരിലെ കിഴക്കേ നടയില്‍ കൃഷ്ണ വിഗ്രഹത്തിന് മാല ചാര്‍ത്തുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ജസ്‌ന സലീമിനെതിരെ കേസെടുത്തത്. നേരത്തെ ജസ്ന സലീം ഗുരുവായൂര്‍ ക്ഷേത്രത്തിനിടത്തുനിന്ന് കേക്ക് മുറിക്കുകയും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. പിന്നാലെ ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങളില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഈ വിഷയങ്ങള്‍ക്ക് ശേഷം, ക്ഷേത്രങ്ങളില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കുള്ള ഇടമല്ലെന്നും ഭക്തര്‍ക്കുള്ള സ്ഥലമാണെന്നും ഇത്തരത്തില്‍ വീഡിയോകളും മറ്റും ചിത്രീകരിച്ച് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അതിനിടയിലാണ് കഴിഞ്ഞ മാസം കിഴക്കേ നടയില്‍ ജസ്ന സലീം ദീപസ്തംഭത്തിനടുത്തുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തുകയും വീഡിയോ എടുക്കുകയും ചെയ്തത്. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡാണ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെയാണ് ജസ്ന സലീമിനെതിരെ കലാപ ശ്രമത്തിന് കേസെടുത്തത്.
ചിത്രങ്ങളും വീഡിയോയും എടുക്കാനുള്ള അനുവാദം ഉണ്ടായിരുന്നു. എന്നാല്‍ ചിലര്‍ അത് ദുരുപയോഗം ചെയ്തതോടെയാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Content Highlight: Rajeev Chandrasekhar defies High Court order by filming in Guruvayur temple premises