ബലാത്സംഗശ്രമത്തില്‍ നിന്നും രക്ഷപ്പെടാനായി ഹോട്ടലിന്റെ ആറാം നിലയില്‍ നിന്നും ചാടിയ മോഡലിന്റെ നട്ടെല്ല് ഒടിഞ്ഞു; അക്രമിയുടെ പരാതിയില്‍ മോഡലിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Crime
ബലാത്സംഗശ്രമത്തില്‍ നിന്നും രക്ഷപ്പെടാനായി ഹോട്ടലിന്റെ ആറാം നിലയില്‍ നിന്നും ചാടിയ മോഡലിന്റെ നട്ടെല്ല് ഒടിഞ്ഞു; അക്രമിയുടെ പരാതിയില്‍ മോഡലിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th March 2018, 7:38 pm

ദുബായ്: ബലാത്സംഗശ്രമത്തില്‍ നിന്നും വധശ്രമത്തില്‍ നിന്നും രക്ഷപ്പെടാനായി ഹോട്ടല്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും താഴേക്കു ചാടിയ 22-കാരിയായ മോഡലിന്റെ നട്ടെല്ല് ഒടിഞ്ഞു. എക്‌തെറിന സ്‌റ്റെറ്റ്‌സ്യൂക് എന്ന റഷ്യന്‍ മോഡലാണ് അമേരിക്കക്കാരനായ ബിസിനസുകാരനില്‍ നിന്നും രക്ഷപ്പെടാനായി കെട്ടിടത്തിനു മുകളില്‍ നിന്നും ചാടിയത്.

കിഴക്കന്‍ സൈബീരിയയിലെ ഇര്‍കുട്‌സ്‌ക് സ്വദേശിയായ എക്‌തെറിനയെ അമേരിക്കക്കാരന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ കഴുത്തില്‍ കത്തി വെച്ച് വധഭീഷണി മുഴക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇയാളില്‍ നിന്നും രക്ഷപ്പെടാനായി താന്‍ താഴേക്കു ചാടിയത് എന്നും അവര്‍ സുഹൃത്തുക്കളോടും ബന്ധുക്കോളോടും പറഞ്ഞു.

എക്‌തെറിന സ്‌റ്റെറ്റ്‌സ്യൂക് ആശുപത്രിയില്‍

അതേസമയം കുറ്റാരോപിതനായ അമേരിക്കക്കാരന്‍ എക്‌തെറിനയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് ആശുപത്രിയില്‍ കിടക്കുന്ന അവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്‌തെറിന തന്നെ ആക്രമിക്കുകയായിരുന്നുവെന്നും ദുബായില്‍ ഇവര്‍ വേശ്യാവൃത്തി നടത്തുകയായിരുന്നുവെന്നും ഇയാള്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

റഷ്യന്‍ മോഡലിന്റെ അമ്മ ഈ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ആറുനിലക്കെട്ടിടത്തില്‍ നിന്ന് താഴേക്കു ചാടി ജീവന്‍ രക്ഷിക്കാനാണ് തന്റെ മകള്‍ ശ്രമിച്ചതെന്ന് അവര്‍ പറഞ്ഞു.


Also Read: വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിച്ച ജെ.എന്‍.യു അദ്ധ്യാപകന്‍ അറസ്റ്റില്‍ 


“മാര്‍ച്ച് മൂന്നിനാണ് സംഭവം ഉണ്ടായത്. ഇന്നലെ പൊലീസ് മകളെ വിളിക്കുകയും ജയിലിലേക്ക് കൊണ്ടുപോകുമെന്ന് അറിയിക്കുകയും ചെയ്തു. അവള്‍ക്ക് ഗുരുതരമായ പരുക്കാണുള്ളത്. നടക്കാന്‍ പോലും കഴിയില്ല.” -എക്‌തെറിനയുടെ മാതാവ് പറയുന്നു.

ഇത്തരമൊരു ആക്രമണത്തില്‍ നിന്നും തുടര്‍ന്നുള്ള വീഴ്ചയില്‍ നിന്നും എക്‌തെറിന രക്ഷപ്പെട്ടു എന്നത് അത്ഭുതമാണെന്ന് അവരുടെ സുഹൃത്തുക്കള്‍ പറയുന്നു. കുറ്റാരോപിതനായ ബിസിനസുകാരനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷത്തോളം ജയില്‍ ശിക്ഷയാണ് ഇയാള്‍ക്കു ലഭിക്കുക.

വീഡിയോ: