തമിഴിലെ മികച്ച നടന്മാരാണ് സൂര്യയും ചിയാന്‍ വിക്രമും. കരിയറിന്റെ തുടക്കത്തില്‍ സഹനടനായി മാത്രം തിളങ്ങിയ വിക്രമിനും അഭിനയത്തിന്റെ പേരില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന സൂര്യക്കും ബ്രേക്ക് നല്‍കിയത് സംവിധായകന്‍ ബാലയായിരുന്നു. സേതുവിലൂടെ വിക്രമിന് കരിയറിലെ ആദ്യ സൂപ്പര്‍ഹിറ്റ് നല്‍കിയപ്പോള്‍ നന്ദയിലൂടെ സൂര്യയിലെ നടനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ബാല തുറന്നുകാട്ടി. പിന്നീട് ഇരുവരും ബാലയുടെ പിതാമകനില്‍ ഒന്നിച്ചഭിനയിച്ചിരുന്നു.
ചിത്രത്തിലെ പ്രകടനത്തിന് വിക്രമിന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സൂര്യയും സ്വന്തമാക്കി. പിന്നീട് ഇരുവരും തമിഴിലെ മുന്‍നിര നടന്മാരായി മാറുകയും ചെയ്തു. 21 വര്‍ഷത്തിന് ശേഷം സൂര്യയും വിക്രമും വീണ്ടും ഒന്നിക്കുന്നുവെന്ന റൂമറുകളാണ് തമിഴ് സിനിമാലോകത്തെ ചര്‍ച്ച.
തമിഴിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായ വേല്‍പ്പാരി സിനിമയാകുമ്പോള്‍ ഇരുവരും ഒന്നിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ റൈറ്റ്‌സ് തമിഴിലെ മാസ്റ്റര്‍ സംവിധായകനായ ഷങ്കര്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് തിരക്കഥയുടെ ഡ്രാഫ്റ്റ് താന്‍ പൂര്‍ത്തിയാക്കിയെന്നും മൂന്ന് ഭാഗങ്ങളുള്ള ചിത്രമായാണ് പ്ലാന്‍ ചെയ്യുന്നതെന്നും ഷങ്കര്‍ പറഞ്ഞിരുന്നു.
സു. വെങ്കടേശന്‍ എഴുതി 2018ല്‍ പുറത്തിറങ്ങിയ നോവലാണ് വേല്‍പ്പാരി. ചോളകാലത്തെ യോദ്ധാവായ വീരയുഗ നായകന്‍ വേല്‍പ്പാരിയുടെ കഥയാണ് നോവല്‍ പറയുന്നത്.
പല ഴോണറുകളിലുള്ള സിനിമകള്‍ ചെയ്ത് അത്ഭുതപ്പെടുത്തിയിട്ടുള്ള സംവിധായകനാണ് ഷങ്കര്‍. എന്നിരുന്നാലും ഇതുവരെ പീരിയോഡിക് ഴോണറില്‍ ഷങ്കര്‍ കൈവെച്ചിട്ടില്ല. കാണുന്ന പ്രേക്ഷകനെ മറ്റൊരു ലോകത്തെത്തിക്കാന്‍ കഴിയുന്ന ഷങ്കര്‍ പീരിയോഡിക് ഴോണര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. അതേസമയം ഷങ്കര്‍ ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 2 വലിയ രീതിയില്‍ വിമര്‍ശനം നേരിട്ടിരുന്നു. റാം ചരണ്‍ നായകനാകുന്ന ഗെയിം ചേഞ്ചറാണ് ഷങ്കറിന്റെ അടുത്ത ചിത്രം.