Entertainment
ആ കാരണം കൊണ്ട് സംവിധായകനും എഴുത്തുകാരനും തമ്മില്‍ വലിയ വ്യത്യാസമില്ല: എസ്.എന്‍ സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 23, 02:09 am
Saturday, 23rd November 2024, 7:39 am

മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. 40 വര്‍ഷമായി മലയാളസിനിമയുടെ ഭാഗമായി നില്‍ക്കുന്ന എസ്.എന്‍. സ്വാമി 40ലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.

സംവിധാനവും തിരക്കഥയെഴുത്തും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് പറയുകയാണ് എസ്.എന്‍. സ്വാമി. ഒരു നല്ല എഴുത്തുകാരന് അയാള്‍ പേപ്പറില്‍ എഴുതുന്നത് മനസില്‍ വിഷ്വലൈസ് ചെയ്യാതെ എഴുതാന്‍ കഴിയില്ലെന്ന് എസ്.എന്‍.സ്വാമി പറയുന്നു.

ഒരു സീന്‍ എങ്ങനെ വേണം എന്ന് ആദ്യം സംവിധാനം ചെയ്യുന്നത് എഴുത്തുകാരനാണെന്നും എന്നാല്‍ ഓരോ ടെക്നീഷ്യനും അത് വിഷ്വലൈസ് ചെയ്യുന്ന ജോമെട്രി വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ ലൂക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എസ്.എന്‍.സ്വാമി.

‘സംവിധാനവും തിരക്കഥ എഴുത്തും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് പറയുന്നത് വെറുതെയാണ്. രണ്ടും ഒന്നാണ്. ഒരു നല്ല എഴുത്തുകാരന് അയാള്‍ എഴുതുന്നത് മനസില്‍ വിഷ്വലൈസ് ചെയ്യാതെ എഴുതാന്‍ പറ്റില്ല. ഒരു ഫ്രെയിം പോലും എഴുതാന്‍ പറ്റില്ല. നമ്മുടെ മനസിലുള്ളതായിരിക്കും നമുക്ക് പേപ്പറിലേക്ക് എഴുതാന്‍ കഴിയുന്നത്.

അപ്പോള്‍ ഒരു സീന്‍ എങ്ങനെ വേണം എന്നൊക്കെ ആദ്യം സംവിധാനം ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ എഴുത്തുകാരനല്ലേ? ഓരോ ടെക്നീഷ്യനും അത് വിഷ്വലൈസ് ചെയ്യുന്ന ജോമെട്രി വ്യത്യസ്തമായിരിക്കും. പക്ഷെ വിഷ്വലൈസേഷനെല്ലാം ഏകദേശം ഒരുപോലെയായിരിക്കും,’ എസ്.എന്‍. സ്വാമി പറയുന്നു.

അതേസമയം എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു സീക്രട്ട്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രത്തില്‍ അപര്‍ണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്ര മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരും അഭിനയിച്ചിരുന്നു.

Content Highlight: S.N Swamy Says There Is No Much Difference Between Director And Script Writer